അങ്കമാലി ഒസാക്ക ട്രാവല്‍സില്‍ വിളിച്ച് ടിക്കറ്റ് ചാര്‍ജ് അന്വേഷിച്ച ഷേര്‍ളി അയര്‍ലണ്ട് വിസ റെഡിയായ ബെന്നിച്ചന് കര്‍ശന നിര്‍ദേശം കൊടുത്തു, നെടുമ്പാശേരിന്ന് കയറണ്ട കോഴിക്കോട്ടേക്ക് വിട്ടോ അവിടെ 3000 രുപ കുറവുണ്ട്. പിന്നേ ഞായറാഴ്ച്ച ടിക്കറ്റെടുക്കല്ലേ, എനിക്ക് ഡബിള്‍ സാലറി കിട്ടുന്നതാ. ചെറുപ്പം മുതലേ ബസിലൊന്നും കയറി ശീലമില്ലാത്ത പാലായിലെ കുടുംബക്കാരനായ ബെന്നിച്ചന്‍ നഴ്‌സിംഗിന് ഒരുമിച്ച് പഠിച്ച കൂട്ടുകാരന്‍ ചാക്കോപ്പീടെ ക്വാളീസില്‍ കയറി 2000 രൂപയുടെ ഡീസലുമടിച്ച് കോഴിക്കോട്ടേക്ക് യാത്രയായി.
പത്തനംതിട്ടക്കാരി അന്നമ്മ മാഡം നടത്തുന്ന നഴ്‌സിംഗ് കോളേജില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ പഠിപ്പിച്ചിരുന്ന ചഞ്ചല്‍ മാഡം, തേര്‍ഡ് ഇയറില്‍ ഹോസ്റ്റലിനടുത്തുള്ള സര്‍ബത്ത് കടയിലെ അക്കയുടെ മോള് ബാംഗ്ലൂര് പഞ്ചാര കലക്കി നടന്ന നിനക്ക് വരെ പെണ്ണായി. അളിയാ നീ അയര്‍ലന്റില്‍ ചെന്നിട്ട് ഷേര്‍ളിയുടെ കൂട്ടുകാരികളുണ്ടെങ്കില്‍ എന്നേംകൂടി ഒന്ന് രക്ഷപ്പെടുത്തടാ, മദാമ്മയാണേലും കുഴപ്പമില്ല.
നോക്കാടാ ചാക്കോപ്പീ, വര്‍ഷങ്ങളായി ബാംഗ്ലൂരെ ഗൗഡമാരുടെ ബ്രാണ്ടിക്കടയിലെ കൂറ റമ്മടിച്ചു കൊണ്ടിരുന്ന ബെന്നിച്ചന്‍ ചാക്കോപ്പിക്ക് പ്രതീക്ഷയുടെ ടാറ്റാ കൊടുത്ത് ഫ്‌ലൈയ്റ്റില്‍ നിന്നും കിട്ടിയ ബ്ലാക്ക് ലേബലും, ബക്കാര്‍ഡിയുമൊക്കെ മിക്‌സ് ചെയ്തടിച്ച് കിളി പോയി 2004 ഫെബ്രുവരി മാസത്തിലെ തണുപ്പില്‍ ഡബ്ലിന്‍ വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നില്‍ വന്നിറങ്ങി.
പ്രേമം സിനിമയിറങ്ങി, നിവിന്‍ പോളിയുടെ താടി ഹിറ്റാകുന്നതിനു മുന്നേ ഫാഷനബിളായി നടന്നിരുന്ന ബെന്നിച്ചന്റെ മുഖത്തേ കട്ടത്താടിയിലേക്കും ഇട്ടിരിക്കുന്ന ഷര്‍വാണിയിലേക്കും ഇമിഗ്രേഷനിലെ സായിപ്പ് സംശയത്തോടെ നോക്കി. ബക്കാര്‍ഡിയുടെ ലഹരിയില്‍ സായിപ്പിന്റെ ഇംഗ്ലീഷ് മനസിലാകാതെ വായുംപൊളിച്ചുനിന്ന ബെന്നിച്ചന്‍ തൊട്ടുപുറകില്‍ നിന്ന കോതമംഗലംകാരന്‍ സെബാന്റെ സഹായത്താല്‍ പുറത്തുചാടി. എന്നാ ഇംഗ്ലീഷാ സെബാന്‍ ചേട്ടാ, എങ്ങനാ ഇത്ര ഫ്‌ലൂവന്റായി ഇംഗ്ലീഷ് കീച്ചാന്‍ പറ്റുന്നേ, ചേട്ടന്‍ ആ നമ്പറിങ്ങ് തന്നേ. ഒരു വലിയ അപകടത്തില്‍ നിന്ന് രക്ഷിച്ച സെബാന്‍ ചേട്ടന്റെ നമ്പര്‍ ബെന്നിച്ചന്‍ തന്റെ മോട്ടറോളയുടെ ഫോണില്‍ സേവ് ചെയ്തു.
