കാനഡ : ഐറിഷ് തീരത്ത് വെച്ച് 331 പേരുടെ മരണത്തിനിടയാക്കിയ എയര്‍ ഇന്ത്യ വിമാന സ്‌ഫോടനക്കേസില്‍ കുറ്റവിമുക്തനാക്കിയ പ്രതിയെ അജ്ഞാതര്‍ വെടിവെച്ചുകൊന്നു. കാനഡയുടെ പടിഞ്ഞാറന്‍ ഭാഗത്താണ് പ്രതി സിക്ക് തീവ്രവാദി റിപുദമന്‍ സിംഗ് മാലിക്കിനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാദേശിക മാധ്യമങ്ങളാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടീഷ് കൊളംബിയയിലെ വാന്‍കൂവറിലെ വസ്ത്രവ്യാപാര സ്ഥാപനത്തിന് സമീപമാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.
റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസും സംഭവം സ്ഥിരീകരിച്ചു. വെടിയേറ്റ നിലയില്‍ കണ്ടെത്തിയ ഇയാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പോലീസ് വ്യക്തമാക്കി. ആസൂത്രിത കൊലപാതകമാണിതെന്നാണ് പോലീസ് കരുതുന്നത്. പ്രതികള്‍ സഞ്ചരിച്ചതായി കണക്കാക്കുന്ന വാഹനം പൂര്‍ണ്ണമായി കത്തിക്കരിഞ്ഞ നിലയില്‍ സമീപത്ത് കണ്ടെത്തി. വെടിവച്ചവര്‍ മറ്റൊരു വാഹനത്തില്‍ രക്ഷപ്പെട്ടതായി പോലീസ് കരുതുന്നു.
1985 ജൂണ്‍ മാസത്തില്‍ അയര്‍ലണ്ട് തീരത്താണ് എയര്‍ ഇന്ത്യ ഫ്ളൈറ്റ് 182 ബോംബ് സ്ഫോടനത്തെ തുടര്‍ന്ന് പൊട്ടിത്തെറിച്ചത്. കൂട്ടക്കൊലപാതകത്തില്‍ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ റിപുദമന്‍ സിംഗ് മാലിക്കിനെ കുറ്റവിമുക്തനാക്കിയിരുന്നു. ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിന്റെ സപ്പോര്‍ട്ടറായിരുന്നു ഇയാള്‍.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.