head3
head1

എപിക് ഫോര്‍ട് നൈറ്റ് ചൈനയില്‍ കളി നിര്‍ത്തുന്നു; നവംബര്‍ 15ന് ഗുഡ്ബൈ…

ഡബ്ലിന്‍: അടിച്ചമര്‍ത്തല്‍ സമീപനത്തില്‍ മനംമടുത്ത് ആഗോള ഗെയിമിംഗ് ഭീമനായ എപിക് ഫോര്‍ട് നൈറ്റ് ചൈനയില്‍ കളി നിര്‍ത്തുന്നു. എപികിന്റെ ജനപ്രിയ ഗെയിമാണ് ഫോര്‍ട്ട്‌നൈറ്റ്. ഇതിന്റെ ‘സേവന’മാണ് ചൈന സര്‍ക്കാരിന്റെ കര്‍ശന നിയന്ത്രണങ്ങളെ തുടര്‍ന്ന് കളത്തിന് പുറത്താവുന്നത്. ഇത് ലക്ഷക്കണക്കിന് ഫോര്‍ട്നൈറ്റ് ആരാധകരെ നിരാശയിലാഴ്ത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് എപിക്കില്‍ വലിയ ഓഹരി പങ്കാളിത്തമുള്ള ടെന്‍സെന്റിന്റെ ഹോങ്കോങ്ങില്‍ ലിസ്റ്റ് ചെയ്ത ഓഹരി വിലയും ഇടിഞ്ഞു. ഏതാണ്ട് 350 മില്യണിലധികം ഉപയോക്താക്കളുണ്ട് ഫോര്‍ട്നൈറ്റിന്.

ടെക്‌നോളജി മേഖലയില്‍ ചൈന അടിച്ചമര്‍ത്തലിന്റെ പാതയാണ് സ്വീകരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ ഗെയിമിംഗ് വിപണിയായ ചൈനയില്‍ കര്‍ശന നിയന്ത്രണങ്ങളാണ് മാസങ്ങളായി ഏര്‍പ്പെടുത്തിയിരുന്നത്. ഇതേ തുടര്‍ന്നാണ് ‘ഫോര്‍ട്ട്‌നൈറ്റ്’ അടച്ചുപൂട്ടുകയാണെന്ന് യുഎസ് ടെക് ഭീമന്‍ എപിക് ഗെയിംസ് അറിയിച്ചത്.

അടിച്ചമര്‍ത്തല്‍ നയങ്ങളില്‍ പ്രതിഷേധിച്ച് ഒക്ടോബറില്‍ കരിയര്‍ അധിഷ്ഠിത സോഷ്യല്‍ നെറ്റ്വര്‍ക്ക് ലിങ്ക്ഡ്ഇന്‍ മൈക്രോസോഫ്റ്റ് അടച്ചുപൂട്ടിയിരുന്നു. ജനപ്രിയ ഉല്‍പ്പന്നം പിന്‍വലിക്കുന്ന യുഎസ് ആസ്ഥാനമായ രണ്ടാമത്തെ കമ്പനിയാണ് എപിക്.

കളിയ്ക്ക് സുല്ലിട്ട് എപിക്

ഫോര്‍ട്ട്‌നൈറ്റ് പിന്‍വലിച്ചെന്നും ഗെയിം അടച്ചുപൂട്ടുമെന്ന് എപിക് അറിയിച്ചു. ചൈനയുടെ ബീറ്റ ടെസ്റ്റ് അവസാനിച്ചു. സെര്‍വറുകള്‍ ഉടന്‍ അടയ്ക്കും. നവംബര്‍ 15ന് രാവിലെ 11ന് ഗെയിം സെര്‍വറുകള്‍ ഓഫ് ചെയ്യും. കളിക്കാര്‍ക്ക് തുടര്‍ന്ന് ലോഗിന്‍ ചെയ്യാന്‍ കഴിയില്ല- എപിക് പ്രസ്താവനയില്‍ പറഞ്ഞു.

ചൈനീസ് മാര്‍ക്കറ്റിനായി പ്രത്യേകം സൃഷ്ടിച്ചതായിരുന്നു ഫോര്‍ട്ട്‌നൈറ്റ്. ചൈനയില്‍ കടന്നുകയറുന്നതിന് എപിക്ക് നടത്തിയ ദീര്‍ഘകാല പരീക്ഷണത്തിനാണ് ഇവിടെ വിരാമമാകുന്നത്.

എപികിന്റെ ചൈനീസ് ടെസ്റ്റ് പതിപ്പ് 2018ലാണ് പുറത്തിറങ്ങിയത്. എന്നാല്‍ പുതിയ ഗെയിമുകള്‍ക്ക് അംഗീകാരം നല്‍കാന്‍ ചൈന തയ്യാറായില്ല. അതിനാല്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്യാനോ ധനസമ്പാദനത്തിനോ കഴിഞ്ഞിരുന്നില്ല. വലിയ വെല്ലുവിളികളാണ് ചൈനയില്‍ എപിക് ഫോര്‍ട് നൈറ്റ് നേരിട്ടത്.

ഡെവലപ്പര്‍മാര്‍ ഗെയിമിന്റെ രക്തരൂക്ഷിതമായ വശങ്ങള്‍ കുറയ്ക്കുന്നതിന് നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടും അംഗീകാരം നല്‍കാന്‍ ചൈന തയ്യാറാകാത്തതിനാലാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്ന് നിക്കോ പാര്‍ട്‌ണേഴ്‌സിലെ സീനിയര്‍ വീഡിയോ ഗെയിം അനലിസ്റ്റ് ഡാനിയല്‍ അഹ്‌മദ് പറഞ്ഞു.

അതേസമയം, വെയ്‌ബോയിലെ നിരവധി ‘ഫോര്‍ട്ട്‌നൈറ്റ്’ ഫാന്‍ അക്കൗണ്ടുകള്‍ സര്‍ക്കാരിന് നിവേദനം നല്‍കുന്നതിന് ലിങ്ക് പങ്കിട്ടിട്ടുണ്ട്.

പിടിമുറുക്കി ചൈന

സെപ്തംബറില്‍, ഗെയിമിംഗ് ഭ്രാന്ത് നിയന്ത്രിക്കാനെന്ന പേരില്‍ രാജ്യത്ത് കുട്ടികള്‍ക്ക് ഓണ്‍ലൈനില്‍ കളിക്കാന്‍ കഴിയുന്ന സമയം വെട്ടിക്കുറച്ചിരുന്നു. മാത്രമല്ല, രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഐഡി കാര്‍ഡുകള്‍ ഉപയോഗിക്കണമെന്നും കളിക്കാരോട് ആവശ്യപ്പെട്ടിരുന്നു.

ചൈനീസ് ഗെയിമിംഗ് സ്ഥാപനങ്ങളോടും ലാഭത്തിലും ആരാധകരെ നേടുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കരുതെന്ന് റെഗുലേറ്റര്‍മാര്‍ ഉത്തരവിട്ടിട്ടുണ്ട്. നിയമങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ശിക്ഷാ ഭീഷണിയുണ്ട്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/IReDGTYjTSn9KVOI8mowCy

Comments are closed.