എയര്‍പോര്‍ട്ട് പാര്‍ക്കിംഗിലിട്ടാല്‍ 2 യൂറോ പോകുമല്ലോ എന്നോര്‍ത്ത് പുറത്തുള്ള പെട്രോള്‍ പമ്പിന്റെ മുറ്റത്ത് ഷേര്‍ളി ബെന്നിച്ചനെ കാത്തു നില്‍പ്പുണ്ടായിരുന്നു. അച്ചായാ ആ കാണുന്നതാണേ മലയാളം കുര്‍ബാന നടക്കണ പള്ളി, ഡബ്ലിന്‍ സിറ്റി സെന്ററിലെ തിരക്കിലൂടെ വണ്ടി ഓടിക്കുമ്പോഴും തന്നെ കാഴ്ച്ചകള്‍ കാണിച്ചുതരുന്ന ഡ്രൈവിംഗ് എക്‌സ്‌പേര്‍ട്ടായ ഭാര്യയെ ബെന്നിച്ചന്‍ ആരാധനയോടെ നോക്കിയിരുന്നു. പൂച്ച പെറ്റുകിടക്കണത് പോലെ മലയാളികള് തിങ്ങിപാര്‍ക്കുന്ന ഹൗസിംഗ് കോളനിയില്‍ വണ്ടി നിര്‍ത്തിയ ഷേര്‍ളി ബെന്നിച്ചനോട് പറഞ്ഞു അച്ചായാ ഇതാണ് നമ്മുടെ ഹൗസിംഗ് എസ്റ്റേറ്റ്. പഴയ ജോസ് പ്രകാശ് സിനിമകളിലെ കൊള്ളസങ്കേതം പോലെ വിശാലമായ വീട് സ്വപ്നം കണ്ട ബെന്നിച്ചന്‍ നിന്ന് തിരിയാന്‍ സ്ഥലമില്ലാത്ത ചെറിയ വീടും, ഫ്‌ലയ്റ്റിലെക്കാള്‍ ഒട്ടും ചെറുതല്ലാത്ത റ്റോയ്‌ലറ്റും കണ്ട് അത്ഭുതപ്പെട്ടു. എലിപ്പൊത്തുപോലത്തെ അടുക്കളയില്‍ അങ്കമാലി പോര്‍ക്ക് ഫ്രൈ ഉണ്ടാക്കുന്ന മഞ്ഞപ്രക്കാരി ജിന്‍സിയെ അയാള്‍ സംശയത്തോടെ നോക്കി.
ബെന്നിച്ചാ ഇവിടിപ്പം പുതുതായി ഇഷ്ടം പോലെ മലയാളി നഴ്‌സുമാര്‍ വരുന്നുണ്ട്. അവര്‍ക്കൊന്നും വീട് കിട്ടാനില്ല. 600 യൂറോയേ നമുക്ക് റെന്റ് ഉള്ളൂ. ഞാന്‍ ജിന്‍സിയോട് ഇവിടെ ഷെയര്‍ ചെയ്ത് താമസിക്കുന്നതിന് 450 യൂറോയും കറണ്ട് കാശും മേടിക്കും. അവളൊണ്ടാക്കണ അങ്കമാലി സ്‌റ്റൈല്‍ മീനും മാങ്ങയുമിട്ട കറി എന്തു ടേസ്റ്റാണെന്നറിയാമോ. നമുക്ക് വായ്ക്കു രുചിയായിട്ട് കഴിക്കുവേം ചെയ്യാം. കാറ്റുള്ളപ്പോഴല്ലേ …….
