head3
head1

കുതിച്ചുയരുന്ന വീട്ടുവാടക മൂലം ജനജീവിതം കഷ്ടത്തിലെന്ന് സിഎസ്ഒ

ഡബ്ലിന്‍ : കുതിച്ചുയരുന്ന വീട്ടുവാടക ഉള്‍പ്പടെയുള്ള ചെലവുകള്‍ താങ്ങാനാകാതെ നല്ലൊരു വിഭാഗം ആളുകളുടെ ജീവിതം കഷ്ടത്തിലാണെന്ന് സി എസ് ഒയുടെ കണക്കുകള്‍. പ്രതിസന്ധി മൂലം രാജ്യത്തെ ആറിലൊരാള്‍ക്ക് മുടങ്ങാതെ വാടക നല്‍കാന്‍ കഴിയുന്നില്ലെന്നാണ് സിഎസ്ഒ രേഖകള്‍ വെളിപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യത്തെ 16.2% കുടുംബങ്ങള്‍ക്ക് കൃത്യസമയത്ത് വാടക അടയ്ക്കാന്‍ കഴിഞ്ഞില്ലെന്ന് ഡാറ്റ വിശദീകരിക്കുന്നു.

വീടുകളില്ലാതെ വാടകയ്ക്ക് കഴിയുന്ന നിരവധിയായ ആളുകളുണ്ട്. വാടകക്കാര്‍ക്ക് പോകാന്‍ വേറെ മാര്‍ഗ്ഗമില്ലെന്നറിയാവുന്നതിനാല്‍ ഭൂഉടമകള്‍ നിര്‍ദ്ദാഷിണ്യം വാടക ഉയര്‍ത്തിക്കൊണ്ടേയിരിക്കുകയാണ്. 2021 അവസാനം വരെ വാടകയില്‍ 9% വര്‍ധനവുണ്ടായെന്ന് റസിഡന്‍ഷ്യല്‍ ടെനന്‍സീസ് ബോര്‍ഡ് ഇന്‍ഡക്സ് വെളിപ്പെടുത്തുന്നു. വാട്ടര്‍ഫോര്‍ഡിലും റോസ്‌കോമണിലും 25% വാടക വര്‍ധിച്ചുവെന്ന് കണക്കുകള്‍ പറയുന്നു. വിലക്കയറ്റം പരിഗണിച്ച് മൂന്ന് വര്‍ഷത്തേയ്ക്ക് വാടക മരവിപ്പിക്കണമെന്ന് ലേബര്‍ സെനറ്റര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഭവനരഹിതരുടെ എണ്ണവും ഏറുന്നു

രാജ്യത്തെ ഭവനരഹിതരുടെ എണ്ണവും ഗണ്യമായി ഉയരുകയാണ്. മാര്‍ച്ചില്‍ മാത്രം 9,825 ആളുകള്‍ ഭവനരഹിതരായെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഭവനരഹിതരുടെ എണ്ണത്തില്‍ ഫെബ്രുവരിയേക്കാള്‍ 3.5% വര്‍ധനവുണ്ടായി. ഭവനരഹിതരായ കുടംബങ്ങളുടെ എണ്ണത്തില്‍ അഞ്ച് ശതമാനം വര്‍ധനവാണുണ്ടായത്.

18നും 24നുമിടയില്‍ പ്രായമുള്ള 1,230 പേര്‍ ഭവനരഹിതരായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം പത്തില്‍ നാല് കുടുംബങ്ങളും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവരാണെന്ന് സിഎസ്ഒ പറയുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x

Comments are closed.