ഡബ്ലിന്‍ : വിലക്കയറ്റവും പണപ്പെരുപ്പവും മൂലം നട്ടം തിരിയുന്ന ജനത്തിന് ആശ്വാസ നടപടികളുടെ പുതിയ പായ്ക്കേജുമായി സര്‍ക്കാര്‍. എനര്‍ജി ബില്ലുകളുടെ വാറ്റ് ഒമ്പത് ശതമാനമായി കുറയ്ക്കുന്നതിനാണ് തീരുമാനം. ഇതോടെ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ നിരക്ക് കുറയുന്നത് തെല്ല് ആശ്വാസമാകുമെന്ന് സര്‍ക്കാര്‍ കരുതുന്നു.
ഉക്രൈയ്നിലെ റഷ്യന്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായ ജീവിത പ്രതിസന്ധി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ യൂറോപ്യന്‍ കമ്മീഷന്‍ അംഗരാജ്യങ്ങള്‍ക്ക് പുതിയ ലെവികള്‍ ഏര്‍പ്പെടുത്തുന്നതിന് അനുമതി നല്‍കിയിരുന്നു.
ബില്ലില്‍ പ്രതിവര്‍ഷം വൈദ്യുതിയില്‍ 49 യൂറോയും ഗ്യാസില്‍ 61 യൂറോയും ലാഭിക്കാന്‍ ഗുണഭോക്താക്കള്‍ക്ക് ഈ തീരുമാനം സഹായകമാകും. ഫ്യുവല്‍ അലവന്‍സ് ലഭിക്കുന്ന കുറഞ്ഞ വരുമാനമുള്ള ആളുകള്‍ക്ക് 100 യൂറോയുടെ ഒറ്റത്തവണ പേയ്‌മെന്റിനും അവസരമുണ്ട്. 3,70,000 -ലധികം ആളുകള്‍ക്ക് ഇത് പ്രയോജനപ്പെടുമെന്ന് കരുതുന്നു.
വൈദ്യുതി, ഇന്ധന ബില്ലുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഭരണകക്ഷി നേതാക്കളും സീനിയര്‍ മന്ത്രിമാരും അടിയന്തരമായി യോഗം ചേര്‍ന്നത്. ഊര്‍ജ്ജ ബില്ലുകളുടെ നികുതി കുറയ്ക്കുന്നതിനു പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ യൂറോപ്യന്‍ കൗണ്‍സിലുമായി നേരത്തേ കരാറിലെത്തിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍, ഉപ പ്രധാനമന്ത്രി ലിയോ വരദ്കര്‍, ഗ്രീന്‍ പാര്‍ട്ടി നേതാവ് എയ്മോണ്‍ റയാന്‍ എന്നിവരുമായി ചര്‍ച്ച നടത്തി. അങ്ങനെയാണ് വൈദ്യുതിയുടെയും ഗ്യാസിന്റെയും വാറ്റ് നിരക്ക് കുറയ്ക്കാന്‍ ധനകാര്യ നിയമത്തില്‍ ഭേദഗതി ചെയ്യാമെന്ന് തീരുമാനിച്ചത്. നികുതി സംബന്ധിച്ച യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ ലംഘിക്കാതെ തന്നെ വൈദ്യുതിയുടെയും ഗ്യാസിന്റെയും വാറ്റ് നിരക്ക് കുറയ്ക്കാന്‍ കഴിയുമെന്ന് ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പരിഗണിക്കുന്ന മറ്റ് ആശ്വാസ നടപടികള്‍
വാറ്റ് 12% ആക്കിയേക്കും
നിലവിലെ 13.5% വാറ്റ് 12 ശതമാനമായി കുറയ്ക്കുന്നതും സര്‍ക്കാര്‍ പരിഗണിക്കുകയാണ്. അങ്ങനെ വന്നാല്‍ ഊര്‍ജ്ജത്തിന് മാത്രമല്ല, എല്ലാ പ്രോഡക്ടുകള്‍ക്കും സര്‍വ്വീസുകള്‍ക്കും ഈ നികുതി കുറവ് ബാധകമാകും. ഊര്‍ജ്ജ ബില്ലുകളുടെ ലെവിയില്‍ പബ്ലിക് സര്‍വീസ് ഒബ്ലിഗേഷന്‍ (പിഎസ്ഒ) വളരെക്കാലമായി ഓഫര്‍ ചെയ്യുന്ന ഈ ഇളവ് ആളുകള്‍ക്ക് പ്രതിവര്‍ഷം 60 യൂറോയോളം ലാഭം നല്‍കും. ഇത് ഒക്ടോബറോടെ നിലവില്‍ വരുമെന്ന് കരുതുന്നു.