എനിക്കിന്ന് നൈറ്റ് ഡ്യൂട്ടിയുണ്ടേ, കല്യാണം കഴിഞ്ഞ പുതുമോടിയില്‍ ഡ്യൂട്ടി പെയ്ഡീന്ന് മേടിച്ച പെര്‍ഫ്യൂമുമടിച്ച് ബെഡ്‌റൂമിലിരുന്ന ബെന്നിച്ചന്‍ ഷേര്‍ളി പറഞ്ഞത് കേട്ട് വല്ലാത്ത പ്രതീക്ഷയോടെ ഒടിയന്‍ കാണാന്‍ കയറിയ മോഹന്‍ലാല്‍ ആരാധകനെപ്പോലെ ഡ്യുവറ്റിനടിയില്‍ ഒടിഞ്ഞുകുത്തികിടന്നു.
അയര്‍ലന്റില്‍ ഡബിള്‍പേ കിട്ടുന്ന ബാങ്ക് ഹോളിഡേ ഡ്യൂട്ടി, സണ്‍ഡേ ഡ്യൂട്ടി ഇവയൊക്കെയുണ്ടെന്നും ഈ ഡ്യൂട്ടി കിട്ടിയാല്‍ കമിഴ്ന്നടിച്ചു വീഴുന്ന പെറ്റി ബൂര്‍ഷ്വയാണ് തന്റെ ഭാര്യയെന്നും പിന്നീടുള്ള ദിവസങ്ങളില്‍ ജിന്‍സിയില്‍നിന്നും ബെന്നിച്ചന്‍ മനസിലാക്കി. വേറെ വീടൊന്നും കിട്ടാഞ്ഞിട്ട് ഷെയറിംഗിന് താമസിക്കാന്‍ വന്ന്, മീന്‍ കറിവച്ചും, ചട്ടി കഴുകിയും മടുത്ത ഡബ്ലിന്‍ സെന്റ് ജെയിംസിലെ നഴ്‌സായ ജിന്‍സി കിട്ടിയ അവസരം മുതലെടുത്ത് മാക്‌സിമം പൂള് വച്ച് ഷേര്‍ളി ചേച്ചിയോടുള്ള തന്റെ അഗാധമായ സ്‌നേഹം ഇടക്കിടക്ക് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടിരുന്നു.
ഡണ്‍സിലും, ടെസ്‌ക്കോയിലും ഷോപ്പിംഗിനു പോകുമ്പോള്‍ അവിടെ അടുക്കി വച്ചിരുന്ന
കുപ്പികള്‍ കണ്ട് ബെന്നിച്ചന്‍ സീമയെ കണ്ട ബാലന്‍ കെ നായരെപ്പോലെ വെള്ളമിറക്കികൊണ്ടിരുന്നു . തണുപ്പാംകാലത്ത് രണ്ടെണ്ണം വിടാമെന്ന് വച്ചാല്‍ പഴ്‌സും കാര്‍ഡുമൊക്കെ അവളുടെ കയ്യിലും. ആകെ വിഷമിച്ച് നില്‍ക്കുന്ന സമയത്താണ് സെബാന്‍ ചേട്ടന്‍ പത്താമത്തെ വെഡ്ഡിംഗ് ആനിവേഴ്‌സറിക്ക് ബെന്നിച്ചനെ വിളിക്കുന്നത്.
