ഡബ്ലിന്‍ : അയര്‍ലണ്ടിലെ രാഷ്ട്രീയ വൃത്തങ്ങളില്‍ ഹെലന്‍ മക് എന്‍ഡീയെന്ന നീതിന്യായ മന്ത്രിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വളരെ സജീവമാണ് .അത് വെറും ചര്‍ച്ചയല്ലെന്നതാണ് പ്രാധാന്യം വര്‍ധിപ്പിക്കുന്നത്.
മുന്നണി ധാരണയനുസരിച്ച് ഫിനഗേലിനാണ് അടുത്ത പ്രധാനമന്ത്രി സ്ഥാനം. 2022 ഡിസംബറില്‍ ലിയോ വരദ്കര്‍ക്കാണ് നറുക്ക് വീഴേണ്ടതും. എന്നാല്‍ പാര്‍ട്ടി കേന്ദ്രങ്ങളുടെ ചര്‍ച്ചകളില്‍ ഇപ്പോള്‍ ആ സ്ഥാനത്തേയ്ക്ക് ഹെലന്‍ മക് എന്‍ഡീ എന്ന പേരു കൂടി നിറഞ്ഞത് സ്വാഭാവികമായാണോ എന്നറിയില്ല. എന്നിരുന്നാലും ചര്‍ച്ചകള്‍ മുറുകുകയാണ്.
ലിയോ വരദ്കറുടെ പിന്‍ഗാമിയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, തനിക്ക് അങ്ങനെയും ഒരു അതിമോഹമുണ്ടെന്ന് അവര്‍ പറഞ്ഞുവെച്ചതും ഇവിടെ പ്രസക്തമാകുന്നു.
ഫിനഗേല്‍ വൃത്തങ്ങളില്‍ ഹെലന്‍ മക് എന്‍ഡീ ചര്‍ച്ചയും തീര്‍പ്പുമാകുമ്പോള്‍….
ഫിനഗേല്‍ കുടുംബത്തില്‍ പിറന്ന് പടിപടിയായി വളര്‍ന്ന് കഴിവു തെളിയിച്ച് മുന്നേറുകയാണ് മക് എന്‍ഡിയെന്ന യുവ വനിതാ നേതാവ്. ഈ വളര്‍ച്ച രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേയ്ക്ക് എത്തുമോയെന്നാണ് ഇനി അറിയേണ്ടത്.
മന്ത്രി എന്ന നിലയിലുള്ള തന്റെ നിലവിലെ റോളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മക് എന്‍ഡി കൂട്ടിച്ചേര്‍ത്തെങ്കിലും അടുത്ത കാലത്തായി രാഷ്ട്രീയ സര്‍ക്കിളുകളില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു സാധ്യതയാണ് വികസിച്ചിരിക്കുകയാണ് ഹെലന്‍ മക് എന്‍ഡി എന്ന സുന്ദരി.
വരദ്കര്‍ക്ക് പകരം
സൂപ്പര്‍ പ്രധാനമന്ത്രിയായി ഇപ്പോഴും അയര്‍ലണ്ടിനെ പുറകില്‍ നിന്ന് നയിക്കുന്നത് ലിയോ വരദ്കര്‍ എന്ന ഇന്ത്യന്‍ വംശജനാണെങ്കിലും ഐറിഷ് രാഷ്ട്രീയത്തില്‍ ഏറെ ഒളിയമ്പുകള്‍ വരദ്കര്‍ക്കുണ്ടെന്നതാണ് പകരക്കാരനെ കണ്ടെത്താന്‍ ഫിനഗേലിനൊപ്പം രാജ്യത്തെ ജനങ്ങളെയും ചിന്തിപ്പിക്കുന്നത്.ഫിനഗേലിനുള്ളില്‍ ‘മികച്ചവരുടെ’ എണ്ണം കുറവാണ് എന്നതാണ് ഇപ്പോഴും വരദ്കറിന് അനുകൂലമായ സ്ഥിതിവിശേഷം നിലനില്‍ക്കാനുള്ള കാരണം.
