കോണ്‍ഗ്രസിന്റെ ദേശീയപാത ഉപരോധത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന് നേരെ ആക്രമണം; കൈയ്ക്ക് പരിക്ക്, വാഹനത്തിന്റെ ചില്ല് തകര്‍ത്തു
ജോജു മദ്യപിച്ചിരുന്നുവെന്ന ആരോപണം പാളി. ജോജുവിനെതിരെ കേസില്ല. റോഡ് ഉപരോധിച്ച് വാഹനം തല്ലിത്തകര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ പോലീസ് കേസെടുത്തു.
കൊച്ചി: ഇന്ധനവില വര്‍ദ്ധനയ്ക്കെതിരെ ഇടപ്പള്ളി വൈറ്റില റോഡ് തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ സമരത്തെ ചോദ്യം ചെയ്ത നടന്‍ ജോജു ജോര്‍ജ്ജിന് നേരെ ആക്രമണം. ഉപരോധ സമരത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ വന്‍ ഗതാഗത തടസമുണ്ടായിരുന്നു. വാഹനങ്ങളും രോഗികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളും വഴിയില്‍ കുടുങ്ങിയതോടെയാണ് ജോജു അടക്കം പലരും പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാല്‍ പ്രതിഷേധിച്ചതിന് പിന്നാലെ ജോജുവിന്റെ വാഹനത്തിന്റെ ചില്ല് സമരക്കാര്‍ അടിച്ചു തകര്‍ത്തു. സംഭവത്തില്‍ ജോജുവിന് നേരിയ പരിക്കും പറ്റിയിട്ടുണ്ട്.
ദേശീയ പാതയില്‍ ഇടപ്പള്ളി മുതല്‍ വൈറ്റില വരെ റോഡിന്റെ ഇടതു ഭാഗം അടച്ചിട്ടായിരുന്നു തിങ്കളാഴ്ച രാവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധ സമരം നടത്തിയത്. പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരപരിപാടി ഏത് രാഷ്ട്രീയ പാര്‍ട്ടി നടത്തിയാലും അംഗീകരിക്കാനാവില്ലെന്നായിരുന്നു ജോജുവിന്റെ പ്രതികരണം.
ജോജു ജോര്‍ജ്ജ് മദ്യപിച്ചിട്ടാണ് ബഹളമുണ്ടാക്കിയതെന്ന സമര പ്രവര്‍ത്തകരുടെ ആരോപണവും പൊളിഞ്ഞു. വൈദ്യപരിശോധനയില്‍ ജോജു മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞതായി പൊലീസ് വ്യക്തമാക്കി. അതേസമയം റോഡ് ഉപരോധിച്ചതിനും ജോജുവിന്റെ വാഹനം തല്ലിത്തകര്‍ത്തതിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ പോലീസ് കേസെടുത്തു. സ്ത്രീകളോട് അപമാര്യാതെയായി പെരുമാറിയെന്നും ജോജുവിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. വനിതാ നേതാക്കളുടെ പരാതിയില്‍ വിശദമായി പരിശോധന നടത്തിയ ശേഷം തുടര്‍നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
‘ഞാന്‍ നന്നായി കള്ളു കുടിച്ചിരുന്ന ആളാണ്. പക്ഷേ മദ്യപാനം നിര്‍ത്തിയിട്ട് അഞ്ചു വര്‍ഷമായി. ചെയ്ത കാര്യത്തില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. കയ്യില്‍ പരുക്കുകള്‍ പറ്റിയിട്ടുണ്ട്’ ജോജു പറഞ്ഞു. ‘ഭയങ്കര കൊതിയോട് കൂടി വാങ്ങിച്ച വണ്ടിയാണ്. ഇതുകണ്ടില്ലേ, അവിടെയുള്ള ആളുകളെ എനിക്ക് മുന്‍പരിചയം പോലുമില്ല. മണിക്കൂറുകളോളം വണ്ടികള്‍ ബ്ലോക്ക് ചെയ്തിട്ടുള്ള സമരം ശരിയല്ല. ഒരവസരത്തിലും സ്ത്രീകളോട് മോശമായി പെരുമാറുന്ന ആളല്ല ഞാന്‍. ഒരാളോടും മാപ്പ് പറയില്ല.’ ജോജു കൂട്ടിച്ചേര്‍ത്തു.
താനൊരു രാഷ്ട്രീയക്കാരനല്ലെന്നും തനിക്കാരോടും വ്യക്തി വൈരാഗ്യമില്ലെന്നും, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കെതിരെയല്ല താന്‍ ശബ്ദമുയര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു. തന്റെ വണ്ടിക്ക് പുറകില്‍ ഉണ്ടായിരുന്നത് കീമോ ചികിത്സയ്ക്ക് കൊണ്ടു പോകുകയായിരുന്ന ഒരു രോഗിയാണെന്ന് ജോജു പറഞ്ഞു. ഇത്തരത്തില്‍ പല ആവശ്യങ്ങള്‍ക്കായി പോകുന്ന ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള ഒരു സമരപരിപാടിയും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. കോണ്‍ഗ്രസുകാരെ നാണം കെടുത്താന്‍ പാര്‍ട്ടിയുടെ പേരും പറഞ്ഞ് കുറച്ച് പേര്‍ ഇറങ്ങിയിരിക്കുകയാണെന്ന് ജോജു ആരോപിച്ചു.
അതേസമയം മുണ്ടും മാടിക്കെട്ടി സമരക്കാര്‍ക്കു നേരെ ഗുണ്ടയെ പോലെ പാഞ്ഞടുക്കുകയായിരുന്നു ജോജു ജോര്‍ജെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. വാഹനം തകര്‍ക്കാനുള്ള അവസരം ഉണ്ടാക്കിയത് ജോജുവാണെന്നും സുധാകരന്‍ ന്യായീകരിച്ചു. സമരക്കാര്‍ക്കുനേരെ ചീറിപ്പാഞ്ഞതു കൊണ്ടാണ് വാഹനം തകര്‍ത്തത്. അവിടെയുണ്ടായിരുന്ന മറ്റൊരു വാഹനത്തിന്റെയും ചില്ല് പൊളിഞ്ഞിട്ടില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/IReDGTYjTSn9KVOI8mowCy
Comments are closed.