ബ്രസല്‍സ് : യൂറോപ്യന്‍ സാമ്പത്തിക നയവുമായി ബന്ധപ്പെട്ട് അംഗരാജ്യങ്ങളില്‍ വിയോജിപ്പ് ശക്തമാകുന്നു. മാത്രമല്ല ഇക്കാര്യത്തില്‍ ഏതാനും രാജ്യങ്ങള്‍ ഒത്തുചേര്‍ന്ന് എതിര്‍ക്കുന്ന നിലയിലേയ്ക്കും കാര്യങ്ങള്‍ വളരുകയാണ്. ഇയുവിന്റെ പൊതു ചെലവുമായി ബന്ധപ്പെട്ട് എന്നും എതിര്‍പ്പുയര്‍ത്തിയിരുന്ന രണ്ട് രാജ്യങ്ങളായ സ്പെയിനും നെതര്‍ലന്‍ഡുമാണ് ഇപ്പോള്‍ സഖ്യമുണ്ടാക്കിയത്.
സ്റ്റെബിലിറ്റി ആന്‍ഡ് ഗ്രോത്ത് പാക്റ്റ് (എസ്ജിപി) എന്നറിയപ്പെടുന്ന നിയമം, അംഗരാജ്യങ്ങളുടെ ബജറ്റ് കമ്മി 3%-ത്തില്‍ താഴെയും പൊതു കടം ജിഡിപിയുടെ 60%-ത്തില്‍ താഴെയുമായി നിജപ്പെടുത്തണമെന്ന് അംഗരാജ്യങ്ങളോട് ആവശ്യപ്പെടുന്നു. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പാന്‍ഡെമിക് കാലത്ത് 2020 മാര്‍ച്ചില്‍ ഈ നിയമം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഇയു തീരുമാനിച്ചിരുന്നു.
2023ഓടെ വീണ്ടും ഈ നിയമം സജീവമാക്കുന്നതിനുള്ള ചര്‍ച്ചയിലാണ് അംഗരാജ്യങ്ങള്‍. അതിനിടയിലാണ് സ്പെയിനും നെതര്‍ലന്‍ഡും സംയുക്തമായി പുതിയ ആശയം മുന്നോട്ടുവെച്ചത്. 3%, 60% ടാര്‍ഗെറ്റുകളില്‍ മാറ്റങ്ങളൊന്നും നിര്‍ദ്ദേശിക്കുന്നില്ലെങ്കിലും, കടം കുറയ്ക്കുന്നത് വേഗത്തിലാക്കണമെന്ന് ഇവര്‍ നിര്‍ദ്ദേശിക്കുന്നു.
ആവശ്യങ്ങളും സവിശേഷതകളും കണക്കിലെടുത്ത് സ്വന്തം പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കിയാല്‍ ഈ നിയമം നടപ്പിലാക്കുന്നത് എളുപ്പമാകുമെന്ന് ഇരു രാജ്യങ്ങളും പറയുന്നു.
അഭിപ്രായവ്യത്യാസങ്ങളില്‍ മുഴുകി ഊര്‍ജവും സമയവും പാഴാക്കരുതെന്ന് ഡച്ച് ധന മന്ത്രി സിഗ്രിഡ് കാഗ് പറഞ്ഞു. സ്പാനിഷ് സഹമന്ത്രി നാദിയ കാല്‍വിനോയും ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പുതിയ സാമ്പത്തിക നിയമം ലളിതവും വിശ്വസനീയവും യാഥാര്‍ത്ഥ്യബോധമുള്ളതുമായിരിക്കണമെന്ന് കാഗും കാല്‍വിനോയും ആവശ്യപ്പെട്ടു. എല്ലാ അംഗരാജ്യങ്ങളെയും തുല്യമായി പരിഗണിക്കണമെന്നും ഇവര്‍ നിര്‍ബന്ധിക്കുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x
Comments are closed.