ഒന്നിന് പിന്നാലെ ഓരോന്നായി എത്തിയ സ്വവര്‍ഗവിവാഹനിയമ നിര്‍മ്മാണം, അബോര്‍ഷന്‍ നിയമ ഭേദഗതി ,കനാബീസിന്റെ ഉപഭോഗ അംഗീകാരം,എന്നിവയ്‌ക്കൊക്കെ വരദ്കറുടെ കൈകളില്‍ ഉത്തരവാദിത്വം ചാര്‍ത്തുന്നവരാണ് രാജ്യത്തെ മിതവാദികളായ ജനങ്ങളില്‍ അധികവും.2008 ല്‍ ആരംഭിച്ച തകര്‍ച്ചയുടെ കാലത്തിന് ശേഷം ഗള്‍ഫ് രാജ്യങ്ങളില്‍ അയര്‍ലണ്ടിലേക്ക് ഒഴുകിയെത്തിയ പണ നിക്ഷേപത്തിനും, അയര്‍ലണ്ടിലെ പാരമ്പര്യ തകര്‍ച്ചയ്ക്ക് ഹേതുവാകുന്ന മേല്‍ പറഞ്ഞ നിയമ നിര്‍മ്മാണങ്ങള്‍ക്കും തമ്മില്‍ ബന്ധമുണ്ടെന്ന് കരുതുന്നവരാണ് ഏറെയും..
വരദ്കറുടെ ഭരണകാലത്ത് കൊണ്ടുവന്ന വിസാ ഉദാരവത്കരണ നയങ്ങളുടെ ഭാഗമായി മീറ്റ് വ്യവസായത്തിലും മറ്റും വര്‍ക്ക് പെര്‍മിറ്റ് നല്കുന്നരില്‍ ഏറെയും പ്രയോജനപ്പെടുത്തുന്നത് ചില പ്രത്യേക സമുദായങ്ങള്‍ മാത്രമാണെന്നതും പൊതുസമൂഹത്തില്‍ ആശങ്ക ഉയര്‍ത്തുന്നു.ഭക്ഷണത്തെ മത വത്കരിക്കാന്‍ നിര്‍ബന്ധമാക്കി കൊണ്ട് ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ വിഭവങ്ങളുടെ എണ്ണവും കൂടുകയാണ്.
രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ നിയമപരമായി അംഗീകരിക്കാനുള്ള നിയമനടപടികള്‍ അടുത്ത ആറു മാസങ്ങള്‍ക്കുള്ളില്‍ ഊര്‍ജ്ജിതമാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമ്പോള്‍ നിലവിലുള്ള 75 ശതമാനം അനധികൃത കുടിയേറ്റക്കാരും ഒരു പ്രത്യേക മതത്തില്‍ പെട്ടവരാണെന്നത് ശ്രദ്ധേയമാണ്.
രാജ്യത്തെ സാംസ്‌കാരിക പാരമ്പര്യങ്ങളെ മറ്റു സംസ്‌കാരങ്ങള്‍ക്ക് അടിയറ വെയ്ക്കാനുള്ള വരദ്കറുടെ പോക്കില്‍ പൊതു സമൂഹം അസംതൃപ്തരാണെന്ന തിരിച്ചറിവിലാണ് ഫിനഗേല്‍ പാര്‍ട്ടി ഇപ്പോഴുള്ളത്.
നേതൃനിരയിലേയ്ക്ക് …
കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ ഫിനഗേലിന്റെ നേതൃത്വനിരയിലൊന്നും മക് എന്‍ഡി ഇല്ലായിരുന്നു. സൈമണ്‍ കോവനേ, ധനമന്ത്രി പാസ്‌കല്‍ ഡോണോ, സൈമണ്‍ ഹാരിസ്, എന്നിവരൊക്കെയായിരുന്നു നേതൃനിരയില്‍. എന്നാല്‍ മന്ത്രിസഭ വന്നതോടെ ആ പട്ടികയിലേയ്ക്ക് എങ്ങനെയോ മക് എന്‍ഡി കൂടിയെത്തി.ഇപ്പോള്‍ ആ പേര് സിന്‍ ഫെയ്ന്‍ നേതാവ് മേരി ലൂ മക് ഡൊണാള്‍ഡിന് ശേഷമുള്ള രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയെന്ന നിലയിലോ സിന്‍ ഫെയ്ന്‍ നേതാവിനെ മറികടന്ന് ആദ്യ പ്രധാനമന്ത്രിയെന്ന തലത്തിലോ എത്തുമെന്ന നിലയിലാണ്.
