head1
head3

കമ്മ്യൂണിറ്റി എംപ്ലോയ്‌മെന്റ് സ്‌കീം ഉള്‍പ്പടെയുള്ള തൊഴില്‍ദാന പദ്ധതികളെ പരിഷ്‌കരിക്കുന്നു

ഡബ്ലിന്‍ : റിക്രൂട്ട്‌മെന്റും റിടെന്‍ഷനും വര്‍ദ്ധിപ്പിക്കുന്നത് മുന്‍നിര്‍ത്തി കമ്മ്യൂണിറ്റി എംപ്ലോയ്‌മെന്റ് സ്‌കീം ഉള്‍പ്പടെയുള്ള തൊഴില്‍ദാന പദ്ധതികളെ സമഗ്രമായി പരിഷ്‌കരിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. അതിനായി വിപുലമായ മാറ്റങ്ങളാണ് സര്‍ക്കാര്‍ ഉന്നമിടുന്നത്.

ദീര്‍ഘകാലമായി തൊഴിലില്ലാത്തവര്‍ക്ക് ലോക്കല്‍ കമ്മ്യൂണിറ്റികളില്‍ പരിശീലനം നല്‍കി തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്നതിനാണ് ഈ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നത്. സിഇ, ആര്‍എസ്എസ് എന്നിവയിലുള്ള 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് റിട്ടയര്‍മെന്റ് വരെ സ്‌കീമുകളില്‍ തുടരാന്‍ നേരത്തേ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിന് പുറമേയാണ് സ്‌കീമുകളെ പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

കമ്മ്യൂണിറ്റി എംപ്ലോയ്‌മെന്റ് (സി ഇ) സ്‌കീമുകള്‍, ടസ്, റൂറല്‍ സോഷ്യല്‍ സ്‌കീം (ആര്‍എസ്എസ്) എന്നിവയെയാണ് സര്‍ക്കാര്‍ പരിഷ്‌കരിക്കുന്നത്. അതിന്റെ ഭാഗമായി യോഗ്യതാ മാനദണ്ഡങ്ങളില്‍ വിപുലമായ മാറ്റം വരുത്തും. കൂടാതെ റിക്രൂട്ട്‌മെന്റ്, റിടെന്‍ഷന്‍ എന്നിവയുടെ കാര്യത്തില്‍ പ്രാദേശിക സൂപ്പര്‍വൈസര്‍മാര്‍ക്ക് കൂടുതല്‍ ഫ്ളെക്സിബിലിറ്റിയും നല്‍കും.

നിലവില്‍ 19,000ലധികം പേരാണ് കമ്യൂണിറ്റി എംപ്ലോയ്മെന്റിലുള്ളത്. റ്റുസില്‍ 5,000 പേരും റൂറല്‍ സോഷ്യല്‍ സ്‌കീമില്‍ 3,000 പേരുമുണ്ട്. ഈ മൂന്ന് സ്‌കീമുകളിലായി ഈ വര്‍ഷം 500 മില്യണ്‍ യൂറോയാണ് സര്‍ക്കാര്‍ ചെലവിടുന്നത്.

2.5 മില്യണിലധികം ആളുകളാണ് അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നത്. ഇതൊരു റെക്കോര്‍ഡാണെന്ന് സാമൂഹിക സുരക്ഷാമന്ത്രി ഹീതര്‍ ഹംഫ്രീസ് പറഞ്ഞു. എന്നിരുന്നാലും ലോക്കല്‍ തലത്തില്‍ റിക്രൂട്ട്‌മെന്റുകള്‍ വെല്ലുവിളികള്‍ നേരിടുകയാണ്. ഇത് ലോക്കല്‍ സര്‍വ്വീസുകളെ ദോഷകരമായി ബാധിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇത് പരിഹരിക്കുന്നതിനാണ് സ്‌കീമുകള്‍ പരിഷ്‌കരിക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു.

സി ഇ സൂപ്പര്‍വൈസര്‍മാരുടെയും അസിസ്റ്റന്റ് സൂപ്പര്‍വൈസര്‍മാരുടെയും എക്‌സ്-ഗ്രേഷ്യ പേയ്‌മെന്റിനുള്ള അപേക്ഷകളും പരിഗണിക്കുമെന്ന് മന്ത്രി വെളിപ്പെടുത്തി.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.