വത്തിക്കാന്‍ സിറ്റി: ഭാരതത്തിന് വെളിയിലെ സീറോ മലബാര്‍ യുവജനങ്ങള്‍ക്കായി അന്താരാഷ്ട്രതലത്തില്‍ സംഘടിപ്പിക്കുന്ന പ്രഥമ യുവജന നേതൃസംഗമത്തിന് ഇന്ന് ജൂണ്‍ 17ന് റോമാ നഗരത്തില്‍ തിരിതെളിയും.
അഞ്ച് രാജ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 70 യുവജന ശുശ്രൂഷകര്‍; രണ്ട് കര്‍ദിനാള്‍മാര്‍ ഉള്‍പ്പെടെ എട്ട് സഭാപിതാക്കന്മാര്; സംവാദങ്ങളും ചര്‍ച്ചകളും ക്ലാസുകളും ഉള്‍പ്പെടുത്തിയ ആറ് ദിനങ്ങള്‍ നീണ്ടു നില്ക്കുന്ന കാര്യപരിപാടികളാണ് യുവജന നേതൃസംഗമത്തോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.
പാശ്ചാത്യ നാടുകളില്‍ ജീവിതം കെട്ടിപ്പടുക്കുന്ന സീറോ മലബാര്‍ യുവജനങ്ങളെ മിഷണറി തീക്ഷ്ണതയോടെ മുന്നേറാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന യുവജന നേതൃസംഗമത്തിന് ‘എറൈസ് 2022’ എന്നാണ് പേരിട്ടിരിക്കുന്നത്.
അമേരിക്കയിലെ ചിക്കാഗോ, കാനഡയിലെ മിസിസാഗ, ഓസ്ട്രേലിയയിലെ മെല്‍ബണ്‍, യു.കെയിലെ ഗ്രേറ്റ് ബ്രിട്ടണ് എന്നീ സീറോ മലബാര്‍ രൂപതകളുടെയും യൂറോപ്പിലെ സീറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് നേതൃസംഗമം ഒരുക്കുന്നത്.
ആഗോളസഭയുടെ ഭരണസിരാകേന്ദ്രമായ റോമിലെ ‘മരിയ മാത്തര്‍’ പൊന്തിഫിക്കല്‍ കോളജ് വേദിയാകുന്ന സംഗമം ജൂണ്‍ 22 വരെ നീണ്ടുനില്‍ക്കും. ഈ യുവജന നേതൃനിരയെ വത്തിക്കാനില്‍ സ്വീകരിച്ച് ഫ്രാന്‍സിസ് പാപ്പ അഭിസംബോധന ചെയ്യുന്നതും സംഗമത്തിന്റെ സവിശേഷതയാകും. നാളെ, ജൂണ്‍ 18 വത്തിക്കാന്‍ സമയം ഉച്ചയ്ക്ക് 12.00നാണ് മാര്‍പാപ്പയുമായുള്ള മലയാളി യുവതയുടെ കൂടിക്കാഴ്ച.
പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയം അധ്യക്ഷന്‍ കര്‍ദിനാള്‍ ലിയാനാര്‍ദോ സാന്ദ്രി സംഗമത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ചിക്കാഗോ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട്, മിസിസാഗാ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍, മെല്‍ബണ്‍ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ബോസ്ക്കോ പുത്തൂര്‍, ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, യൂറോപ്പിലെ സീറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവരുടെ മുഴുവന്‍ സമയ പങ്കാളിത്തവും ‘എറൈസ് 2022’നെ ശ്രദ്ധേയമാക്കും.
ക്രിസ്തുവിനെ കണ്ടുമുട്ടുകയും അവിടുന്നുമായുള്ള ആത്മബന്ധത്തിന് ആഴം കൂട്ടുകയും ചെയ്യുക, സീറോ മലബാര്‍ സഭയെയും അതിന്റെ അപ്പസ്തോലിക പാരമ്പര്യവും അനുഭവിച്ചറിയുക, സീറോ മലബാര്‍ സഭയുടെ ദൗത്യത്തിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും യുവജനങ്ങളെ ആകര്‍ഷിക്കുക, അവരെ മിഷനറി ചൈതന്യമുള്ള തീര്‍ത്ഥാടകരാക്കുക എന്നീ ലക്ഷ്യങ്ങളിലൂന്നിയാണ് സെഷനുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
വിശുദ്ധ അല്‍ഫോന്‍സ, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്, വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുറ്റിസ് എന്നിവരാണ് സംഗമത്തിന്റെ വിശേഷാല്‍ മധ്യസ്ഥര്‍. സംഗമത്തിന്റെ ഓരോ ദിനത്തിലും ഓരോ തിരുവചനമാണ് ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്നത്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x
Comments are closed.