head3
head1

അയര്‍ലണ്ടിലെ തൊഴിലാളികളുടെ മിനിമം വേതനം ജനുവരി ഒന്നു മുതല്‍ വര്‍ധിപ്പിക്കുന്നു

ഡബ്ലിന്‍ : അയര്‍ലണ്ടിലെ തൊഴിലാളികളുടെ മിനിമം വേതനം ജനുവരി ഒന്നു മുതല്‍ വര്‍ധിപ്പിക്കുന്നു. ഇതനുസരിച്ച് മണിക്കൂര്‍ നിരക്കിലുള്ള പുതിയ വേതന വര്‍ധനവ് എല്ലാ തൊഴിലാളികള്‍ക്കും അവരുടെ പേ സ്ലിപ്പില്‍ കാണാനാകും.

രാജ്യത്തെ മിനിമം വേതന തൊഴിലാളികളുടെ വരുമാനം നേരിയ തോതിലെങ്കിലും വര്‍ധിപ്പിച്ചുകൊണ്ട് ആശ്വാസം നല്‍കാനാണ് സര്‍ക്കാരിന്റെ ശ്രമം. 1,35,000 ആളുകള്‍ക്ക് പ്രയോജനം ലഭിക്കുന്നതാണ് പുതിയ തീരുമാനം.

അയര്‍ലണ്ടിലെ വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവ് നേരിടാന്‍ ആളുകളെ സഹായിക്കുന്നതിന്റെ ഭാഗമായാണ് പേയ്‌മെന്റില്‍ വര്‍ദ്ധനവ് വരുത്തുന്നതെന്ന് ഉപ പ്രധാനമന്ത്രി ലിയോ വരദ്കര്‍ വ്യക്തമാക്കി. മിനിമം വേതനക്കാരെ കൂടാതെ മറ്റ് പല ജീവനക്കാര്‍ക്കും ഉയര്‍ന്ന ശമ്പള തലത്തിലും ഒരു നോക്ക്-ഓണ്‍ വര്‍ദ്ധനവ് ലഭിക്കുമെന്നും വരദ്കര്‍ വ്യക്തമാക്കി.

2015ല്‍ ഉണ്ടായിരുന്ന, ദേശീയ മിനിമം വേതനം മണിക്കൂറില്‍ 8.65 യൂറോയാണ്. അതില്‍ നിന്നും 17% വര്‍ധനവോടെയാണ് 10.20 യൂറോയിലെത്തിച്ചതെന്ന് വരദ്കര്‍ പറഞ്ഞു.

2022 ജനുവരി മുതല്‍ നിലവില്‍ വരുന്ന വേതന നിരക്കിലെ മാറ്റങ്ങള്‍ :

20 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍ക്ക് വേതനത്തില്‍ മണിക്കൂറിന് 10.50 യൂറോ ലഭിക്കും.

19 വയസ്സുള്ളവര്‍ക്ക് മണിക്കൂറിന് 9.45 യൂറോയാകും ലഭിക്കുക.

18 വയസ്സുള്ളവര്‍ക്ക് മണിക്കൂറില്‍ 8.40 യൂറോയും അതില്‍ താഴെയുള്ളവര്‍ക്ക് മണിക്കൂറിന് 7.35 യൂറോയും ലഭിക്കും

കരാര്‍ പ്രകാരം, ഭക്ഷണവും താമസ സൗകര്യവുമൊക്കെ തൊഴിലുടമയില്‍ നിന്ന് ലഭിക്കുന്നുണ്ടെങ്കില്‍ ഈ വര്‍ധനവില്‍ ചില മാറ്റങ്ങളുണ്ടാകും. മണിക്കൂറില്‍ 0.94 യൂറോയും താമസത്തിനായി ആഴ്ചയില്‍ 24.81 യൂറോയും പ്രതിദിനം 3.55 യൂറോയും ഈ ഇനത്തിലും ലഭിക്കും.

തൊഴിലുടമയുടെ അടുത്ത ബന്ധുക്കളായ ജീവനക്കാര്‍ക്ക് ഈ വേതന വര്‍ധനവ് ലഭിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. തൊഴിലുടമ ഏകാംഗ വ്യാപാരിയാണെങ്കിലും വേതന വര്‍ധനവുണ്ടാകില്ല. കൂടാതെ, 1967ലെ വ്യാവസായിക പരിശീലന നിയമം, 1987ലെ ലേബര്‍ ഓഫ് സര്‍വീസസ് ആക്റ്റ് എന്നിവയനുസരിച്ച് ക്രാഫ്റ്റ് അപ്രന്റീസ് ഗണത്തില്‍പ്പെടുന്നവര്‍ക്കും ഈ ആനുകൂല്യം ലഭ്യമാകില്ലെന്നും സര്‍ക്കാര്‍ പറയുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG

Comments are closed.