എവിടെ ചെന്നാലും ആള്‍ക്കാരെ കയ്യിലെടുക്കുന്നതില്‍ വിരുതനായ ബെന്നിച്ചന്‍ ആയിടെയിറങ്ങിയ ജാസി ഗിഫ്റ്റിന്റെ ലജ്ജാവതിയേ പാടി പാര്‍ട്ടിക്ക് വന്നവരെയെല്ലാം കയ്യിലെടുത്തു. പാട്ടിനിടക്കുള്ള ആര്‍ക്കും മനസിലാകാത്ത ഇംഗ്ലീഷ് റോക്കൊക്കെ കേട്ട് രോമാഞ്ചിഫിക്കേഷന്‍ വന്ന ഷെര്‍ളി അടുത്തു നിന്ന ഏതോ ഒരു അമ്മച്ചിയോട് പറഞ്ഞു, അതെന്റെ കെട്ടിയോനാ. നാളുകള്‍ക്കുള്ളില്‍ ബെന്നിച്ചനെ അറിയാത്ത ആളുകള്‍ ആ ഏരിയയില്‍ ഇല്ലെന്നായി. ഇതിനിടെ ഷേര്‍ളിയുടെ കണ്ണില്‍ പൊടിയിടാനായി ഡോമിനോസില്‍ ഡെലിവറി ഡ്രൈവറായി പണിക്കു കയറിയ ബെന്നിച്ചന്‍ ഷേര്‍ളി നൈറ്റിനു പോയാല്‍ ഡോമിനോസില്‍ നിന്നും സ്‌കൂട്ടായി കൂട്ടുകാരുമൊത്ത് രണ്ടെണ്ണം വിടലും, ചീട്ടുകളിയുമൊക്കെയായി ലൈഫ് എന്‍ജോയ് ചെയ്തു നടന്നു. ഭരണങ്ങാനത്തുകാരന്‍ ജോണിയുടെ കൂടെ ചൂണ്ടയിടാന്‍ പോകലായിരുന്നു ബെന്നിച്ചന്റ വേറൊരു വിനോദം. പണ്ടു മുതലേ വലിയ ചൂണ്ടയിടല്‍ വിദഗ്ദനാണെങ്കിലും ബെന്നിച്ചന് കടല്‍ കണ്ടാല്‍ ചൊരുക്കി വാളു വക്കുന്ന സ്വഭാവമുണ്ട്. വാളു വച്ച് കുടല്‍മാല പുറത്തു വന്നാലും അടുത്ത ദിവസം വീണ്ടും ആരെയെങ്കിലും വാചകമടിച്ച് വീഴിച്ച് ചുണ്ടമേടിപ്പിച്ച് അവരുടെ വണ്ടിക്ക് കടലില്‍ പോകുക എന്നത് 5 പ്രാവശ്യം ലേണേഴ്‌സ് എഴുതിയിട്ടും പാസാകാത്ത ബെന്നിച്ചന്റെ വീക്ക്‌നസ് ആയിരുന്നു.
നിങ്ങളിങ്ങനെ വെള്ളമടീം ഫിലിപ്പിന്‍സുകാരുടെ കൂടെ ബോട്ടേല്‍ മീന്‍ പിടുക്കലുമായി നടന്നോ മനുഷ്യാ. 300 രൂപയുടെ മീന്‍തീറേറം മേടിക്കും 30 രൂപയുടെ മീനും കിട്ടും. ആ മിനിമോളുടെ കെട്ടിയോന്‍ ജോഷിയെ കണ്ടു പഠിക്ക്. അവനാണെങ്കില്‍ നഴ്‌സിംഗ് ഹോമില്‍ ജോലി, ഏഷ്യന്‍ കടേല് ഷെയറ്, ഇപ്പോള്‍ ട്രാവല്‍ ഏജന്‍സിയും തുടങ്ങാന്‍ പോകുന്നെന്നാ പറയുന്നേ. എനിക്കും ഉണ്ട് ഒരെണ്ണം…..
നീയെന്നാ ഷേര്‍ളീ ബെന്നിച്ചനോട് എപ്പോഴും ഇങ്ങനെ ദേഷ്യപ്പെടുന്നേ, കഴിഞ്ഞ ദിവസം ബാഡ്മിന്റണ്‍ കളിക്കാന്‍ വന്നപ്പോള്‍ ബെന്നിച്ചന്‍ ഒത്തിരി വിഷമങ്ങള്‍ പറഞ്ഞെന്നാ ഇച്ചായനെന്നോട് പറഞ്ഞേ. വല്യ കുടുംബത്തില്‍ പിറന്ന ചെറുക്കനല്ലേ നീ കണ്ടില്ല കേട്ടില്ല എന്നങ്ങ് വയ്ക്ക്. പള്ളിയിലെ മാതൃസംഘം പ്രസിഡന്റായ മെഴ്‌സി ചേച്ചി ദാമ്പത്യ സൈക്കോളജിയിലെ തന്റെ അറിവിന്റെ ശേഖരം പുറത്തിട്ടലക്കാന്‍ തുടങ്ങി.
