head3
head1

വിദേശ നിക്ഷേപം സുരക്ഷിതമാക്കുന്നതിന് അയര്‍ലണ്ട് സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു

ഡബ്ലിന്‍ : നോണ്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദേശ നിക്ഷേപം സുരക്ഷിതമാക്കുന്നതിന് അയര്‍ലണ്ട് സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു. അയര്‍ലണ്ടിന്റെ നിര്‍ണായക സാങ്കേതിക വിദ്യകളെയും അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കുന്നത് ലക്ഷ്യമിടുന്നതാണ് പുതിയ നിയമം. ഇതാദ്യമായാണ് ഇത്തരത്തിലൊരു നിയമം രാജ്യത്ത് അവതരിപ്പിക്കുന്നത്.

വിദേശ നിക്ഷേപത്തിന്റെ ദോഷങ്ങള്‍ കുറയ്ക്കുന്നതിനാണ് നിയമം അവതരിപ്പിക്കാന്‍ ഉപപ്രധാനമന്ത്രിയും എംപ്ലോയ്‌മെന്റ് മന്ത്രിയുമായ ലിയോ വരദ്കര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി.

യൂറോപ്യന്‍ യൂണിയന്‍ ഇന്‍വെസ്റ്റ്‌മെന്റ് സ്‌ക്രീനിംഗ് റെഗുലേഷന്റെ ഭാഗമായാണ് ഈ നിയമം വികസിപ്പിച്ചത്. തന്ത്രപ്രധാന യൂറോപ്യന്‍ കമ്പനികള്‍ വിദേശ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഏറ്റെടുക്കുന്നത് ആശങ്കകളുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് ഇ യു വിദേശ നിക്ഷേത്തില്‍ നിയന്ത്രണങ്ങള്‍ പരിഗണിച്ചത്.

സര്‍ക്കാരിന്റെ നേരിട്ടുള്ള അറിവില്ലാതെ പോലും നിരവധി സ്ഥാപനങ്ങള്‍ നിക്ഷേപവും, വ്യാപാരങ്ങളും ആരംഭിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമം.

സ്‌ക്രീനിംഗ് നിര്‍ണ്ണായക മേഖലകളിലെ നിക്ഷേപങ്ങളില്‍

നിര്‍ണ്ണായക ഇന്‍ഫ്രാസ്ട്രക്ചറുകളായി അടയാളപ്പെടുത്തിയിട്ടുള്ള ഹെല്‍ത്ത് സര്‍വ്വീസ്, വൈദ്യുതി ഗ്രിഡ്, സൈനിക ഇന്‍ഫ്രാസ്ട്രക്ചര്‍, പോര്‍ട്ടുകള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയവയിലെ നിക്ഷേപങ്ങളും മാനദണ്ഡങ്ങളുമാണ് സ്‌ക്രീനിംഗിന് വിധേയമാവുക. ഈ മേഖലകളിലെ നിക്ഷേപത്തിന്റെ പരിധി രണ്ട് ബില്യണ്‍ യൂറോയായി നിയമം പരിമിതപ്പെടുത്തുന്നു. ആവശ്യമെന്ന് തോന്നുന്ന പക്ഷം സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇളവ് കൊണ്ടുവരാം.

ദോഷകരമായാല്‍ നിക്ഷേപം വേണ്ടെന്നുവയ്ക്കാം… പിഴ ചുമത്താം

അയര്‍ലണ്ടിന്റെ സുരക്ഷയ്‌ക്കോ പൊതു ക്രമത്തിനോ ഭീഷണിയായേക്കാവുന്ന നിക്ഷേപം റദ്ദാക്കാനും നിയമം സര്‍ക്കാരിനെ അനുവദിക്കും. രാജ്യത്തിന്റെ നിയമങ്ങളുമായി ഒത്തുപോകാന്‍ തയ്യാറാകാത്ത കമ്പനികള്‍ക്ക് നാലു മില്യണ്‍ യൂറോ വരെ പിഴയും തടവും നല്‍കുന്നതിന് നിയമത്തില്‍ വ്യവസ്ഥയുണ്ടാകും. ഇതിനെതിരെ അപ്പീല്‍ പോകാനും കമ്പനികള്‍ക്ക് അവസരം നല്‍കും. പുതിയ നിയമം രാജ്യത്തിന് വലിയ സുരക്ഷയാകും പ്രദാനം ചെയ്യുകയെന്ന് ഉപ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.