സീനിയേഴ്സിന്റെ സ്വന്തം ആള്‍
സാപ്പോണ്‍ നിയമന വിവാദത്തില്‍പ്പെട്ടത് സൈമണ്‍ കോവനെയുടെയും വരദ്കറുടെയും ഇമേജിന് കോട്ടമുണ്ടാക്കിയെന്ന് മന്ത്രിമാരുള്‍പ്പടെയുള്ള മുതിര്‍ന്ന ഫിനഗേല്‍ നേതാക്കള്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നു.വരദ്കര്‍ സ്ഥാനമൊഴിയുന്നത് വരെ കാത്തിരിക്കുന്നതിനു പകരം ബ്രസ്സല്‍സിലെ മറ്റേതെങ്കിലും പൊളിറ്റിക്കല്‍ നിയോഗങ്ങളിലേയ്ക്ക് കോവനേയും ഡോണോയുമൊക്കെ പോയേക്കാമെന്നും ഇവര്‍ പറയുന്നു. അങ്ങനെ വന്നാല്‍ ഇവിടെ മക് എന്‍ഡിയെപ്പോലൊരു യുവ സുന്ദരിക്ക് ചാന്‍സ് ലഭിക്കുമെന്നും ഇവര്‍ കരുതുന്നു.അതിനുള്ള എല്ലാ യോഗ്യതയും പഴയ ജൂനിയര്‍ മന്ത്രിയായ ഷെയ്നിന്റെ മകള്‍ക്കുണ്ടെന്നാണ് ഫിനഗേലിന്റെ മുതിര്‍ന്ന നേതാക്കള്‍ പോലും പറയുന്നത്.
പിതാവിന്റെ പാതയിലൂടെ മുന്നേറ്റം
2013ലെ വസന്തകാലത്താണ് മക് എന്‍ഡി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. ഡെയ്ലിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ടിഡി ആയിരുന്നു ഇവര്‍.ജൂനിയര്‍ മന്ത്രിയായിരുന്ന പിതാവ് ഷെയ്ന്റെ സ്വന്തം തട്ടകമായ മീത്ത് ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിലാണ് ഇവര്‍ ജയിച്ചുകയറിയത്.മക് എന്‍ഡി ശക്തയാകുമെന്ന് അന്നുതന്നെ രാഷ്ട്രീയ വൃത്തങ്ങളില്‍ കുറച്ചുപേരെങ്കിലും പ്രവചിച്ചിരുന്നു.അത് ശരിയെന്ന് വരികയാണിവിടെ.
മക് എന്‍ഡി തന്റെ പിതാവിന്റെ പാര്‍ലമെന്ററി അസിസ്റ്റന്റായി പൊളിറ്റിക്കല്‍ അപ്രന്റിസ്ഷിപ്പ് ചെയ്തിട്ടുണ്ടെന്ന് മുന്‍ ഫിന ഗെയ്ല്‍ ടിഡി ആയിരുന്ന നോയല്‍ റോക്ക് പറയുന്നു. അദ്ദേഹത്തിന്റെ പ്രചാരണങ്ങളുടെ ചുക്കാനും മക് എന്‍ഡിക്കായിരുന്നുവെന്നും ഇവര്‍ പറയുന്നു.
മന്ത്രിയെന്ന നിലയിലും തിളക്കം
കഴിഞ്ഞ വര്‍ഷമാണ് നീതിന്യായ മന്ത്രിയുടെ വെല്ലുവിളി നിറഞ്ഞ ജോലി എന്‍ഡി ഏറ്റെടുത്തത്. ഓണ്‍ലൈന്‍ ക്രിമിനലുകള്‍ക്കെതിരെ നിയമം കൊണ്ടുവന്ന് സ്ത്രീകളുടെയും കുട്ടികളുടെയും രക്ഷകയായി. ഒപ്പം ലൈംഗിക അതിക്രമങ്ങളും ഗാര്‍ഹിക പീഡനങ്ങളുമായി ബന്ധപ്പെട്ട പുതിയ നടപടികളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണിപ്പോള്‍.