ചേച്ചിക്കറിയുവോ അപ്പന്റെ ഒടുക്കത്തെ കുടി കാരണം കടം കേറി മുടിഞ്ഞിട്ടാ ചേര്‍പ്പുങ്കലീന്ന് ഞങ്ങള്‍ മാങ്കുളത്തിന് വണ്ടി കയറിയത്. പിന്നീട് അമ്മച്ചി ഒത്തിരി കഷ്ടപ്പെട്ടു. ഇവിടെ വന്ന് ഈ ചെറിയ വീട്ടില്‍ താമസിച്ച് ആരോഗ്യം നോക്കാതെ ഓവര്‍ടൈം ചെയ്യുമ്പോള്‍ ആള്‍ക്കാരു പറയും പിശുക്കാണെന്ന്. ഒത്തിരി ഉത്തരവാദിത്ത്വങ്ങളുണ്ട് ചേച്ചീ എനിക്ക്. കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് ബെന്നിച്ചന്റെ അമ്മ എന്നോട് പറഞ്ഞത് ലാളിച്ച് വളര്‍ത്തിയ ഒറ്റ മകനാ, ധാരാളിയാ മുറുക്കെപ്പിടിച്ചോണമെന്നാണ്. എനിക്കറിയാം ചേച്ചീ ബെന്നിച്ചന്‍ ആള് പാവമാണ്, കഴിവുള്ളവനാണ്. പക്ഷേ പൈസ ഉണ്ടാക്കണതിന്റെ വിഷമം അങ്ങേര്‍ക്കറിയത്തില്ല.
രാവിലെ നിര്‍ത്താതെയുള്ള ഫോണ്‍ വിളി കേട്ടാണ് ബെന്നിച്ചന്‍ ഉറക്കത്തില്‍നിന്നും ഞെട്ടിയുണര്‍ന്നത്. ഷേര്‍ളി നൈറ്റ് കഴിഞ്ഞു വന്നിരുന്നില്ല. നാട്ടില്‍നിന്ന് അപ്പച്ചനാണ്. മോനേ നീയറിഞ്ഞോ, നമ്മുടെ പടിഞ്ഞാറുവശത്തുള്ള പറമ്പില്ലേ അതിനടുത്ത് സ്വന്തം തലേല് സ്വന്തംകൈ വച്ച് ബിഷപ്പായ ആ തിരുമേനിയില്ലേ, അങ്ങേരുടെ പള്ളിക്കാര് എന്‍ജിനിയറിംഗ് കോളേജും, എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററും തുടങ്ങുന്നെന്ന്. ഇന്ന് പലരും സ്ഥലം വില്‍ക്കുന്നുണ്ടോ എന്ന് ചോദിച്ചു വന്നിരുന്നു. നീയല്ലേ അയര്‍ലന്റില്‍ മീന്‍ കട തുടങ്ങണം അതിന് നല്ല സ്‌കോപ്പാ എന്ന് പറഞ്ഞത്. ഈ സ്ഥലമങ്ങ് വിറ്റ് പൈസ അങ്ങോട്ട് മാറ്റിയാലോ.
വര്‍ഷം 2006, ഷേര്‍ളിയുടെ തെറി കേട്ട് ഊപ്പാടുതെറ്റിയ ബെന്നിച്ചന്‍ പോസ്റ്റ് ബി.എസ്.സി ക്ക് ബാംഗ്ലൂരില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നുണ പറഞ്ഞ് നാട്ടിലേക്ക് വച്ചുപിടിച്ചു.
ഏതു പട്ടിക്കും ഒരു കാലമുണ്ട് എന്ന് പറയുന്നതു പോലെ നാട്ടില്‍ ചെന്ന് തിരുമേനീടെ എന്‍ട്രന്‍സ് സെന്ററിന്റെ അടുത്തുള്ള പ്ലോട്ട് വിറ്റ് റിയല്‍എസ്റ്റേറ്റ് കച്ചവടം തുടങ്ങിയ ബെന്നിച്ചന്റെ ശുക്രന്‍ തെളിഞ്ഞു. കോച്ചിംഗ് സെന്ററിന്റെ അടുത്ത് പിള്ളേരെ താമസിപ്പിക്കുന്നതിനുള്ള ഹോസ്റ്റല്‍, എന്‍ട്രന്‍സ് പഠിക്കുന്ന പെമ്പിള്ളേരുടെ പുരികമൊക്കെ പറിച്ച് സുന്ദരിയാക്കാനായി ബൂട്ടി പാര്‍ലറും, ബൂട്ടിക്കും. പാലാ ടൗണില്‍ ac കല്യാണമണ്ഡപവും ആഡിറ്റോറിയവും. ആഡിറ്റോറിയത്തിന്റെ മുകളില്‍ IELTS പഠന കേന്ദ്രവും, അയര്‍ലന്റ് റിക്രൂട്ട്‌മെന്റും. അലുവയും മത്തിക്കറിയും പോലെ ഒരു ബന്ധവുമില്ലാത്ത പല ബിസിനസുകള്‍, എവിടെ തൊട്ടാലും കാശ്. ഇതിനകം യൂത്ത് ഫ്രണ്ട് ബൂത്ത് സെക്രട്ടറിയായ ബെന്നിച്ചന്‍ പാലായിലെ പല പ്രമുഖ മാണികോണ്‍ഗ്രസുകാരെയും വെട്ടി മീനച്ചില്‍ മില്‍മാ പ്രസിഡന്റുമായി. അങ്ങനെ പാലാ ടൗണിലെ ബെന്നിച്ചന്റെ സ്ഥാനവും അക്കൗണ്ടിലെ പണവും ഒരുപോലെ ഉയര്‍ന്നുകൊണ്ടിരുന്നു.
