ഡബ്ലിന്‍ : കുതിച്ചുയരുന്ന ജീവിതച്ചെലവ് മൂലം പ്രതിസന്ധി നേരിടുന്ന ഇടത്തരം കുടുംബങ്ങളെ സഹായിക്കാന്‍ ടാക്സ് വെട്ടിക്കുറയ്ക്കുന്നതിന് ഉപ പ്രധാനമന്ത്രി ലിയോ വരദ്കര്‍ പദ്ധതി തയ്യാറാക്കുന്നു. ഈ പദ്ധതി പ്രാവര്‍ത്തികമായാല്‍ 8,00,000 വരുന്ന ഇടത്തരം വരുമാനക്കാര്‍ ഉയര്‍ന്ന നികുതി നിരക്കില്‍ നിന്നും ഒഴിവാകും. പ്രതിവര്‍ഷം 2000 മുതല്‍ 2500 യൂറോ വരെ ലാഭിക്കാനും ഇവര്‍ക്ക് സാധിക്കും.
36,800 യൂറോയ്ക്കും 60,000 യൂറോയ്ക്കും ഇടയില്‍ വരുമാനമുള്ള ജീവനക്കാര്‍ക്ക് പുതിയ 30% നികുതി നിരക്ക് അവതരിപ്പിക്കുന്നതിനാണ് വരദ്കര്‍ ലക്ഷ്യമിടുന്നത്.
പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടര്‍മാരെ പിന്നില്‍ ഉറപ്പിച്ചു നിര്‍ത്തി അടിത്തറ ശക്തമാക്കുന്നതിനാണ് വരദ്കര്‍ ഇതിലൂടെ ഉന്നം വെയ്ക്കുന്നത്. എന്നാല്‍ ഇതു നടപ്പാക്കുന്നതിന് മുന്നണിയിലെ സഖ്യകക്ഷികളുടെ പിന്തുണ ആവശ്യമാണ്. വര്‍ഷാവസാനത്തോടെ ലിയോ വരദ്കര്‍ പ്രധാനമന്ത്രി പദത്തിലെത്തുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ നികുതി വെട്ടിക്കുറയ്ക്കാനുള്ള മുന്നണിയില്‍ അസ്വാരസ്യമുണ്ടാക്കുമോയെന്നും അറിയേണ്ടതുണ്ട്. എന്നിരുന്നാലും വരദ്കറുടെ ഈ പുതിയ നിര്‍ദ്ദേശത്തിനോട് കാര്യമായ എതിര്‍പ്പുകളുയരാന്‍ സാധ്യതയില്ലെന്നാണ് പൊതു വിലയിരുത്തല്‍.
നിലവില്‍ പ്രതിവര്‍ഷം 36,800 യൂറോ വരെ സമ്പാദിക്കുന്നവര്‍ 20% നിരക്കില്‍ ആദായനികുതി അടയ്ക്കണമെന്നാണ് നിലവിലെ നിയമം. ഇതിന് മുകളില്‍ വരുമാനമുള്ളവര്‍ക്ക് 40%മാണ് നികുതി. വരദ്കറുടെ 30% നികുതി പദ്ധതി പ്രകാരം, 36,800 യൂറോയ്ക്കും 60,000 യൂറോയ്ക്കും ഇടയില്‍ വരുമാനമുള്ള 708,000നും 861,900 നും ഇടയില്‍ ആളുകള്‍ ഉയര്‍ന്ന നികുതിയില്‍ നിന്ന് പുറത്താകും.
