head1
head3

അയര്‍ലണ്ടിന്റെ കോവിഡ് ബില്‍ 50 ബില്ല്യണ്‍ യൂറോ കടക്കും…

ഡബ്ലിന്‍ : കോവിഡ് പ്രതിസന്ധിയില്‍ അയലര്‍ണ്ടിന് 50ബില്ല്യണ്‍ യൂറോയുടെ അധിക ചെലവുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഐബെക്.

2022 അവസാനത്തോടെ കോവിഡ് ചെലവ് 50ബില്ല്യണ്‍ യൂറോ കടക്കുമെന്നാണ് തൊഴിലുടമകളുടെ ഗ്രൂപ്പായ ഐബെക്ക് മുന്നറിയിപ്പ് നല്‍കുന്നത്.

കോവിഡ് പ്രതിസന്ധിയില്‍ നികുതി വരുമാനം നഷ്ടപ്പെട്ടതോടെ ഈവര്‍ഷം സര്‍ക്കാരിന് 30 ബില്ല്യണ്‍ യൂറോയാണ് നഷ്ടം.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാരിന് ഇത്തവണ അധിക ചെലവും ഉണ്ടായി. സര്‍ക്കാരിന് നികുതി വരുമാനം കുറഞ്ഞതിന് അനുസൃതമായി കമ്മി ബജറ്റ് നടപ്പാക്കണമെന്ന്് ഐബെകിന്റെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജെര്‍ ബ്രാഡി പറഞ്ഞു.

വാര്‍ഷിക വരുമാനത്തില്‍ 2021 ല്‍ 15 ബില്യണ്‍ യൂറോയുടെയും 2022 ല്‍ അഞ്ച് ബില്യണ്‍ യൂറോയുടേയും കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2022 ല്‍ അല്ലെങ്കില്‍ 2023ല്‍ മാത്രമേ കോവിഡ് പൂര്‍ണമായും നിയന്ത്രണ വിധേയമായി ജനങ്ങള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ സാധിക്കൂ.

അടുത്തവര്‍ഷം സാമ്പത്തിക മേഖലയില്‍ കുതിച്ചു ചാട്ടമുണ്ടായാലും നികുതി വരുമാനം പൂര്‍ണമായും വീണ്ടെടുക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ അയര്‍ലണ്ടിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് തുടര്‍ന്നും പിന്തുണ വേണ്ടി വരുമെന്ന് ബ്രാഡി പറഞ്ഞു. കോവിഡ് ഏല്‍പിച്ച ആഘാതത്തില്‍ നിന്ന് 2022ല്‍ മാത്രമേ സാമ്പത്തിക മേഖലയ്ക്ക് കരകയറാന്‍ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

എങ്ങനെ കരകയറാം…

സര്‍ക്കാര്‍ സാമ്പത്തിക മേഖലയ്ക്ക് നല്‍കുന്ന 2021 ന്റെ ആദ്യ പകുതിയില്‍ ഒറ്റയടിക്ക് പിന്‍വലിക്കരുതെന്ന് ഐബെക്കിന്റെ പോളിസി ആന്‍ഡ് പബ്ലിക് അഫയേഴ്‌സ് ഡയറക്ടര്‍ ഫെര്‍ഗല്‍ ഓബ്രിയന്‍ പറയുന്നു.

ഈ സമയം ആവുമ്പോഴേക്കും സമ്പദ്‌വ്യവസ്ഥ സ്വയം സ്ഥിരത കൈവരിക്കാനാകില്ല. സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ഉണ്ടെങ്കില്‍ മാത്രമേ ഇക്കണോമിയെ പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് ഏറ്റവും മോശമായി ബാധിച്ച അയര്‍ലണ്ടിലെ വിവിധ മേഖലകളെ കൈപിടിച്ചുയര്‍ത്താന്‍ ആവശ്യമായ സമഗ്ര കോവിഡ് റിക്കവറി പാക്കേജ് സര്‍ക്കാര്‍ നടപ്പാക്കണം.

ബ്രെക്‌സിറ്റിന് വിധേയമാകുന്ന മേഖലകളെ സംരക്ഷിക്കാനും സഹായിക്കാനും വ്യക്തമായ പദ്ധതി നടപ്പാക്കണമെന്നും ഐബെക് ആവശ്യപ്പെടുന്നു.

2021 മാര്‍ച്ചില്‍ അവസാനിക്കുന്ന സര്‍ക്കാരിന്റെ തൊഴില്‍ വേതന സബ്‌സിഡി പദ്ധതിയുടെ വിപുലീകരണത്തിന് 6 ബില്യണ്‍ യൂറോ അധികം അനുവദിക്കണം.

9 ശതമാനം വാറ്റ് നിരക്ക് വീണ്ടും അവതരിപ്പിക്കുകയും തൊഴിലില്ലായ്മ ആറ് ശതമാനത്തില്‍ താഴുന്നതുവരെ ജോബ്‌സ്പ്ലസ് പോലുള്ള പദ്ധതികള്‍ സജീവമാക്കണമെന്നും ഐബെക് ആവശ്യപ്പെട്ടു.

ഉന്നത വിദ്യാഭ്യാസത്തിന് 400 മില്യണ്‍ യൂറോയും അധിക ധനസഹായം ലഭ്യമാക്കണം.

അയര്‍ലണ്ട് നോ ഡീല്‍ ബ്രെക്‌സിറ്റ് നിലപാടറിയിച്ചിരിക്കുന്ന സാഹചര്യത്തില്‍ 4 ബില്യണ്‍ യൂറോ ബ്രെക്‌സിറ്റിന് ശേഷമുള്ള സാമ്പത്തിക സുസ്ഥിരത കൈവരിക്കാന്‍ മാറ്റിവെക്കണമെന്നും ഐബെക് വ്യക്തമാക്കുന്നു.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.