വര്‍ഷം 2012, നാട്ടിലേക്ക് പോന്നപ്പോള്‍ ഒരു വയസുണ്ടായിരുന്ന ഏക മകന്‍ കിച്ചു ഇപ്പോള്‍ ഡബ്ലിനിലെ സ്‌കൂളില്‍ ഒന്നാം ക്ലാസിലാണ്. ഷേര്‍ളിക്ക് ഇപ്പോള്‍ വയസ് 40.കഠിനാദ്ധ്വാനിയായ അവളുടെ മുട്ടിന്റെയും നടുവിന്റെയും പാര്‍ട്ട്‌സുകള്‍ ഏതാണ്ട് തീരാറായിരിക്കുന്നു. ഇപ്പോള്‍ എന്നും വിളിയാണ് ഡബ്ലിനിലേക്ക് ചെല്ലാന്‍ പറഞ്ഞ്.
ഇതിഹാദിന്റെ ഇക്കണോമി ക്ലാസില്‍ നാട്ടിലേക്ക് പോയ ബെന്നിച്ചന്‍ ബിസിനസ് ക്ലാസില്‍ ഭാര്യയെയും, കുഞ്ഞിനെയും കാണാനായി അയര്‍ലന്‍ഡിലേക്ക് എത്തി. സ്ഥിരമായി സാമ്പാറും ലിഡിലിലെ പച്ചരിചോറും വിളമ്പിയിരുന്ന ഷേര്‍ളി മേശ നിറയെ വിഭവങ്ങളുമായി സ്‌നേഹത്തോടെ തന്റെ കാന്തനെ ഊട്ടി..
കുളികഴിഞ്ഞ് ഏക മകന്‍ കിച്ചു എന്ന് വിളിക്കുന്ന സെന്‍സനെ അപ്പുറത്തെ മുറിയില്‍ മാറ്റി കിടത്തി ബെന്നിച്ചന്റ മാറില്‍ തലവച്ചുകിടന്നുകൊണ്ട് ഷേര്‍ളി നാണത്തോടെ പറഞ്ഞു, എനിക്കന്നേ അറിയാമായിരുന്നു ബെന്നിച്ചാ നിങ്ങടെ എബിലിറ്റിയും, പൊട്ടന്‍ഷ്യലും. അപ്പോള്‍ മീനച്ചില്‍ പാര്‍ട്ടിയുടെ അയര്‍ലന്റ് ഘടകം ഡബ്ലിനില്‍ എങ്ങനെ ഉണ്ടാക്കാം എന്ന ഗാഡമായ ചിന്തയിലായിരുന്നു ബെന്നിച്ചന്‍….
(ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായോ, മരിച്ചവരുമായോ ഏതെങ്കിലും സാദൃശ്യം ഉണ്ടെങ്കില്‍ അത് യാദൃശ്ചികം മാത്രമാണ്….. കഥ തുടര്‍ന്നേക്കാം )
ജോമി ജോസ് കില്‍ക്കെനി
മാങ്കുളം – നെടുമ്പാശേരി വഴി അയര്‍ലന്‍ഡ് : ഒരു ഫ്‌ലാഷ് ബാക്ക് കഥ (ഒന്നാം ഭാഗം) : https://irishmalayali.ie/ireland-via-mankulam-nedumbassery-a-flashback-story/
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x
Comments are closed.