ഡബ്ലിന്‍ : അയര്‍ലണ്ടിലെ പ്രൈമറി സ്‌കൂള്‍ ക്ലാസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് മലയാളവും പഠിക്കാനാവുന്ന കാലം വരികയാണോ? വിദേശത്തു പോയതോടെ മലയാളം മറന്നുവെന്ന ‘എക്സ്‌ക്യൂസിനോട് ‘ ഗുഡ്ബൈ പറയേണ്ട കാലമാണ് അയര്‍ലണ്ടില്‍ വരുന്നതെന്നാണ് കരുതേണ്ടത്. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനുള്ളിലെ ഏറ്റവും നാടകീയമായ കാഴ്ചകള്‍ക്കായിരിക്കും ഈ പരിഷ്‌കാരം വേദിയൊരുക്കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.
വിദേശ ഭാഷകള്‍ സ്‌കൂള്‍ തലത്തില്‍ ആരംഭിക്കാനുള്ള ശുപാര്‍ശയുമായി ദേശീയ അസസ്മെന്റ് കമ്മിറ്റി രംഗത്തു വന്നിരിക്കുന്നതിനെ അതിന്റെ സൂചനയായാണ് കണക്കാക്കുന്നത്. പ്രൈമറി വിദ്യാര്‍ഥികളുടെ കരട് പാഠ്യപദ്ധതിയില്‍ മൂന്നാം ക്ലാസ്സ് മുതല്‍ വിദേശ ഭാഷകള്‍ കൂടി പഠിക്കാന്‍ അവസരമൊരുക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം വന്നിരിക്കുന്നത്. ഇത് സര്‍ക്കാര്‍ തലത്തില്‍ അംഗീകരിക്കപ്പെട്ടാല്‍ മൂന്നാം ക്ലാസ്സില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് മലയാളമുള്‍പ്പടെയുള്ള വിദേശ ഭാഷകള്‍ പഠിക്കാന്‍ കഴിയും.
മതപഠനം ഉള്‍പ്പടെയുള്ള സംഗതികള്‍ക്ക് സമയം കുറയുമെന്ന സൂചനയും പാഠ്യ പദ്ധതി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. സാങ്കേതികവിദ്യ പോലുള്ള പുതിയ ഇനങ്ങള്‍ക്കൊപ്പം ക്ഷേമത്തിനും ഗണിതത്തിനും ഭാഷയ്ക്കും ശക്തമായ ഊന്നലുണ്ടാകും. സ്‌കൂളുകള്‍ക്ക് അവരുടെ വിദ്യാര്‍ത്ഥികളെ അനുസരിച്ച് വിഷയത്തിന് മുന്‍ഗണന നല്‍കാനും പഠന മേഖലകള്‍ തീരുമാനിക്കാനും അവസരമൊരുക്കുന്നതാണ് പുതിയ കരിക്കുലം നിര്‍ദ്ദേശങ്ങള്‍.
പുതിയ കരിക്കുലം നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കരിക്കുലം ആന്‍ഡ് അസസ്മെന്റി(എന്‍സിസിഎ)ന്റെ കണ്‍സള്‍ട്ടേഷനിലാണ്. പദ്ധതി നടപ്പാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നേരത്തേയാരംഭിച്ചിരുന്നു. എന്നാല്‍ പകര്‍ച്ചവ്യാധി വന്നതോടെ സ്‌കൂളുകളുമായുള്ള ചര്‍ച്ചകള്‍ വഴിമുട്ടുകയായിരുന്നു.
പാഠ്യപദ്ധതിയെപ്പറ്റി അഭിപ്രായം പറയാന്‍ അവസരം
മാതാപിതാക്കള്‍, അധ്യാപകര്‍, സ്‌കൂള്‍ ലീഡര്‍മാര്‍, കുട്ടികള്‍ എന്നിവര്‍ക്കും ഇക്കാര്യത്തില്‍ അവരുടെ നിരീക്ഷണങ്ങള്‍ ഓണ്‍ലൈനില്‍ പങ്കിടാന്‍ അവസരമുണ്ട്. 2022 ഫെബ്രുവരി വരെയാണ് ആളുകള്‍ക്ക് അഭിപ്രായപ്രകടനത്തിന് അവസരമുള്ളത്.
മലയാളം അടക്കമുള്ള ഭാഷകള്‍ വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാനുള്ള സമയം കൂടിയാണിത്. 2026 സമ്മറോടെ എല്ലാ പാഠ്യപദ്ധതി സവിശേഷതകളുടെയും വികസനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഈ വര്‍ഷം മുതല്‍ ജനിക്കുന്ന കുട്ടികള്‍ക്ക് പുതിയ പാഠ്യപദ്ധതിയില്‍ പഠിക്കാന്‍ ഭാഗ്യമുണ്ടാകുമെന്ന് കരുതാവുന്നതാണ്.
