റഷ്യയ്ക്കെതിരെ ആറാം വട്ട സാമ്പത്തിക ഉപരോധം; ഇയു വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ സമവായമുണ്ടായില്ല
ബ്രസ്സല്‍സ് : റഷ്യക്കെതിരെ പുതിയ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള യൂറോപ്യന്‍ യൂണിയന്‍ ചര്‍ച്ചകള്‍ സമവായത്തിലെത്തിയില്ല. യുദ്ധത്തിന്റെ പേരില്‍ ആറാം റൗണ്ട് ഉപരോധമേര്‍പ്പെടുത്തുന്നതു സംബന്ധിച്ച യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗമാണ് ധാരണയിലെത്താതെ പോയത്. യൂണിയനിലെ എല്ലാ അംഗരാജ്യങ്ങളുടെയും പിന്തുണയുണ്ടെങ്കില്‍ മാത്രമേ ഉപരോധ തീരുമാനത്തിന് അംഗീകാരം ലഭിക്കൂ. എന്നാല്‍ ഹംഗറി ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ എതിര്‍ത്തതോടെ ധന സഹായം കൂടുതല്‍ നല്‍കാന്‍ തീരുമാനിച്ച് യോഗം പിരിയുകയായിരുന്നു.
ഉക്രൈനിയന്‍ സര്‍ക്കാരിന് നല്‍കാന്‍ നേരത്തേ തീരുമാനിച്ച 1 ബില്യണ്‍ യൂറോയ്ക്ക് പുറമേ 500 മില്യണ്‍ യൂറോ കൂടി അനുവദിക്കാനും യൂറോപ്യന്‍ യൂണിയന്‍ മന്ത്രിമാര്‍ ധാരണയിലെത്തി. ഈ തീരുമാനത്തിന് പാര്‍ലമെന്റുകളുടെ അനുമതി കൂടി ഇനി ആവശ്യമുണ്ട്.
ഇതിനകം അഞ്ച് വട്ടം ഇയു റഷ്യയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. അഞ്ചാം റൗണ്ട് ഉപരോധത്തില്‍ യൂറോപ്യന്‍ യൂണിയനിലേക്കുള്ള റഷ്യന്‍ കല്‍ക്കരി ഇറക്കുമതി നിരോധനം ഉള്‍പ്പെട്ടിരുന്നു. ഇന്നത്തെ യോഗത്തില്‍ പല മന്ത്രിമാരും കൂടുതല്‍ ഊര്‍ജ ഉപരോധത്തെ പിന്തുണച്ചെങ്കിലും സമവായമുണ്ടായില്ല.
ഊര്‍ജ്ജ ഉപരോധം വര്‍ധിപ്പിക്കുന്നതിനെ പ്രധാനമായും എതിര്‍ത്തത് ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ ആയിരുന്നു. അടുത്തിടെ നാലാം തവണയും വീണ്ടും തിരഞ്ഞെടുപ്പില്‍ വിജയിച്ച ഇദ്ദേഹം റഷ്യന്‍ പ്രസിഡന്റുമായി അടുപ്പമുള്ള നേതാവാണ്. എന്നാല്‍ കൂടുതല്‍ ധന സഹായം നല്‍കുന്നതിനെ ഹംഗറിയും ബള്‍ഗേറിയയും എതിര്‍ത്തതുമില്ല.
എണ്ണയ്ക്കും വാതകത്തിനുമുള്ള ഉപരോധമൊന്നും പരിഗണനയിലില്ലെന്ന് യൂറോപ്യന്‍ യൂണിയന്റെ ഉന്നത നയതന്ത്രജ്ഞന്‍ ജോസെപ് ബോറെല്‍ വ്യക്തമാക്കി. എന്നിരുന്നാലും ഇത്തരത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും ഇദ്ദേഹം വിശദീകരിച്ചു. ഗ്യാസ് വെട്ടിക്കുറച്ചാല്‍, അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ റഷ്യന്‍ സൈന്യം യുദ്ധം അവസാനിപ്പിക്കുമെന്ന മിഥ്യാധാരണകളൊന്നും വേണ്ടെന്ന് അദ്ദേഹം പറഞ്ഞു.
റഷ്യന്‍ എണ്ണ നിരോധിക്കുന്നത് ചില അംഗരാജ്യങ്ങളെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് വിദേശകാര്യ മന്ത്രി സൈമണ്‍ കോവനേ പറഞ്ഞു.
പൂര്‍ണ്ണ ഉപരോധത്തിന്റെ ഭാഗമായി കല്‍ക്കരിയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതു പോലെ ഓയിലും ഉള്‍പ്പെടുത്തണമെന്ന് അതിനിടെ സെലന്‍സ്‌കി ആവശ്യപ്പെട്ടു. എണ്ണ വാങ്ങുന്നത് യുദ്ധത്തെ സഹായിക്കുന്നതിന് തുല്യമാണെന്നും ഇദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ വളരെ പതുക്കെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പോളിഷ് വിദേശകാര്യ മന്ത്രി വിമര്‍ശിച്ചു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x
Comments are closed.