head3
head1

ഡബ്ലിന്‍ അതിരൂപതയുടെ ഉപയോഗിക്കാത്ത കെട്ടിടങ്ങളും സ്ഥലവുമെല്ലാം വിറ്റഴിക്കുന്നതിന് നടപടികളാകുന്നു

ഡബ്ലിന്‍ : ഡബ്ലിനിലെ കത്തോലിക്കാ സഭയുടെ ഉപയോഗിക്കാത്ത കെട്ടിടങ്ങളും സ്ഥലവുമെല്ലാം വിറ്റഴിക്കുന്നതിനുള്ള നടപടികളുമായി ഡബ്ലിന്‍ അതിരൂപത. അതിരൂപതയ്ക്ക് വന്‍ വരുമാനമുണ്ടാക്കുന്ന നടപടിയാണ് വിറ്റഴിക്കലെന്നാണ് വിലയിരുത്തപ്പെടുന്നത്.

വൈദികരുടെ ക്ഷാമം മൂലം തലസ്ഥാനത്തെ പല ഇടവകകളെയും ലയിപ്പിക്കുന്ന നടപടികള്‍ നടന്നുവരികയാണ്. ഈ സാഹചര്യത്തിലാണ് വില്‍പ്പന നടത്തുന്നത്. വൈദികരില്ലാത്ത ഇടവകകളിലെ പള്ളി വക ഭവനങ്ങളും അനുബന്ധ കെട്ടിടങ്ങളുമാണ് വിറ്റഴിയ്ക്കുന്നത്. ഇതിനായി ഫുള്‍ ടൈം പ്രോപ്പര്‍ട്ടി അസറ്റ് മാനേജരെ നിയമിക്കുകയാണ് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡെര്‍മോട്ട് ഫാരലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. രൂപതയിലാകെ 197 ഇടവകകളാണുള്ളത്. പള്ളികളും ഇടവക ഭവനങ്ങളും പാരിഷ് ഹാളുകളും അനുബന്ധ സ്ഥലങ്ങളുമെല്ലാമുള്‍പ്പെട്ട സ്വത്തുക്കളാണ് സഭയ്ക്കുള്ളത്.

കത്തോലിക്കാസഭയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ ഗണ്യമായ പങ്കും ഉപയോഗിക്കുന്നില്ലെന്നും സോഷ്യല്‍ അഫോര്‍ഡബിള്‍ ഭവന പദ്ധതിയ്ക്കായി ഇവ ഉപയോഗിക്കാമെന്നും ഭവന മന്ത്രി ഡാരാഗ് ഒബ്രിയന്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പിന് കത്തെഴുതിയെന്നും അടുത്തിടെ നടന്ന ബിഷപ്പ് കോണ്‍ഫറന്‍സില്‍ ഈ വിഷയം ഉന്നയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് പ്രോപ്പര്‍ട്ടി വില്‍പ്പനയ്ക്കുള്ള നടപടികളുമായി സഭ മുന്നോട്ടുപോകുന്നത്.

ഡബ്ലിന്‍ സിറ്റിയും കൗണ്ടിയും വിക്ലോയുടെ ഭൂരിഭാഗവും കില്‍ഡെയര്‍, കാര്‍ലോ, ലാസ്, വെക്സ്ഫോര്‍ഡ് എന്നിവയുടെ ഭാഗവും ഉള്‍ക്കൊള്ളുന്നതാണ് ഡബ്ലിന്‍ അതിരൂപത. ഇതിലെ 312 വൈദികരില്‍ 40 ശതമാനത്തിലധികം പേര്‍ 70 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്.

വൈദികരാവാന്‍ ഒരുങ്ങുന്ന രണ്ടു സെമിനാരിക്കാര്‍ മാത്രമാണ് ഇവിടെയുള്ളത്. 2026ഓടെ ഒട്ടേറെ വൈദികര്‍ വിരമിക്കും. മാത്രമല്ല, വര്‍ഷം തോറും ഇരുപതോളം വൈദികര്‍ മരിക്കുന്നുമുണ്ട്. ഈ പശ്ചാത്തലത്തില്‍ സഭയുടെ വൈദിക ക്ഷാമം രൂക്ഷമാകുമെന്നാണ് കരുതുന്നത്.

വൈദികരുടെ കുറവുമൂലം ശവസംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ പോലും ആളില്ലാത്ത സ്ഥിതിയുണ്ടായതായി നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.