ആദ്യ നാല് വര്‍ഷങ്ങളില്‍ കൂടുതല്‍ വിഷയങ്ങള്‍
പ്രൈമറിയുടെ ആദ്യ നാല് വര്‍ഷങ്ങളില്‍ പഠിക്കേണ്ട വിഷയങ്ങളില്‍ വിപുലീകരണമുണ്ടാകും. നിലവിലെ 11 പ്രത്യേക വിഷയങ്ങളില്‍ കൂടുതല്‍ ഉള്‍പ്പെടുത്താനും മാറ്റി സ്ഥാപിക്കാനും അവസരമുണ്ടാകും. മൂന്നു മുതല്‍ ആറാം ക്ലാസ് വരെ കൂടുതല്‍ വിഷയങ്ങള്‍ പഠിപ്പിക്കും. പിഇ, ഡിജിറ്റല്‍ പഠനം, വിദേശ ഭാഷകള്‍, ലോക മതത്തെയും ധാര്‍മ്മികതയും ഉള്‍പ്പെടുന്ന വിഷയം, കലാ വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കും.
സ്‌കൂളുകള്‍ക്ക് കൂടുതല്‍ സ്വാതന്ത്യം
കൂടുതല്‍ പഠന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വ്യക്തിഗതമായി തീരുമാനിക്കുന്നതിന് സ്‌കൂളുകളെ അനുവദിക്കും. പാഠ്യപദ്ധതി നിര്‍മ്മാതാക്കള്‍ എന്ന നിലയില്‍ സ്‌കൂളുകള്‍ക്ക് വര്‍ദ്ധിച്ച പങ്കാളിത്തം നല്‍കാനാണ് മാറ്റങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് എന്‍സിസിഎ പറയുന്നു. കുട്ടികളുടെ പ്രീ-സ്‌കൂളിലെ മുന്‍കാല അനുഭവങ്ങളും പ്രൈമറിയിലെ അനുഭവങ്ങളും പോസ്റ്റ്-പ്രൈമറി സ്‌കൂളിലെ തുടര്‍ അനുഭവങ്ങളുമെല്ലാം പരിഗണിച്ചാണ് പാഠ്യ പദ്ധതികളിലെ മാറ്റങ്ങള്‍ പൂര്‍ത്തീകരിക്കുക.
പാഠ്യപദ്ധതി പൂര്‍ത്തീകരണം വിശാല ചര്‍ച്ചകള്‍ക്ക് ശേഷം
വിശാലമായ ഗവേഷണത്തിന്റെയും ചര്‍ച്ചകളുടെയും അടിസ്ഥാനത്തിലായിരിക്കും മാറ്റങ്ങള്‍ വരുത്തുകയെന്നും എന്‍സിസിഎ വ്യക്തമാക്കി. പാഠ്യപദ്ധതിയിലെ മിക്ക മേഖലകള്‍ക്കും അനുവദിച്ചിരിക്കുന്ന സമയം കുറച്ചുകൊണ്ടായിരിക്കും കൂടുതല്‍ വിഷയങ്ങള്‍ ഉള്‍പ്പെടുത്തുക. കുട്ടികള്‍ക്ക് വിവിധ സാഹചര്യങ്ങള്‍, വെല്ലുവിളികള്‍, സന്ദര്‍ഭങ്ങള്‍ എന്നിവയുമായി പൊരുത്തപ്പെടാനും കൈകാര്യം ചെയ്യാനും ആവശ്യമായ അറിവും നൈപുണ്യവും സ്വായത്തമാക്കാന്‍ ലക്ഷ്യമിട്ടുള്ള ഏഴ് പ്രധാന കോംപിറ്റെന്‍സികളായിരിക്കും പുതിയ കരിക്കുലം മുന്നോട്ടുവെയ്ക്കുക. ഐസ്റ്റിയറെന്ന ഈ പ്രീ സ്‌കൂള്‍ പാഠ്യപദ്ധതിയെ സെക്കന്‍ഡറി സ്‌കൂളിലെ ജൂനിയര്‍ സൈക്കിളുമായി ബന്ധപ്പെടുത്തും. 1999 പ്രൈമറി സ്‌കൂള്‍ പാഠ്യപദ്ധതിയുടെ കരുത്ത് അടിസ്ഥാനമാക്കിയുള്ളതാകും ഈ മാറ്റങ്ങളെന്ന് എന്‍സിസിഎ വിശദീകരിക്കുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE
Comments are closed.