head1
head3

ഓസ്ലോ വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി നോര്‍വേ പ്രധാനമന്ത്രി

ഓസ്ലോ: നോര്‍വേ തലസ്ഥാനമായ ഓസ്ലോയില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ അനുസ്മരണ സമ്മേളനം ഓസ്ലോ കത്ത്രീഡലില്‍ നടന്നു. നോര്‍വേ പ്രധാനമന്ത്രിയും, രാജകുടുംബാഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

വെള്ളിയാഴ്ച രാത്രിയായിരുന്നു ഓസ്ലോയില്‍ LGBT+ പ്രൈഡ് ഫെസ്റ്റിവലിനിടയില്‍ ഒരാള്‍ വെടിയുതിര്‍ത്തത്. വെടിയേറ്റ 50 വയസ്സും 60 വയസ്സും പ്രായമുള്ള രണ്ട് പേരായിരുന്നു കൊല്ലപ്പട്ടത്. ഇരുപതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നഗരത്തിലെ London Pub ലായിരുന്നു ആക്രമണം.

”മത ഭീകര സംഘടനകളാവാം” കൃത്യത്തിന് പിന്നിലെന്നാണ് നോര്‍വീജിയന്‍ സുരക്ഷാവിഭാഗം സംശയിക്കുന്നത്. ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. 42 വയസ്സ് പ്രായമുള്ള ഓസ്ലോ സ്വദേശി Zaniar Matapour എന്നയാളാണ് പിടിയിലായത്.

”രാത്രി നടന്ന വെടിവെപ്പ് പ്രൈഡ് പരേഡ് നിര്‍ത്തിവയ്ക്കാന്‍ കാരണമായേക്കാം, എന്നാല്‍ വിദ്വേഷത്തിനും, വിവേചനത്തിനുമെതിരായ പോരാട്ടങ്ങള്‍ക്ക് അത് തടസ്സമാവില്ല” എന്ന് അനുസ്മരണ സമ്മേളനത്തില്‍ നോര്‍വീജിയന്‍ പ്രധാനമന്ത്രി Jonas Gahr Støre പറഞ്ഞു. ”പിടിക്കപ്പെട്ടയാള്‍ മുസ്ലീം വിഭാഗത്തില്‍ പെട്ടയാളാണെന്ന കാര്യം നിങ്ങളില്‍ അനേകം പേര്‍ക്ക് വേദനയുണ്ടാക്കിയെന്ന് തനിക്കറിയാമെന്നും, നാം ഏവരും ഒരുമിച്ച് ഒരു സമൂഹമായി നിലകൊള്ളണമെന്നും” നോര്‍വേയിലെ മുസ്ലീം ജനവിഭാഗങ്ങളോടായി പ്രധാനമന്ത്രി പറഞ്ഞു.

1990 കാലഘട്ടത്തില്‍ ഇറാനിലെ കുര്‍ദ്ദ് മേഖലയില്‍ നിന്നും നോര്‍വേയിലേക്ക് എത്തിയതാണ് പിടിക്കപ്പെട്ട Zaniar Matapour . പിന്നീട് ഇയാള്‍ തീവ്രവാദ നെറ്റ്‌വര്‍ക്കുകളുടെ ഭാഗമാവുകയായിരുന്നുവെന്നാണ് നോര്‍വീജിയന്‍ ഡൊമസ്റ്റിക് സെക്യൂരിറ്റി ഏജന്‍സി PST നല്‍കുന്ന വിവരം. നോര്‍വേയിലെ തീവ്രവാദ ആശയങ്ങള്‍ പിന്തുടരുന്നതും, ആന്റി-ഗേ ആശയങ്ങള്‍ പിന്തുടരുന്നയാളുമായ Arfan Bhatti യുമായി പിടിക്കപ്പെട്ടയാള്‍ക്ക് ബന്ധങ്ങളുണ്ടെന്നുമാണ് നോര്‍വീജിയന്‍ മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരം.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.