head1
head3

ഇലക്ട്രിക് അയര്‍ലണ്ട് നിങ്ങളെ സഹായിച്ചേക്കും, രണ്ടു മില്യണ്‍ യൂറോ ഹാര്‍ഡ്ഷിപ് ഫണ്ടില്‍ ഇനിയും തുക മിച്ചം! ഇപ്പോഴും സഹായത്തിനായി അപേക്ഷിക്കാം

ഡബ്ലിന്‍ : വൈദ്യുതി ബില്ലുകളടയ്ക്കാന്‍ ബുദ്ധിമുട്ടുന്നവരെ സഹായിക്കാന്‍ പ്രഖ്യാപിച്ച ഇലക്ട്രിക് അയര്‍ലണ്ടിന്റെ സഹായ പദ്ധതിയില്‍ ഇപ്പോഴും തുക ബാക്കി. കോവിഡ് കാലത്ത് ദുരിതബാധിതരെ സഹായിക്കുന്നതിനായി കൊണ്ടുവന്ന രണ്ടു മില്യണ്‍ യൂറോ ഹാര്‍ഡ്ഷിപ് ഫണ്ടില്‍ ഇപ്പോഴും തുക മിച്ചമാണ്. രണ്ടു മില്യണ്‍ യൂറോ പദ്ധതിയില്‍ ധനസഹായത്തിന്റെ നാലിലൊന്ന് മാത്രമേ ഇതുവരെ വിതരണം ചെയ്തിട്ടുള്ളൂ. സഹായം ആവശ്യമുള്ളവര്‍ക്ക് 1.4 മില്യണ്‍ യൂറോ ഇപ്പോഴും ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.

സൊസൈറ്റി ഓഫ് സെന്റ് വിന്‍സെന്റ് ഡി പോള്‍, ദി മണി അഡൈ്വസ് ആന്‍ഡ് ബഡ്ജറ്റിംഗ് സര്‍വീസ് എന്നിവയുമായി ചേര്‍ന്നാണ് 2021 മാര്‍ച്ചില്‍ കോവിഡ് ഹാര്‍ഡ്ഷിപ്പ് ഫണ്ട് പദ്ധതി തുടങ്ങിയത്.

ഒരു വര്‍ഷമായി ഇലക്ട്രിക് അയര്‍ലണ്ടിന്റെ ഉപഭോക്താക്കളായവര്‍ക്കാണ് സഹായത്തിന് അര്‍ഹതയുള്ളത്. കുടിശ്ശിക ഇല്ലാത്തവരും സ്വന്തമായി വൈദ്യുതി/ ഗ്യാസ് അക്കൗണ്ട് ഉള്ളവരുമായിരിക്കണം അപേക്ഷകര്‍. ഉപഭോക്താവിന്റെ ഈ അക്കൗണ്ടില്‍ ക്രെഡിറ്റ് രൂപത്തിലായിരിക്കും പേയ്‌മെന്റ് എത്തുക. കാഷ് ആയി റീഫണ്ട് ചെയ്യാന്‍ കഴിയില്ല. എന്നാല്‍ ഇതുപയോഗിച്ച് ഇലക്ട്രിക് /ഗ്യാസ് പേ ആസ് യു ഗോ (പേ ജി) മീറ്ററുകള്‍ക്കും പണമടയ്ക്കാം.

പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എസ് വി പി വെബ്‌സൈറ്റില്‍ ലഭിയ്ക്കും. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ ഒമ്പതു മുതല്‍ രാത്രി 8 വരെ എം എ ബി എസ് ഹെല്‍പ്പ്‌ലൈനിലും (0818 07 2000) ബന്ധപ്പെടാം.

ഇലക്ട്രിക് അയര്‍ലണ്ട് ഗാര്‍ഹിക ഇലക്ട്രിസിറ്റിയുടെയും ഗ്യാസിന്റെയും വില മേയ് ഒന്നു മുതല്‍ വര്‍ധിപ്പിച്ചിരുന്നു. വൈദ്യുതി നിരക്ക് 23.4%വും ഗ്യാസ് വില 24.8%വുമാണ് കമ്പനി കൂട്ടിയത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x

Comments are closed.