head3
head1

യൂറോപ്പ്യന്‍ യൂണിയനില്‍ മിനിമം വേജ് നിയമങ്ങള്‍ ഏകീകരിക്കാന്‍ നടപടി ആരംഭിച്ചു

ഡബ്ലിന്‍ : ആവശ്യ സേവനങ്ങള്‍ ചെയ്യുന്നവര്‍, ശുചീകരണ ജീവനക്കാര്‍, ആരോഗ്യ കാര്‍ഷിക മേഖലകളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് കൂടുതല്‍ ഉയര്‍ന്ന മിനിമം വേതനം അടിയന്തരമായി നല്‍കേണ്ടത് അനിവാര്യമെന്ന് കൊവിഡ് പ്രതിസന്ധി തെളിയിച്ചതായി യൂറോപ്യന്‍ പാര്‍ലിമെന്റ് അംഗങ്ങള്‍.

യൂറോപ്യന്‍ യൂണിയന്‍ തലത്തില്‍ മിനിമം വേജ് നിയമങ്ങള്‍ ഏകീകരിക്കാനുള്ള നടപടി 443 വോട്ടിനാണ് പാസായത്. 198 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. 58 എം.ഈ.പിമാര്‍ വോട്ട് ചെയ്യാനെത്തിയില്ല. അംഗരാജ്യങ്ങളില്‍ തൊഴിലാളികള്‍ക്കും കുടുംബാഗംങ്ങള്‍ക്കും മാന്യമായ ജീവിത നിലവാരം ഉറപ്പാക്കാന്‍ മിനിമം റിക്വയര്‍മെന്റുകള്‍ നിശ്ചയിക്കുകയാണ് രേഖയുടെ പ്രധാന ഉദ്ദേശം. ട്രേഡ് യൂണിയനുകള്‍ സജീവമാകാനും തൊഴിലാളി പ്രതിനിധികള്‍ക്ക് മതിയായ വിവരങ്ങളും സൗകര്യങ്ങളും ലഭിക്കുന്നെന്ന് ഉറപ്പാക്കാനുമാണ് ഡ്രാഫ്റ്റ് ലക്ഷ്യമിടുന്നത്. അവര്‍ക്ക് തൊഴിലിടങ്ങള്‍ പ്രാപ്യമാണെന്നും ഉറപ്പാക്കണം.

എല്ലാ രാജ്യങ്ങള്‍ക്കും ഒരേ പരിഹാരം എന്ന നിലയിലാകരുത് നയമെന്ന് മാള്‍ട്ടയില്‍ നിന്നുള്ള ലേബര്‍ എം.ഇ.പി ആല്‍ഫ്രഡ് സാന്റ് പറഞ്ഞു. ദേശീയ തലത്തില്‍ മാറ്റങ്ങള്‍ അനുവദിച്ച് ചില മേഖലകളില്‍ വേതനത്തില്‍ ചര്‍ച്ചകള്‍ നടക്കുന്ന രീതിയിലാണ് ഡ്രാഫ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. യൂറോപ്പിലെ തൊഴിലാളികള്‍ക്ക് കൂടുതല്‍ കരുതലും ശ്രദ്ധയും ലഭിക്കണമെന്നും അവരുടെ മൂല്യം കോവിഡ് മൂലം കൂടുതല്‍ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായങ്ങളും സ്റ്റെയ്ക്ക്ഹോള്‍ഡര്‍മാരും തമ്മിലുള്ള കൂട്ടായ ഇടപെടലുകള്‍ വഴിയോ ദേശീയ നിയമങ്ങള്‍ മുഖേനയോ യൂറോപ്യന്‍ യൂണിയനില്‍ മുഴുവന്‍ നിലവില്‍ വരുന്ന രീതിയില്‍ മിനിമം വേതന സുരക്ഷ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. 2020 ഒക്ടോബറിലാണ് ഇത് സംബന്ധിച്ച നടപടികള്‍ ആരംഭിച്ചത്. മിനിമം വേജ് സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നിര്‍ദേശം. മിനിമം വേതനം നിശ്ചയിക്കാനുള്ള സ്ഥിരതയുള്ള മാനദണ്ഡങ്ങളും സമയബന്ധിതമായ നവീകരണങ്ങളും ഇക്കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ നല്‍കാനുള്ള സ്ഥാപനങ്ങളും ആരംഭിക്കാന്‍ ഈ നീക്കം ഉപകരിക്കും. സാമൂഹിക പങ്കാളികള്‍ ഈ പ്രക്രിയയില്‍ ഭാഗഭാക്കുകള്‍ ആകുന്നെന്ന് ഉറപ്പാക്കാനും പുതിയ ഡ്രാഫ്റ്റ് ഉപകരിക്കും.

പര്‍ച്ചേസിംഗ് പവര്‍, ദാരിദ്ര നിരക്ക് തുടങ്ങിയവ പരിഗണിച്ച് നിയമപരമായ മിനിമം വേതനം പര്യാപ്തമാണോയെന്ന് പരിശോധിക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പുതിയ നിര്‍ദേശിത നിയമപ്രകാരം സര്‍ക്കാരുകള്‍ക്ക് കടമയുണ്ട്. ഇതിലൂടെ മാന്യമായ ജീവിത, ജോലി സാഹചര്യങ്ങള്‍ ഉറപ്പാക്കാനാകുമെന്ന് ഇ യൂ പ്രത്യാശിപ്പിക്കുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG

Comments are closed.