head1
head3

നഴ്‌സുമാരോട് കൂട്ടുകൂടാന്‍ മടിച്ച് കുട്ടികള്‍… അഞ്ചിലൊന്ന് കുട്ടികള്‍ക്കും നഴ്‌സുമാരെ ഭയമെന്ന് റിപ്പോര്‍ട്ട്…

ഡബ്ലിന്‍ : കുട്ടികളുടെ വിശ്വസ്ത കൂട്ടുകാരായ നഴ്‌സുമാരെ ആശുപത്രികളില്‍ കുട്ടികള്‍ ഭയക്കുന്നതായി റിപ്പോര്‍ട്ട്.

ആശുപത്രി ക്രമീകരണത്തില്‍ അഞ്ചിലൊന്ന് കുട്ടികളും നഴ്‌സുമാരെ ഭയപ്പെടുന്നതായി ക്ലിനിക്കല്‍ നഴ്‌സിംഗിന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

‘Trust in the Nurse: Findings from a survey of hospitalized children’ എന്ന തലക്കെട്ടിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികള്‍ക്ക് നഴ്‌സുമാരിലുള്ള വിശ്വാസം അളക്കുന്നതിന്റെ ഭാഗമായി ചില്‍ഡ്രന്‍സ് ഹെല്‍ത്ത് അയര്‍ലണ്ടിലെ (സിഎച്ച്‌ഐ) അസിസ്റ്റന്റ് ഡയറക്ടറും ചില്‍ഡ്രന്‍സ് നഴ്‌സിംഗ് സ്ട്രാറ്റജി പ്രോജക്ട് ഓഫീസറുമായ റോസ്‌മേരി ഷീഹാനും ഡബ്ലിനിലെ യൂണിവേഴ്‌സിറ്റി കോളേജ് പ്രൊഫസര്‍ ജെറാര്‍ഡ് ഫീലിയുമാണ് നടത്തിയ ഗവേഷണത്തിലാണ് പുതിയ കണ്ടെത്തല്‍.

ഒമ്പത് മുതല്‍ 12 വയസ് പ്രായമുള്ള കുട്ടികളെയും അവരുടെ ഒരു രക്ഷിതാവിനേയും ഉള്‍പ്പെടുത്തിയായിരുന്നു സര്‍വേ.

67 ആണ്‍കുട്ടികളേയും 60 പെണ്‍കുട്ടികളെയുമാണ് സര്‍വേയ്ക്ക് വിധേയരാക്കിയത്. ആറ് ആഴ്ചയാണ് വിവരശേഖരണത്തിനായെടുത്തത്. പകുതിയിലധികം കുട്ടികളും വിട്ടുമാറാത്ത അല്ലെങ്കില്‍ ദീര്‍ഘകാല അസുഖങ്ങള്‍ക്ക് ചികിത്സതേടുന്നവരായിരുന്നു.

ഭൂരിഭാഗം കുട്ടികളും നഴ്‌സുമാരെ വിശ്വാസമുണ്ടെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 10.4% പേര്‍ നഴ്‌സിനെ വിശ്വസിക്കുന്നില്ലെന്നും അഞ്ചിലൊന്ന് കുട്ടികള്‍ നഴ്‌സിനെ ഭയപ്പെടുന്നതായും റിപ്പോര്‍ട്ട് ചെയ്തു.

അഞ്ചിലൊന്ന് കുട്ടികള്‍ നഴ്‌സ് തങ്ങളോടൊപ്പം കളിക്കുന്നില്ലെന്നും കളിസ്ഥലത്തേക്ക് കൊണ്ടുപോകുന്നില്ലെന്നും പരാതി പറഞ്ഞു.

അതേസമയം, ബഹുഭൂരിപക്ഷം മാതാപിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് നഴ്‌സുമാരില്‍ വിശ്വാസമുണ്ടെന്നും നഴ്‌സുമാരെ കുട്ടികള്‍ ഭയപ്പെടുന്നില്ലെന്നുമാണ് പ്രതികരിച്ചത്.

വെറും 12.8% പേര്‍ മാത്രമാണ് അവരുടെ കുട്ടി നഴ്‌സിനെ ഭയപ്പെടുന്നതായി റിപ്പോര്‍ട്ട് ചെയ്തത്.

കുട്ടികളുടെയും മാതാപിതാക്കളുടെയും വിശ്വാസങ്ങള്‍ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നുവെന്നും ലിംഗഭേദം വിശ്വാസങ്ങളെ സ്വാധീനിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നഴ്‌സിന്റെ സത്യസന്ധതയെ കുറിച്ച് പ്രായപൂര്‍ത്തിയായ കുട്ടികളേക്കാള്‍ ചെറിയ കുട്ടികള്‍ക്ക് വിശ്വാസ്യത കൂടുതലാണെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്.

കുട്ടികളുമായി വിശ്വസനീയമായ ബന്ധം വളര്‍ത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം നഴ്‌സുമാര്‍ തിരിച്ചറിയുന്നുണ്ടെങ്കിലും നഴ്‌സുമാരുടെ ദൈനംദിന ജോലിക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് വിശ്വാസം ലംഘിക്കപ്പെടാമെന്ന് മുമ്പത്തെ ഗവേഷണങ്ങളില്‍ പറയുന്നു.

ആശുപത്രി ക്രമീകരണവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് നഴ്‌സിലുള്ള വിശ്വാസ്യത കുറഞ്ഞു. കുട്ടികള്‍ വിശ്വാസത്തിന്റെ ആശയം മനസ്സിലാക്കുന്നുവെന്നും അവരുടെ നഴ്‌സുമാര്‍ വിശ്വാസയോഗ്യരാണെന്ന് പ്രതീക്ഷിക്കുന്നുവെന്നും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ആശുപത്രിയിലെ ചികിത്സാ നടപടികളും മറ്റ് ക്രമീകരണങ്ങളും കുട്ടികളെ അസ്വസ്ഥമാക്കിയേക്കാം. എങ്കിലും നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ കുട്ടികളുടെ വിശ്വാസ്യത നേടിയെടുത്താല്‍ മാത്രമേ അവര്‍ക്ക് മികച്ച പരിചണവും മറ്റും ഫലപ്രദമായി ലഭ്യമാക്കാന്‍ സാധിക്കൂ.

കുട്ടികളുമായി വിശ്വാസം സ്ഥാപിക്കുന്നതും അത് നിലനിര്‍ത്തുന്നതും ഒരിക്കലും അമിതമായി കണക്കാക്കാനാവില്ല. കാരണം, ഇത് രോഗിയുടെ സുരക്ഷ, സുരക്ഷിതത്വം, ഗുണനിലവാരമുള്ള പരിചരണം, നഴ്‌സുമായുള്ള നല്ല ഇടപെടല്‍ എന്നിവയ്ക്ക് കാരണമാകുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.