head1
head3

അയര്‍ലണ്ടിലെ വര്‍ദ്ധിക്കുന്ന ജീവിതച്ചെലവുകള്‍; സര്‍ക്കാര്‍ വിവിധ സഹായ പദ്ധതികള്‍ പരിഗണിക്കുന്നു

ഡബ്ലിന്‍ : വര്‍ധിച്ച ജീവിതച്ചെലവുകള്‍ താങ്ങാനാകാതെ വലയുന്ന ജനങ്ങളെ സഹായിക്കുന്നതിന് വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നു. ഇടത്തരം കുടംബങ്ങളെ സഹായിക്കുന്നതിന് നികുതിയിളവുകള്‍ ഉള്‍പ്പടെയുണ്ടാകുമെന്നാണ് സൂചന.

വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവ് ലഘൂകരിക്കാന്‍ ഗവണ്‍മെന്റിന് മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണിത്. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് യൂറോയ്ക്ക് മുകളിലാണ് വില. ഇതിന്റെ പ്രതിഫലനം എല്ലാ നിത്യോപയോഗ സാധനങ്ങളിലേയ്ക്കുമെത്തിയിട്ടുണ്ട്.

അടുത്ത ബജറ്റില്‍ ആശ്വാസ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ഇത്തരം ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇടത്തരം വരുമാനക്കാര്‍ക്കായി 30% നികുതി ബാന്‍ഡ് കൊണ്ടു വരുമെന്നാണ് കരുതുന്നത്.

പുതിയ മിഡില്‍ റേറ്റ് ടാക്സ് ബാന്റ് വരുമെന്ന് നേരത്തേ ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍ സൂചന നല്‍കിയിരുന്നു. മന്ത്രി ഹീതര്‍ ഹംഫ്രീസും ഈ നിര്‍ദ്ദേശത്തെ പിന്തുണച്ചിരുന്നു.

ചൈല്‍ഡ് കെയര്‍ സബ്സിഡികള്‍

ശിശു സംരക്ഷണ ചെലവ് കുറയ്ക്കുന്നതിന് സബ്‌സിഡികള്‍ ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ പദ്ധതിയുണ്ട്. ചൈല്‍ഡ് കെയറിനായി രക്ഷിതാക്കള്‍ക്ക് ഒരു കുട്ടിക്ക് പ്രതിമാസം ഏകദേശം 800 യൂറോയാണ് നല്‍കുന്നത്. ഇത് വര്‍ധിപ്പിക്കുന്നതിനാണ് ആലോചിക്കുന്നത്. ചൈല്‍ഡ് കെയര്‍ ഫീസ് കുറയ്ക്കുന്നതിനും പദ്ധതിയുണ്ട്.

ക്ഷേമ പായ്ക്കേജുകള്‍

ചെറുപ്പക്കാര്‍ക്ക് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് നിരക്കിലെ ഇളവുകളും പരിഗണിക്കുന്നുണ്ട്. 20% ഡിസ്‌കൗണ്ട് അടുത്ത വര്‍ഷത്തേക്ക് നീട്ടുന്നതും ശതമാനം വര്‍ധിപ്പിക്കുന്നതുമൊക്കെ പരിഗണിച്ചേക്കും. കോളേജ് ഫീസ്, ഹോസ്പിറ്റല്‍ ചാര്‍ജുകള്‍, മെഡിക്കല്‍ കണ്‍ട്ടിംഗ് എന്നിവ കുറയ്ക്കുന്ന ക്ഷേമ പായ്ക്കേജും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്നാണ് സൂചന.

ഈ വര്‍ഷം ആദ്യം സര്‍ക്കാര്‍ 2.5 ബില്യണ്‍ യൂറോയുടെ സഹായ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഡീസലിനും പെട്രോളിനുമുള്ള എക്സൈസ് നികുതി വെട്ടിക്കുറയ്ക്കല്‍, ഗ്യാസിന്റെയും വൈദ്യുതിയുടെയും വാറ്റില്‍ ഇളവ്, പബ്ലിക് ട്രാന്‍സ്പോര്‍ട്ട് നിരക്കുകളില്‍ 20% ഡിസ്‌കൗണ്ട് എന്നിവയാണ് ഇതിലുള്‍പ്പെട്ടിരുന്നത്.

എന്നാല്‍ ഇവയൊന്നും ഫലപ്രദമായില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അതിനാല്‍ പുതിയ നടപടികളുണ്ടാകണമെന്നും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിന് മിനി ബജറ്റ് അവതരിപ്പിക്കണമെന്നുമാണ് അവര്‍ ആവശ്യപ്പെടുന്നത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x

Comments are closed.