head3
head1

കോവിഡിനെ തുരത്തണോ… എങ്കില്‍, പ്രതിരോധം വര്‍ഷങ്ങളോളം തുടരണം…

ഡബ്ലിന്‍ : കോവിഡിനെ പൂര്‍ണമായും തുരത്താന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങളോളം തുടരേണ്ടി വരുമെന്ന മുന്നറിയപ്പുമായി എന്‍പിഎച്ച്ഇറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. കിലിയണ്‍ ഡി ഗാസ്‌കണ്‍.

അതേസമയം, അയര്‍ലണ്ടിലെ കോവിഡ് കേസുകള്‍ നാള്‍ക്കുനാള്‍ കുതിച്ചുയരുകയാണ്.

ഡബ്ലിനിലെ സ്ഥിതിഗതികള്‍ വഷളാകുന്നതിന് മുമ്പ് തന്നെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാരും എന്‍പിഎച്ച്ഇറ്റിയും കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ഗാസ്‌കണ്‍ പറയുന്നു.

കോവിഡ് കേസുകള്‍ കുതിച്ചുയരുന്നത് ആശങ്കയുളവാക്കുന്നതാണെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ കോവിഡ് കേസുകളും ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ എണ്ണവും ദിനംപ്രതി കുതിച്ചുയരുകയാണ്.

അടുത്ത ആഴ്ച എന്തു ചെയ്യണമെന്ന് ഇപ്പോഴേ പ്ലാന്‍ ചെയ്തു കഴിഞ്ഞു. ഇത് തെറ്റാണ്. അടുത്തയാഴ്ച സംഭവിക്കാനിരുന്ന കേസുകള്‍ നിലവില്‍ സംഭവിച്ച് കഴിഞ്ഞു. അതിനാല്‍ ഇതനുസരിച്ചുള്ള കൂടുതല്‍ ക്രമീകരണങ്ങള്‍ നടപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ കണക്കുകളെ അടിസ്ഥനത്തില്‍ പ്രതിദിനം 500മുതല്‍ 1000 വരെ കേസുകള്‍ അയര്‍ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്‌തേക്കും.

ഇത് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും ഐസിയുവില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും മരണസംഖ്യയിലും വലിയ വര്‍ധനവുണ്ടാക്കും.

ഇതിനാല്‍ നമുക്ക് ഏറ്റവും വേണ്ടപ്പെട്ട കാര്യങ്ങളില്‍ പോലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. കോവിഡ് പൂര്‍ണ നിയന്ത്രണത്തിലാകുന്നത് വരെ അത് തുടരുകയും വേണം.

തങ്ങളുടെ പ്രിയപ്പെട്ടവര്‍, വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം തുടങ്ങിയവ സംരക്ഷിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് എന്‍പിഎച്ച്ഇറ്റി യെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കര്‍ശന നിയന്ത്രണങ്ങളുടെ ഭാഗമായി പബ്ബുകള്‍ക്കും, റെസ്‌റ്റോറന്റുകള്‍ക്കും, ഒത്തുചേരലുകള്‍ക്കും വിലക്കേര്‍പ്പെടുത്തുന്നതില്‍ എന്‍പിഎച്ച്ഇറ്റിയ്ക്ക് യാതൊരു ഒളിയജണ്ടയും ഇല്ലെന്ന് ഒരു മെഡിക്കല്‍ വൈറോളജിസ്റ്റ് പറഞ്ഞു.

പൊതുജനാരോഗ്യം സുരക്ഷിതമാക്കാനും കോവിഡ് ബാധിതരുടെ സമ്പര്‍ക്കം കുറക്കാനുമുള്ള ശ്രമത്തിലാണ് എന്‍പിഎച്ച്ഇറ്റി എന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡിന്റെ ഭാഗമായുള്ള കര്‍ശന നിയന്ത്രണങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും വര്‍ഷങ്ങളോളം തുടരേണ്ടി വരുമ്പോഴുണ്ടാകുന്ന രാജ്യത്തിന്റെ മാനസികാരോഗ്യം, സാമൂഹിക ഒറ്റപ്പെടല്‍, മറ്റ് ബുദ്ധിമുട്ടുകള്‍ എന്നിവ സംബന്ധിച്ച് പഠിക്കുമെന്നും ഗാസ്‌കണ്‍ പറയുന്നു.

‘ നിയന്ത്രണാതീതമായ ഒരു മഹാമാരി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്‌ക്കോ മാനസികാരോഗ്യത്തിനോ നല്ലതല്ല. ഇത് നിയന്ത്രണ വിധേയമാക്കാനുള്ള പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ഞങ്ങള്‍’ – ഗാസ്‌കണ്‍ പറഞ്ഞു.

അതേസമയം, ശാരീരിക അകലം പാലിക്കുക എന്നത് തന്നെയാണ് കോവിഡില്‍ നിന്ന സുരക്ഷിതരായിരിക്കാനുള്ള ഫലപ്രദമായ മാര്‍ഗമെന്നാണ് എന്‍പിഎച്ച്ഇറ്റിയുടെ കണ്ടെത്തല്‍.

ലാവോയിസ്, കില്‍ഡെയര്‍, ഓഫാലി എന്നിവടങ്ങളിലെ പ്രാദേശിക ലോക്ക്ഡണ്‍ ഈ നിര്‍ദേശത്തെ ബലപ്പെടുത്തുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ രോഗികളുടെ നിരക്ക് ആയിരം പേരില്‍ മൂന്നായി കുറക്കാനും ഇക്കാലയളവില്‍ എന്‍പിഎച്ച്ഇറ്റിയ്ക്ക് സാധിച്ചു.

എന്നാല്‍, ഇപ്പോള്‍ ഈ നിരക്ക് രാജ്യത്ത് അമ്പതും ഡബ്ലിനില്‍ മാത്രം നൂറും ആണെന്നത് കൂടുതല്‍ ആശങ്കയുളവാക്കുന്നു.

ആളുകള്‍ സ്വീകരിച്ച പുതിയ ശീലങ്ങള്‍ വരുന്ന രണ്ട് വര്‍ഷത്തെക്കെങ്കിലും തുടരേണ്ടി വരും. വാക്‌സിന്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കണ്ടുപിടിക്കുന്നത് വരെ ജനങ്ങള്‍ ആരോഗ്യ വകുപ്പിനോടും സര്‍ക്കാരിനോടും സഹകരിക്കുകയും കര്‍ശന ജാഗ്രതപുലര്‍ത്തുകയും വേണം.

നമ്മള്‍ ഓരോരുത്തരും എപ്പോള്‍ വേണമെങ്കിലും രോഗബാധിതരായേക്കാമെന്ന രീതിയില്‍ ആയിരിക്കണം നമ്മുടെ പ്രവര്‍ത്തനങ്ങളെന്നും ഗാസ്‌കണ്‍ വ്യക്തമാക്കുന്നു.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.