ഡബ്ലിന്‍ : ഇന്ധന വിലയടക്കമുള്ള ചെലവുകളുടെ വര്‍ധന തുടരുന്നതിനാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന യാത്രാ നിരക്കുകള്‍ ഇനിയും കൂടുമെന്ന് സൂചനകള്‍. വിമാനക്കമ്പനികളുടെ മൊത്തത്തിലുള്ള ചെലവിന്റെ നല്ലൊരു ഭാഗവും ഇന്ധനച്ചെലവാണ്. സാധാരണഗതിയില്‍ 25-30% വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇന്ത്യയിലേക്കുള്ള യാത്രാ നിരക്കുകളില്‍ ഇപ്പോള്‍ കാര്യമായ തോതിലുള്ള വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്.
കോവിഡ് കാലത്തിന് ശേഷം ഇതാദ്യമായി സമ്മറില്‍ നാട്ടിലേയ്ക്ക് യാത്ര ചെയ്യാനിരിക്കുന്നവരെ വിമാനക്കമ്പനികള്‍ ‘കൊന്നു കൊലവിളിയ്ക്കുകയാണ്’.
ഇന്ധനച്ചെലവുകള്‍ ഉപഭോക്താക്കള്‍ക്കു മേല്‍ പതിക്കാതിരിക്കാന്‍ കാരണമൊന്നുമില്ലെന്നാണ് വിമാന കമ്പനി മേധാവികള്‍ പറയുന്നത്.
എയര്‍ലൈനിലെ യാത്രാനിരക്കുകള്‍ വര്‍ധിപ്പിക്കുന്നത് ഒഴിവാക്കാനാവില്ലെന്ന് എയര്‍ ലിംഗസിന്റെ ചീഫ് എക്സിക്യൂട്ടീവ് ലിന്‍ എംബ്ലെട്ടണ്‍ പറഞ്ഞു. ഇന്ധന വില കുതിക്കുന്നതിനാല്‍ ചാര്‍ജ്ജ് വര്‍ധന അനിവാര്യമാണെന്ന് ലിന്‍ എംബ്ലെട്ടണ്‍ പറഞ്ഞു.
അതേസമയം, യൂറോപ്യന്‍, യു എസ് ഡസ്റ്റിനേഷനുകളിലേക്ക് ഇപ്പോഴും കുറഞ്ഞ നിരക്കുകളില്‍ യാത്ര സാധ്യമാണെന്ന് കമ്പനികള്‍ വെളിപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഏഷ്യന്‍, ആസ്‌ട്രേലിയന്‍, ആഫ്രിക്കന്‍ ഡെസ്റ്റിനേഷനുകള്‍ക്ക് മാത്രം ടിക്കറ്റ് നിരക്കുകള്‍ കൂടുന്നത് ‘അത്ഭുത പ്രതിഭാസമാണ്’.
ജീവനക്കാരുടെ കുറവ് യാത്രാ പദ്ധതികളെ ബാധിക്കുന്നുണ്ടെന്നും മറ്റുമുള്ള ന്യായങ്ങള്‍ പറയുന്നതല്ലാതെ അതിനു കാര്യമായ തെളിവ് നിരത്താനൊന്നും കമ്പനികള്‍ക്കാവുന്നില്ല.
ഏഷ്യന്‍ ട്രാവല്‍ മേഖലയെ പിടിച്ചെടുത്ത ഗള്‍ഫിലെ വിമാന കമ്പനികള്‍ തരാതരം നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് മറ്റു കമ്പനികളുടെ നിരക്കിനെയും സ്വാധീനിക്കുന്നുണ്ട്.
കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം തുറന്ന ഇന്ത്യന്‍ സാധ്യതകളെ പരമാവധി ചൂഷണം ചെയ്യാനുള്ള മത്സരത്തിലാണ് വിമാന കമ്പനികള്‍.
ലോകത്തിലെ തിരക്കേറിയ വിമാനത്താവളങ്ങളുടെ ലിസ്റ്റില്‍ ദുബായ് വിമാനത്താവളത്തെ പിന്തള്ളി ന്യൂ ഡല്‍ഹി ഇപ്പോള്‍ ചരിത്രസ്ഥാനം നേടിയത് ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ ബാഹുല്യമാണ് ദൃശ്യമാക്കുന്നത്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x
Comments are closed.