head1
head3

മാള്‍ട്ടയെ ഇഷ്ടപ്പെടാന്‍ എത്രയെത്ര കാരണങ്ങള്‍…

വലേറ്റ : ചെറിയ ദ്വീപ് രാഷ്ട്രമായ മാള്‍ട്ടയെക്കുറിച്ച് കൂടുതലൊന്നും അറിയില്ല. മെഡിറ്ററേനിയന്‍ തീരപ്രദേശങ്ങള്‍, സമ്പന്നമായ ചരിത്രം, അതിശയകരമായ സംസ്‌കാരം എന്നിവയെക്കുറിച്ച് ചിലതൊക്കെ കേട്ടിരിക്കാം. എന്നാല്‍ അതിനുമൊക്കെ അപ്പുറമാണ് മാള്‍ട്ട. ‘ആളില്‍ കുറിയവ’നാണെങ്കിലും മാള്‍ട്ടയെ ഇഷ്ടപ്പെടാന്‍ ഒട്ടേറെ കാരണങ്ങളുണ്ട്.

അതുകൊണ്ടൊക്കെയാണ് ലോകമെമ്പാടുമുള്ള നിരവധി പേര്‍ ഈ മനോഹരവും വര്‍ണ്ണാഭമായ ദ്വീപിനെ റിട്ടയര്‍മെന്റ് ലൈഫിന് തിരഞ്ഞെടുക്കുന്നത്. അന്താരാഷ്ട്ര റിട്ടയര്‍മെന്റ് ലൊക്കേഷനുകളില്‍ മാള്‍ട്ട ഒന്നാം സ്ഥാനത്താണ്. മാള്‍ട്ടയെ പ്രിയപ്പെട്ടതാക്കുന്ന ഏതാനും കാര്യങ്ങളിലേയ്ക്കും കാരണങ്ങളിലേയ്ക്കും കടന്നുപോകാം…

നല്ല ചികില്‍സ… എല്ലാവര്‍ക്കും

വലിപ്പം കുറവാണെന്നത് മാള്‍ട്ടയെ ആരോഗ്യ ചികില്‍സാ രംഗത്ത് പിന്നിലാക്കിയിട്ടില്ലെന്ന് മാത്രമല്ല, ഏറെ മുന്നിലെത്തിക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ സംരക്ഷണ സംവിധാനമാണ് മാള്‍ട്ടയുടേത്. ദ്വീപിലെ ആദ്യത്തെ ആശുപത്രി 1372 -ലാണ് തുറന്നത്. പ്രശസ്ത നൈറ്റ്സ് ഓഫ് സെന്റ് ജോണ്‍ 16ാം നൂറ്റാണ്ടില്‍ ഇവിടെ ആരോഗ്യപരിപാലനം വിപുലീകരിച്ചതിന്റെ നേട്ടമാണ് ഇവിടെ കാണാനാകുന്നത് .

സ്പെഷ്യലിസ്റ്റ് ട്രീറ്റ്മെന്റ്, ഹോസ്പിറ്റലൈസേഷന്‍, രോഗനിര്‍ണയം, പ്രിസ്‌ക്രിപ്ഷനുകള്‍ എന്നിവയുള്‍പ്പെടെ വിവിധ സേവനങ്ങളാണ് സൗജന്യമായി ഇവിടെ വാഗ്ദാനം ചെയ്യുന്നത്.

ദ്വീപിലുടനീളം ക്ലിനിക്കുകളുള്ള ഏറ്റവും വലിയ പൊതു ആശുപത്രിയാണ് മാറ്റര്‍ ഡീ. സൗജന്യ പരിചരണം ആക്‌സസ് ചെയ്യുന്നതിന് ഇവിടെ ചിലപ്പോള്‍ കാത്തിരിക്കേണ്ടി വന്നേക്കും. അതിനാല്‍ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ സ്വകാര്യ ആശുപത്രികളിലേക്കും നിരവധി സാറ്റലൈറ്റ് ലൊക്കേഷനുകളിലേക്കും പ്രവേശനം ലഭിക്കും.

യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് യൂറോപ്യന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡുണ്ട്. പൊതു സംവിധാനത്തിലുള്‍പ്പെടാന്‍ ആഗ്രഹിക്കുന്ന നോണ്‍-ഇയു പ്രവാസികള്‍ക്ക് സോഷ്യല്‍ സെക്യൂരിറ്റിയില്‍ പണമടയ്ക്കുകയോ പ്രൈവറ്റ് ഇന്‍ഷുറന്‍സ് എടുക്കുകയോ ചെയ്യാം.

ജീവിതച്ചെലവോ… അതെന്താ?

യൂറോപ്യന്‍, അമേരിക്കന്‍ പ്രദേശങ്ങളിലെ വന്‍കിട നഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മാള്‍ട്ടയില്‍ ജീവിതച്ചെലവ് വളരെ കുറവാണ്. കടല്‍ത്തീരത്ത് താമസിച്ച് മനോഹരമായ കാഴ്ചകള്‍ ആസ്വദിക്കണമെങ്കില്‍ ചെലവേറിയേക്കാം. എന്നാല്‍ തീരത്തു നിന്ന് അല്‍പ്പം മാറിയാല്‍ ഈ ചെലവ് ഗണ്യമായി കുറയ്ക്കാനാകും. ഗ്രാമങ്ങളിലേക്ക് പോയാല്‍ തീരെ കുറഞ്ഞ ചെലവില്‍ ജീവിയ്ക്കാമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. മാള്‍ട്ടയിലെ കര്‍ഷക വിപണികളില്‍ നേരിട്ട് സന്ദര്‍ശിച്ചാല്‍ നല്ല ഫ്രഷ് ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാകും.

കാലാവസ്ഥയെക്കുറിച്ചാണെങ്കില്‍ അടിപൊളി

സുഖകരവും സൗമ്യവുമായ കാലാവസ്ഥയാണ് മാള്‍ട്ടയുടെ മറ്റൊരു ആകര്‍ഷണം. ചൂടുള്ള വേനല്‍ക്കാലവും ചെറിയ മഴക്കാലവുമാണ് ദ്വീപിലെ സാധാരണ കാലാവസ്ഥ. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് മഴക്കാലം. വര്‍ഷത്തിന്റെ ബാക്കി കാലം വെയിലാണ്. യൂറോപ്പിലെ മറ്റേതൊരു സ്ഥലത്തേക്കാളും കൂടുതല്‍ സമയം സൂര്യനെ ആസ്വദിക്കാം. ലണ്ടനിലേക്കാള്‍ ഇരട്ടി സമയമാണിത്.

പ്രകൃതി സൗന്ദര്യത്തിന്റെ അവതാരം

ലോകപ്രശസ്തമാണ് മാള്‍ട്ടയുടെ കടല്‍ത്തീരങ്ങള്‍. പാറക്കെട്ടുകള്‍, ഗുഹകള്‍,പുല്‍മേടുകള്‍, മരുഭൂമി പോലുള്ള പ്രകൃതിദൃശ്യങ്ങള്‍ എന്നിവയെല്ലാം അനുഭൂതി പകരുന്നവയാണ്. സമുദ്രത്തിനടിയിലെ പ്രകൃതിദത്തമായ അത്ഭുതങ്ങളും ഇവിടെയുണ്ട്. അവിശ്വസനീയമായ ഭൂമിശാസ്ത്രപരമായ രൂപങ്ങളും നിരവധിയിനം ഉഷ്ണമേഖലാ മത്സ്യങ്ങളുമെല്ലാമുണ്ട്.

മനോഹരമാണെങ്കിലും, മാള്‍ട്ടയിലെ ഭൂരിഭാഗം ബീച്ചുകള്‍ക്കും മണല്‍ പരപ്പുകളില്ല. പാറക്കെട്ടുകളായ ബീച്ചുകളാണ് ഇവിടെയുള്ളത്. സഞ്ചാരികള്‍ക്കായി കുറച്ച് മണല്‍ ബീച്ചുകള്‍ നിര്‍മ്മിക്കാന്‍ ലിബിയയില്‍ നിന്ന് മണല്‍ ഇറക്കുമതി ചെയ്തിട്ടുമുണ്ട്. ജനങ്ങളെ എങ്ങനെയും മാള്‍ട്ടായിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാരും നല്ല പ്രചാരണവും, പ്രയത്‌നവും നടത്തുന്നുമുണ്ട്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/IReDGTYjTSn9KVOI8mowCy

Comments are closed.