head1
head3

തൊട്ടതിനെല്ലാം പൊള്ളുന്ന വില; വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടി ജനം

ഡബ്ലിന്‍ : ക്രിസ്മസ് പുതുവല്‍സര ആഘോഷങ്ങളെ വരവേല്‍ക്കാനൊരുങ്ങവെ രാജ്യത്തെ സാധാരണക്കാര്‍ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്നു. കൂടിയ ഇന്ധന വിലയും ഉയര്‍ന്ന വൈദ്യുതി നിരക്കും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവുമെല്ലാം ജനങ്ങളുടെ നട്ടെല്ലൊടിക്കുകയാണ്.

രാജ്യത്തെ നാലില്‍ മൂന്ന് പേരും വിലക്കയറ്റത്തിന്റെ കെടുതികള്‍ നേരിടുകയാണെന്നാണ് അടുത്തിടെ നടത്തിയ സര്‍വേ പറയുന്നത്.

പലചരക്ക് സാധനങ്ങള്‍ക്കാണ് ഏറ്റവും തീപിടിച്ച വില. കഴിഞ്ഞ ഒരു മാസത്തിനിടെ പലചരക്ക് സാധനങ്ങളുടെയെല്ലാം വില ഉയര്‍ന്നു. പഴങ്ങളും പച്ചക്കറികളുമെല്ലാം സാധാരണക്കാര്‍ക്ക് വാങ്ങാനാവുന്ന നിലയിലല്ല. വസ്ത്രങ്ങളുടെയും ചെരുപ്പുകളുടെയും വിലയും വര്‍ധിച്ചു.

അയര്‍ലണ്ടിന്റെ വിലക്കയറ്റത്തിന്റെ തോത് ആഗോള ശരാശരിയേക്കാള്‍ കൂടുതലാണെന്ന് അടുത്തിടെ നടത്തിയ ഡെലോയിറ്റ് അയര്‍ലണ്ട് സര്‍വേ വെളിപ്പെടുത്തുന്നു.

വരും നാളുകളില്‍ നടത്തേണ്ട പേയ്‌മെന്റുകള്‍ സംബന്ധിച്ച് ആളുകള്‍ ആശങ്കയിലാണെന്ന് നാലിലൊന്ന് പേരും പറയുന്നു. വലിയ പേമെന്റുകളെല്ലാം പിന്നീട് നടത്താമെന്ന നിലപാടിലാണ് ഭൂരിപക്ഷവുമെന്നും സര്‍വ്വേ വെളിപ്പെടുത്തുന്നു.

നിത്യോപയോഗ സാധനങ്ങള്‍ക്ക് പൊള്ളുന്ന വില

നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് 78% പേരും വെളിപ്പെടുത്തി. വിലക്കയറ്റം സംബന്ധിച്ച ട്രാക്കറിന്റെ മുന്‍ കണ്ടെത്തലുകളെ അപേക്ഷിച്ച് നാല് പോയിന്റുകളുടെ വര്‍ദ്ധനവാണ് ഇവിടെയുള്ളത്. ആഗോള ശരാശരിയേക്കാള്‍ 9% കൂടുതലാണ് അയര്‍ലണ്ടിലെ വിലക്കയറ്റമെന്നും സര്‍വ്വെ അടിവരയിടുന്നു. ഇക്കാരണത്താല്‍ അയര്‍ലണ്ടിലെ ഉപഭോക്താക്കള്‍ക്കിടയില്‍ കോവിഡ് സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ വര്‍ധിച്ചെന്ന് ഡെലോയിറ്റ് കണ്‍സ്യൂമര്‍ ട്രാക്കര്‍ പറയുന്നു. ഒപ്പം സാമ്പത്തിക ആശങ്കകളും ഉയരുന്നു.

രാജ്യത്തെ പണപ്പെരുപ്പം ഒക്ടോബറില്‍ 20 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു. 5.3 ശതമാനമായിരുന്നു ഇത്. അയര്‍ലണ്ടിലെ ഉപഭോക്താക്കളില്‍ വ്യക്തിഗത സുരക്ഷയ്ക്കൊപ്പം സാമ്പത്തിക ആശങ്കകളും ഉയരുന്നതിനെ സ്ഥിരീകരിക്കുന്നതാണ് സര്‍വ്വേയെന്ന് ഡെലോയിറ്റ് മേധാവി ഡാനിയല്‍ മുറെ പറഞ്ഞു.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്ന് ശുഭാപ്തി വിശ്വാസവും ഉപഭോക്താക്കള്‍ക്കുണ്ടെന്ന് സര്‍വ്വേ പറയുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG

Comments are closed.