സര്‍ക്കാര്‍ ഖജനാവിന് 1.72 ബില്യണ്‍ യൂറോ വരെ ചെലവുണ്ടാകുന്ന നീക്കമാണിതെന്ന് ധനമന്ത്രി പാസ്‌കല്‍ ഡോണോ വ്യക്തമാക്കി. 40% നികുതി നിരക്ക് 30%മായി കുറച്ചാല്‍ ഖജനാവിന് 4 ബില്യണ്‍ യൂറോ ചെലവാകുമെന്ന് ഡോണോ സ്ഥിരീകരിച്ചു. 38,600 യൂറോയ്ക്കും 40,000 നും ഇടയില്‍ മൂന്നാമത്തെ 30% നികുതി കൊണ്ടുവന്നാല്‍ പ്രതിവര്‍ഷം 335 മില്യണ്‍ ചെലവ് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാഷണല്‍ ആന്‍ഡ് യൂറോപ്യന്‍ അഫയേഴ്സില്‍ നടത്തിയ പ്രസംഗത്തിലാണ് വരദ്കര്‍ 30% നികുതിയെന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. കൈയ്യടി ലഭിക്കുന്ന നിര്‍ദ്ദേശമാണിതെങ്കിലും മുന്നണിയില്‍ സമവായമുണ്ടായാല്‍ മാത്രമേ ഇത് നടപ്പാക്കാനാകൂ. ഈ വര്‍ഷാവസാനത്തോടെ ഭരണത്തില്‍ മാറ്റം വരാനിരിക്കെ ഫിനഗേല്‍ നടത്തുന്ന ഈ നീക്കത്തെ ഗ്രീന്‍ പാര്‍ട്ടിയും ഫിന ഫാളും പിന്തുണച്ചില്ലെങ്കില്‍ വരദ്കറുടെ ആശയം നടപ്പാവില്ല.
പദ്ധതി നടപ്പാവും മുമ്പേ പുറത്താവുമോ വരദ്കര്‍ ?
ഇതിനിടെ നിലവിലെ ഉപ പ്രധാനമന്ത്രിയും ഫിന ഗേല്‍ ലീഡറുമായ ലിയോ വരദ്കര്‍ക്കെതിരായ ഔദ്യോഗിക രേഖ ചോര്‍ത്തല്‍ കേസ് അന്വേഷണം അന്തിമഘട്ടത്തിലേയ്ക്ക് നീങ്ങുകയാണ്. അന്വേഷണം പൂര്‍ത്തിയാക്കിയ സ്പെഷ്യലിസ്റ്റ് നാഷണല്‍ ബ്യൂറോ ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ (എന്‍ബിസിഐ) ടീം കേസ് ഫയല്‍ തീരുമാനത്തിനായി ഡി പി പിയ്ക്ക് സമര്‍പ്പിച്ചു. ഇനി ആരോപണത്തില്‍ വരദ്കര്‍ കുറ്റക്കാരനാണോയെന്ന് ഡി പി പി തീരുമാനിക്കും.
കഴിഞ്ഞ ആഴ്ച, ഫയല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കൈമാറിയതെന്നാണ് വിവരം. ഇക്കാര്യം ഗാര്‍ഡ സ്ഥിരീകരിച്ചിട്ടുണ്ട്. വരദ്കര്‍ക്കോ സുഹൃത്തായ ഡോക്ടര്‍ക്കോ എതിരെ ക്രിമിനല്‍ കേസെടുക്കാന്‍ അന്വേഷണ സംഘം ശുപാര്‍ശ ചെയ്തിട്ടില്ലെന്നാണ് സൂചന. വിഷയം ഇപ്പോള്‍ ഡിപിപിയുടെ പരിഗണനയിലായതിനാല്‍ പ്രതികരിക്കാനാകില്ലെന്ന് ഗാര്‍ഡ വക്താവ് വ്യക്തമാക്കി.
മുന്നണി ധാരണയനുസരിച്ച് ലിയോ വരദ്കര്‍ ഡിസംബറില്‍ പ്രധാനമന്ത്രിയാകുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ ഇതു സംബന്ധിച്ച തീരുമാനം വൈകുന്നത് ദോഷം ചെയ്യുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ ഫയലില്‍ ഉടന്‍ ഡി പി പി തീരുമാനമെടുത്തേക്കും.
സര്‍ക്കാരിന്റെ രഹസ്യ രേഖ സുഹൃത്തായ ഡോ. മൈതിയു തുവാതെയ്‌ലിന് ചോര്‍ത്തി നല്‍കിയെന്നാണ് ലിയോ വരദ്കര്‍ക്കെതിരായ കേസ്. ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷനുമായുള്ള സര്‍ക്കാരിന്റെ ജി പി കരാറിന്റെ കോപ്പി നല്‍കിയതാണ് വിവാദമായത്. നാഷണല്‍ അസോസിയേഷന്‍ ഓഫ് ജനറല്‍ പ്രാക്ടീഷണേഴ്സ് നേതാവാണ് വരദ്കറുടെ സുഹൃത്തായ ഡോക്ടര്‍.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x
Comments are closed.