head1
head3

അയര്‍ലണ്ടില്‍ ഭവന വിലകളുടെ വര്‍ധനവ് തുടരുന്നു

കഴിഞ്ഞ വര്‍ഷം ഭവന വില 15.3% ഉയര്‍ന്നെന്ന് സി.എസ്.ഒ.യുടെ പുതിയ കണക്കുകള്‍

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഭവന വിലകളുടെ വര്‍ധനവ് തുടരുന്നു. കഴിഞ്ഞ വര്‍ഷം ഭവന വില 15.3%മാണ് ഉയര്‍ന്നതെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ (സി എസ് ഒ) പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള കണക്കുകളെ അടിസ്ഥാനമാക്കിയാണ് സി എസ് ഒയുടെ വിലയിരുത്തല്‍.

തലസ്ഥാന നഗരത്തെ ഭവന വിലകളെ കടത്തിവെട്ടി ഡബ്ലിന് പുറത്തുള്ള മേഖലയിലെ വിലകള്‍ കുതിയ്ക്കുന്നുവെന്ന പ്രത്യേകതയും കഴിഞ്ഞ വര്‍ഷം സംഭവിച്ചു. ഭവന വില തലസ്ഥാന നഗരത്തിന് പുറത്തേയ്ക്കും കുതിക്കുയാണെന്ന സവിശേഷതയും സിഎസ് ഒ എടുത്തുകാട്ടുന്നു. അപ്പാര്‍ട്ട്മെന്റുകളുടെ വിലയും ഡബ്ലിന് പുറത്താണ് കൂടുതലും വര്‍ധിച്ചത്.

ഡബ്ലിനില്‍ വീടുകളുടെ വില 13.5% വര്‍ദ്ധിച്ചപ്പോള്‍, ഡബ്ലിന് പുറത്ത് ഭവന വില 16.8%മാണ് കൂടിയത്. ഡബ്ലിനില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ 12.8% കൂടിയപ്പോള്‍, തലസ്ഥാനത്തിന് പുറത്ത് അപ്പാര്‍ട്ട്‌മെന്റുകളുടെ വില 17.8% വര്‍ദ്ധിച്ചു.

കഴിഞ്ഞ ഒരു വഷത്തിനിടയിലെ ശരാശരി വില 282,000 യൂറോ ആയിരുന്നു. 2022 ജനുവരിയില്‍ ഇത് 280,000 യൂറോയായിരുന്നു. ഒറ്റമാസത്തിനുള്ളില്‍ വിലയില്‍ 2000 യൂറോയുടെ വര്‍ധനവാണുണ്ടായത്.

ഫെബ്രുവരി വരെയുള്ള 12 മാസങ്ങളില്‍ ഒരു വീടിന്റെ ഏറ്റവും ഉയര്‍ന്ന ശരാശരി വില ഡണ്‍ ലോഗെയര്‍ റാത്ത് ഡൗണിലാണ് രേഖപ്പെടുത്തിയത്; 6.00,000 യൂറോ. അതേസമയം ഏറ്റവും കുറഞ്ഞ ശരാശരി വില ലോംഗ്ഫോര്‍ഡിലായിരുന്നു; 1,32,750 യൂറോ.

രാജ്യത്താകെ 3,584 വീടുകളാണ് മാര്‍ക്കറ്റ് വിലയില്‍ വാങ്ങിയത്. 2021 ഫെബ്രുവരിയെ അപേക്ഷിച്ച് എണ്ണത്തില്‍ 11.8% വര്‍ദ്ധനവാണുള്ളത്. പഴയ വീടുകളാണ് വാങ്ങിയവയില്‍ 84.7%വും. നിലവില്‍ താമസിച്ചിരുന്ന 3,036 വീടുകളാണ് വാങ്ങിയത്. 2022 ഫെബ്രുവരിയില്‍ 548 (15.3%) പുതിയ വീടുകള്‍/അപ്പാര്‍ട്ട്‌മെന്റുകളുടെ വാങ്ങലുകളും നടന്നു.

വര്‍ദ്ധിച്ചുവരുന്ന ഉക്രൈനിയന്‍ അഭയാര്‍ഥികളുടെ എണ്ണം കൂടി പരിഗണിച്ച് സോഷ്യല്‍ ആന്റ് അഫോര്‍ഡബിള്‍ ഭവന പദ്ധതികള്‍ പരിഷ്‌കരിക്കണമെന്ന് സിന്‍ ഫെയ്‌നിന്റെ ഭവന വക്താവ് ഇഓയിന്‍ ഒ ബ്രോയിന്‍ പറഞ്ഞു. നിര്‍മ്മാണ രംഗത്ത് കൂടുതല്‍ ആധുനികതകള്‍ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത് നിര്‍മ്മാണം വേഗത്തിലും വിലകുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമാക്കുമെന്ന് പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x

Comments are closed.