നീതിന്യായ മന്ത്രിയെന്ന നിലയില്‍ തന്റെ ആശങ്കകളിലൊന്ന് രാഷ്ട്രീയക്കാരുടെ സുരക്ഷയും സംരക്ഷണുമാണെന്ന് മക് എന്‍ഡി വ്യക്തമാക്കിയിട്ടുണ്ട്. ഈ ആഴ്ച കില്ലര്‍നിയില്‍ നടന്ന അസോസിയേഷന്‍ ഓഫ് ഗാര്‍ഡ സെര്‍ജന്റ്‌സ് ആന്‍ഡ് ഇന്‍സ്‌പെക്ടേഴ്‌സ് കോണ്‍ഫറന്‍സില്‍ സംസാരിക്കവെ, ഒരു രാഷ്ട്രീയക്കാരി എന്ന നിലയില്‍ തനിക്ക് സുരക്ഷിതത്വമില്ലെന്ന് തോന്നിയ അവസരങ്ങളുണ്ടെന്ന് അവര്‍ പറഞ്ഞു.ഈ വര്‍ഷമാദ്യം അവള്‍ വ്യാജ ബോംബ് ഭീഷണിക്ക് ഇരയായിരുന്നു, അത് സംബന്ധിച്ച കേസ് നടക്കുകയാണ്.
വന്ന വഴിയേ പോയ വിവാദം
അറ്റോര്‍ണി ജനറലായി കാലാവധി പൂര്‍ത്തിയാക്കിയ സീമസ് വുള്‍ഫിനെ സുപ്രിംകോടതി ജഡ്ജിയായി നിയമിച്ചതിന്റെ പേരില്‍ മക് എന്‍ഡിയെ ചിലര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരുന്നു. എന്നാല്‍ ജുഡീഷ്യറി അംഗങ്ങളുടെ നിയമനത്തിനുള്ള നടപടിക്രമങ്ങളെല്ലാം പാലിച്ച് ജുഡീഷ്യല്‍ അപ്പോയിന്റ്‌മെന്റ് അഡൈ്വസറി ബോര്‍ഡ് വഴിയാണ് സീമസ് വൂള്‍ഫിന്റെ പേര് വന്നതെന്ന് തെളിഞ്ഞതോടെ ആ വിമര്‍ശനത്തിന്റെ മുനയൊടിഞ്ഞുപോയി. ഡോള്‍ഫ് ഡിന്നര്‍ വിവാദവും മക് എന്‍ഡിയെ കാര്യമായി ബാധിച്ചില്ല.
മക് എന്‍ഡി വ്യക്തിയും ജീവിതവും
ഡബ്ലിന്‍ സിറ്റി യൂണിവേഴ്സിറ്റിയില്‍ നിന്ന് രാഷ്ട്രീയം, നിയമം, സാമ്പത്തിക ശാസ്ത്രം എന്നിവയില്‍ ബിരുദം നേടി. ബാല്യം മുതല്‍ ഫിനഗേലിന്റെ ഭാഗമായിരുന്നു. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ മീത്തിലാണ് മക് എന്‍ഡി വളര്‍ന്നത്.
പ്രാദേശിക ഐറിഷ് ഫാര്‍മേഴ്സ് അസോസിയേഷന്‍ ബ്രാഞ്ചിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്നു എന്‍ഡിയുടെ മുത്തച്ഛന്‍. ഫിനഗേലിനെയും ഫാമിംഗിനെയും ഒരുമിച്ചാണ് ഇദ്ദേഹം പ്രണയിച്ചതെന്നും മക് എന്‍ഡി പറയുന്നു.
എന്തായാലും ഫാമിലി, ഫുട്‌ബോള്‍, ഫിനഗേല്‍, ഫാമിംഗ് എന്നിങ്ങനെ എപ്പോഴും തന്റെ ജീവിതത്തില്‍ എല്ലായ്‌പ്പോഴും നാല് ‘എഫ്’കള്‍ ഉണ്ടായിരുന്നുവെന്ന് മക് എന്‍ഡി പറയുന്നു.
അതൊക്കെ കൊണ്ട് തന്നെയാണ് അയര്‍ലണ്ടിലെ പൊതുസമൂഹം ഈ പെണ്‍കരുത്തിനെ ഇഷ്ടപ്പെടാന്‍ തുടങ്ങിയിരിക്കുന്നതും.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.
Comments are closed.