head3
head1

ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും പണം തട്ടാന്‍ പുതിയ നമ്പറുമായി ഓണ്‍ലൈന്‍ ക്രിമിനലുകള്‍

തട്ടിപ്പുകാര്‍ ബാങ്കിന്റെ പേരില്‍ ടാക്സികള്‍ ഏര്‍പ്പെടുത്തി കാര്‍ഡുകള്‍ തിരികെ വാങ്ങുന്നു

ഡബ്ലിന്‍ : ടാക്സി ഡ്രൈവര്‍മാരെ ഉപയോഗിച്ച് ബാങ്കിന്റെ പേരില്‍ ഉപഭോക്താക്കളില്‍ നിന്നും കാര്‍ഡുകള്‍ തിരികെ വാങ്ങി തട്ടിപ്പുകാരുടെ പുതിയ നമ്പര്‍. ടാക്സി ഡ്രൈവര്‍മാരെയാണ് തട്ടിപ്പില്‍ കണ്ണിചേര്‍ത്തിട്ടുള്ളതെന്ന് എ.ഐ.ബി ഉപഭോക്താക്കളെ ഓര്‍മ്മിപ്പിച്ചു. ബാങ്ക് ഒരിക്കലും കാര്‍ഡ് തിരികെ ചോദിക്കില്ലെന്ന് എഐബി അറിയിച്ചു. ചില കേസുകളില്‍ കൊറിയര്‍ ഏജന്‍സികളെ ഉപയോഗിച്ചും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ഗാര്‍ഡ പറയുന്നു.

തട്ടിപ്പിന്റെ വഴി ഇപ്രകാരം :

എ ഐ ബിയില്‍ നിന്നാണെന്നു പറഞ്ഞ് ഒരാള്‍ വിളിയ്ക്കുന്നു, കാര്‍ഡ് ക്രിമിനലുകളുടെ കൈയ്യില്‍പ്പെട്ടു, അതിനാല്‍ അത് കളക്ട് ചെയ്യുന്നതിനായി ഒരു ടാക്സി ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കാര്‍ഡ് അയാളുടെ പക്കല്‍ കൊടുത്തുവിടണമെന്നും ഉപഭോക്താവിനെ അറിയിക്കുന്നു. അതനുസരിച്ചെത്തുന്ന ടാക്സിക്കാരന്റെ പക്കല്‍ കാര്‍ഡ് ഏല്‍പ്പിക്കുന്നതോടെ പണം അക്കൗണ്ടില്‍ നിന്നും പോകുന്നു. കാര്‍ഡ് തിരികെ ഏല്‍പ്പിക്കുന്നതുവരെ ഉപഭോക്താവിനെ വിശ്വസിപ്പിക്കാന്‍ തുടര്‍ച്ചയായി തട്ടിപ്പുകാര്‍ വിളിച്ചു കൊണ്ടേയിരിക്കും. അതിനാല്‍ ഉപഭോക്താവിന് മാറി ചിന്തിക്കാന്‍ പോലും അവസരം നല്‍കില്ല. ബാങ്കിന്റെ പേരില്‍ വ്യാജ വെബ്സൈറ്റുകളും ഇതിനായി ഉപയോഗിക്കുന്നു.

ബാങ്ക് കാര്‍ഡ് ആവശ്യപ്പെടില്ല….

കാര്‍ഡ് കൈക്കലാക്കാന്‍ പല തരത്തിലും ബാങ്കുകളുടെ പേരില്‍ വിളി വന്നേക്കാം. എന്നാല്‍ അതിലൊന്നും വീഴരുത്. ഒരു കാരണവശാലും കാര്‍ഡുകള്‍ തിരികെ വാങ്ങുന്ന പ്രശ്നം ബാങ്കിനെ സംബന്ധിച്ചിടത്തോളം ഉദിക്കുന്നില്ല. കാര്‍ഡ് എടുക്കാന്‍ ഒരിക്കലും ടാക്സിയും അയയ്ക്കില്ല. അതുപോലെ ഒരു ലിങ്കിലും ക്ലിക്ക് ചെയ്യാന്‍ ബാങ്ക് ആവശ്യപ്പെടില്ല. സംശയാസ്പദമായി എന്തെങ്കിലും കണ്ടാല്‍ അപ്പോള്‍ത്തന്നെ കാര്‍ഡ് ഫ്രീസ് ചെയ്യാനോ ഓണ്‍ലൈന്‍ ഇടപാടുകള്‍ റദ്ദാക്കാനോ കഴിയുമെന്ന് ബാങ്ക് പറഞ്ഞു. ബാങ്ക് കാര്‍ഡ്, പിന്‍ നമ്പര്‍, വണ്‍ടൈം കോഡ്, ബാങ്കിംഗ് വിശദാംശങ്ങള്‍ എന്നിവ ഒരിക്കലും മറ്റൊരാള്‍ക്ക് കൈമാറരുതെന്ന് ബാങ്ക് നിര്‍ദ്ദേശിച്ചു.

ജി എന്‍ ഇ സി ബി ഓര്‍മ്മപ്പെടുത്തുന്നു

ബാങ്ക് അക്കൗണ്ടുകള്‍ ലക്ഷ്യമിടുന്ന തട്ടിപ്പിനെക്കുറിച്ച് ഈ മാസമാദ്യം ഗാര്‍ഡ നാഷണല്‍ ഇക്കണോമിക് ക്രൈം ബ്യൂറോ (ജി എന്‍ ഇ സി ബി)യും മുന്നറിയിപ്പ് നല്‍കിയിരുന്നു. ബാങ്കിന്റെ അതേ മാതൃകയില്‍ വെബ്‌സൈറ്റ് ഡിസൈന്‍ ചെയ്താണ് തട്ടിപ്പുകാര്‍ ഇരകളെ സമീപിക്കുക. എസ് എം എസുകളും ഇമെയിലുകളും ബാങ്കില്‍ നിന്നാണെന്ന് കരുതാന്‍ ഇത് കാരണമാകും. ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് തുടര്‍ച്ചയായി ഉപഭോക്താക്കളെ ഇവര്‍ ബന്ധപ്പെട്ടുകൊണ്ടേയിരിക്കും. പിന്നീട് കാര്‍ഡുകളുടെ വിശദാംശങ്ങള്‍ ക്രിമിനലുകളുടെ പക്കലെത്തിയെന്നും അതിനാല്‍ അവ തിരികെ വാങ്ങുകയാണെന്നും ടാക്സിയേയോ കൊറിയര്‍ ഏജന്‍സിയെയോ അത് ഏല്‍പ്പിക്കണമെന്ന് തട്ടിപ്പുകാര്‍ ഉപഭോക്താക്കളെ അറിയിക്കും. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ നിതാന്ത ജാഗ്രത വേണമെന്ന് ഗാര്‍ഡ ഓര്‍മ്മിപ്പിച്ചു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x

Comments are closed.