സ്മാര്‍ട്ടര്‍ മീറ്ററുകള്‍
സ്മാര്‍ട്ടര്‍ മീറ്ററുകള്‍ ഉപയോഗിച്ച് പണം ലാഭിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനവും ഉടനുണ്ടായേക്കും. ബില്ലുകള്‍ അടയ്ക്കാന്‍ കഴിയാതെ കടക്കെണിയിലായ ആളുകള്‍ക്കുള്ള സഹായ പദ്ധതിയ്ക്കും രൂപം നല്‍കിയിട്ടുണ്ട്. സീനിയര്‍ ടി.ഡി. മാരുടെ എതിര്‍പ്പ് പരിഗണിച്ച് കാര്‍ബണ്‍ നികുതിയുടെ വര്‍ദ്ധനവിന്റെ ആഘാതം കുറയ്ക്കാനും നടപടിയുണ്ടാകും. വാറ്റ് കുറയ്ക്കുന്നതു സംബന്ധിച്ച തീരുമാനം മേയിലെ കാര്‍ബണ്‍ നികുതി വര്‍ധനയുടെ ആഘാതത്തെ കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗവണ്‍മെന്റ് ബില്‍ഡിംഗ്സില്‍ നടന്ന യോഗത്തില്‍ ധനമന്ത്രി പാസ്‌കല്‍ ഡോണോ, പബ്ലിക് എക്സ്പെന്‍ഡിച്ചര്‍ മന്ത്രി മീഹോള്‍ മഗ്രാത്ത്, സാമൂഹിക സുരക്ഷാ മന്ത്രി ഹെതര്‍ ഹംഫ്രീസ് എന്നിവരും പങ്കെടുത്തു.
എനര്‍ജി കമ്പനികളുടെ ലാഭത്തിലും നികുതി വന്നേക്കും
എനര്‍ജി കമ്പനികളുടെ ലാഭത്തിന്മേല്‍ നികുതി ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുകയാണെന്ന് ധനമന്ത്രി ഡോണോ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇത്തരമൊരു നിര്‍ദ്ദേശത്തിന്റെ സാധ്യതകള്‍ പരിശോധിക്കുകയാണെന്ന് പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് ടിഡി പോള്‍ മര്‍ഫിയുടെ പാര്‍ലമെന്ററി ചോദ്യത്തിന് മറുപടിയായി ഡോണോ അറിയിച്ചു. ഊര്‍ജ്ജ കമ്പനികളുടെ ലാഭത്തിന്മേല്‍ 10% അധിക നികുതി ഏര്‍പ്പെടുത്തിയാല്‍ ഏകദേശം 60 മില്യണ്‍ യൂറോ സമാഹരിക്കാമെന്ന് മന്ത്രി പറഞ്ഞു.
ഇഎസ്ബി കഴിഞ്ഞ വര്‍ഷം 679 മില്യണ്‍ യൂറോ പ്രവര്‍ത്തന ലാഭം ഉണ്ടാക്കിയിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 10 ശതമാനത്തിലധികം വര്‍ദ്ധനവാണ് ഇക്കാര്യത്തിലുണ്ടായത്. ഇതില്‍ നിന്നും 126 മില്യണ്‍ യൂറോയാണ് ലാഭവിഹിതമായി സര്‍ക്കാരിന് ലഭിച്ചത്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x
Comments are closed.