ബ്രസല്‍സ് : ഉക്രൈയ്നിലെ റഷ്യന്‍ യുദ്ധം യൂറോപ്പിന്റെയും റഷ്യയുടെയും സാമ്പത്തിക പ്രവര്‍ത്തനങ്ങളെ എങ്ങനെയൊക്കെയാവും ബാധിക്കുകയെന്ന് സാമ്പത്തിക വിദഗ്ധര്‍ നിരീക്ഷിച്ചുവരികയാണ്. പാശ്ചാത്യ ഉപരോധത്തിനിടയിലും റഷ്യ പിടിച്ചുനില്‍ക്കുന്നുണ്ടെങ്കിലും യുദ്ധാനന്തരം അതിന്റെ ഭവിഷത്തുകള്‍ അനുഭവിക്കേണ്ടി വരുമെന്ന് ഒരു വിഭാഗം സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നു. അതേസമയം റഷ്യയ്ക്കെതിരായ ഉപരോധത്തിലൂടെ യൂറോപ്പ് ഗുരുതരമായ സാമ്പത്തിക പ്രശ്നങ്ങളെ നേരിടുകയാണെന്നതാണ് വര്‍ത്തമാനകാല സാക്ഷ്യം.
യൂറോ മേഖലയാകെ പ്രതിസന്ധിയിലേയ്ക്ക് നീങ്ങുകയാണ്. ഡോളറിനെതിരായ യൂറോയുടെ മൂല്യം 20 വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞതിനെ അതിന്റെ തെളിവായി വിലയിരുത്തുന്നവരുണ്ട്.
യൂറോപ്പിലുടനീളം യുദ്ധത്തിന്റെ ദുരിതം കണ്ടു തുടങ്ങിയിട്ടുണ്ട്. ഇറ്റലിയിലെ ഫുഡ് ബാങ്കുകളില്‍ നിന്നും ഭക്ഷണം വാങ്ങിക്കഴിക്കുന്നവരുടെ എണ്ണം ഏറിയിട്ടുണ്ട്. ഗ്യാസിന് റേഷനിംഗ് ഏര്‍പ്പെടുത്തിയും വൈദ്യുതി നിയന്ത്രിച്ചും കല്‍ക്കരി പ്ലാന്റുകള്‍ പുനരാരംഭിച്ചുമൊക്കെ യുദ്ധക്കെടുതികളെ നേരിടാനൊരുങ്ങുകയാണ് ജര്‍മ്മനി. എന്നിരുന്നാലും ഊര്‍ജ്ജ – വൈദ്യുതി പ്രതിസന്ധി ജര്‍മ്മനിയെ എവിടെയെത്തിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല.
പണപ്പെരുപ്പം മുതല്‍ വ്യവസായത്തകര്‍ച്ച വരെ
ഉയരുന്ന പണപ്പെരുപ്പമാണ് യൂറോപ്പ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഊര്ജക്ഷാമമില്ലാതെ വിന്ററിനെ അതിജീവിക്കേണ്ടതും പ്രശ്നമാണ്. ഉയര്‍ന്ന ഊര്‍ജ്ജ വില ഫാക്ടറികളിലേക്കും ഭക്ഷണച്ചെലവുകളിലേക്കും എത്തുന്നതും യൂറോപ്പിന്റെ ആശങ്കകളാണ്. കൂടുതല്‍ ഊര്‍ജ്ജം ആവശ്യമായ ഉരുക്ക്, കൃഷി തുടങ്ങിയ വ്യവസായങ്ങളെയും ഇത് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഊര്‍ജ്ജ ക്ഷാമം രൂക്ഷമായാല്‍ വീടുകളില്‍ ഗ്യാസ് റേഷനിംഗ് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന ഭീഷണിയും നിലനില്ക്കുന്നു.
ഊര്‍ജ്ജ – വൈദ്യുതി ക്ഷാമം ജര്‍മ്മനിയിലെ വന്‍കിട സഹകരണ ഡയറി പ്ലാന്റിനെ പ്രതിസന്ധിയിലാക്കിയത് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രതിദിനം 200,000 ലിറ്റര്‍ പാലാണ് ഇവിടെ പാസ്ചറൈസ് ചെയ്യേണ്ടത്. ഈ പ്ലാന്റെങ്ങാനും പൂട്ടുന്ന കാര്യം ജര്‍മ്മനിയ്ക്ക് ആലോചിക്കാന്‍ പോലും പറ്റാത്തതാണ്.
തീന്മേശയിലേയ്ക്കും യുദ്ധമെത്തുമോ
ഇറ്റലിലെ തീന്മേശയിലും യുദ്ധത്തിന്റെ അലയൊലികള്‍ കണ്ടു തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വന്നു കഴിഞ്ഞു. ഇറ്റലിയിലെ ഒരു സാധാരണ കുടുംബം 681 യൂറോ കൂടുതല്‍ ചെലവഴിക്കേണ്ടി വരുന്നതായി ഉപഭോക്തൃ ഗ്രൂപ്പുകള്‍ വെളിപ്പെടുത്തുന്നു. പാരീസിലെയും ഉയര്‍ന്ന ജീവിതച്ചെലവുകളുടെ ദുരിത ചിത്രങ്ങള്‍ ഇതിനകം പുറത്തുവന്നു കഴിഞ്ഞു.
രാത്രികാലങ്ങളില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ അണച്ചും മറ്റും ഊര്‍ജം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. ഊര്‍ജ്ജം ലാഭിക്കാന്‍ ജനങ്ങളോടും ബിസിനസ്സുകളോടും അതുപോലെ, ജര്‍മ്മന്‍ സര്‍ക്കാരും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പബ്ലിക് ബില്‍ഡിംഗുകളില്‍ ഹീറ്റിംഗും എയര്‍ കണ്ടീഷനിംഗും ചെലവുകള്‍ കുറയ്ക്കാനും ഇവര്‍ നിര്‍ദ്ദേശിക്കുന്നു.
ആശങ്കകളേറെ
ഡസനോളം യൂറോപ്യന്‍ രാജ്യങ്ങള്‍ക്കാണ് റഷ്യ ഗ്യാസ് വെട്ടിക്കുറച്ചത്. റഷ്യയ്ക്കും ജര്‍മ്മനിക്കും ഇടയിലുള്ള നോര്‍ഡ് സ്ട്രീം 1 പദ്ധതി പുനരാരംഭിക്കില്ലെന്നതും യൂറോപ്പിന്റെ ആശങ്കയാണ്. കുതിച്ചുയരുന്ന ഗ്യാസ് വില മൂലമുള്ള പ്രതിസന്ധികളില്‍ സഹായിക്കണമെന്നഭ്യര്‍ഥിച്ച് റഷ്യന്‍ ഗ്യാസ് ഇറക്കുമതിക്കാരായ യൂണിപ്പര്‍ സര്‍ക്കാര്‍ സഹായം തേടിയിരുന്നു. വര്‍ഷാവസാനത്തോടെ യൂറോപ്പിലാകെ സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന് ഐ എന്‍ ജി ബാങ്കിലെ ചീഫ് യൂറോസോണ്‍ ഇക്കണോമിസ്റ്റായ കാര്‍സ്റ്റണ്‍ ബ്രസ്കി നല്കുന്ന മുന്നറിയിപ്പും ഇവിടെ ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.
റഷ്യയ്ക്ക് നേട്ടമോ കോട്ടമോ?
യുദ്ധച്ചെലവുകള്ക്കിടയിലും റഷ്യ നേട്ടമുണ്ടാക്കുന്നതായി വിദഗ്ധര്‍ നിരീക്ഷിക്കുന്നുണ്ട്. ഊര്‍ജ്ജ ചെലവ് ഉയര്‍ന്നതാണ് പ്രധാന ഓയില്‍ -ഗ്യാസ് കയറ്റുമതിക്കാരായ റഷ്യയ്ക്ക് ഗുണകരമായതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഏഷ്യയില്‍ കുറഞ്ഞ വിലയ്ക്ക് ഓയില്‍ വിറ്റഴിക്കുകയണ് റഷ്യ. സാമ്പത്തികമായി ഒറ്റപ്പെടുത്തിയിട്ടും റൂബിളിന്റെ വിനിമയ നിരക്കിനെ പിടിച്ചുനിര്‍ത്താനും പണപ്പെരുപ്പം നിയന്ത്രിക്കാനും റഷ്യയ്ക്കും സെന്‍ട്രല്‍ ബാങ്കിനും കഴിഞ്ഞതും ഈയിനത്തില്‍ എടുത്തു പറയുന്നവയാണ്.
എന്നിരുന്നാലും റഷ്യ പ്രതിസന്ധിയെ മറികടന്നുവെന്ന് പറയാനാവില്ലെന്ന് വിദഗ്ധര്‍ പറയുന്നു. നഗരങ്ങളെ അപേക്ഷിച്ച് റഷ്യയുടെ ഗ്രാമപ്രദേശങ്ങളില്‍ യുദ്ധത്തിന്റെ ആഘാതങ്ങള്‍ കൂടുതല്‍ എത്തിത്തുടങ്ങിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇപ്പോള്‍ നേട്ടമുണ്ടാക്കുന്നുണ്ടെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍, യുദ്ധം റഷ്യയ്ക്ക് നഷ്ടക്കച്ചവടമാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. റഷ്യയ്ക്ക് യുദ്ധത്തിന് കനത്ത വില നല്‍കേണ്ടിവരുമെന്നും ഇവര്‍ പറയുന്നു. നിക്ഷേപങ്ങളിലെ കുറവും ജനങ്ങളുടെ താഴ്ന്ന വരുമാനവും സാമ്പത്തിക സ്തംഭനമുണ്ടാക്കുമെന്നും ഇവര്‍ പറയുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.