head1
head3

ഫേസ്ബുക്കിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നതില്‍ കുട്ടികള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നു

ഡബ്ലിന്‍ : ഫേസ്ബുക്കിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നതില്‍ കുട്ടികള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നു.ഉപയോഗം കുട്ടികള്‍ക്ക് ദോഷകരമായി ബാധിക്കാതിരിക്കുന്നതിന് ‘നഡ്ജിംഗ്’ ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങളാണ് കൊണ്ടുവരികയെന്ന് ഫേസ്ബുക്ക് പറഞ്ഞു.

ഇന്‍സ്റ്റാഗ്രാം ഫോര്‍ കിഡ്‌സ് പ്രോജക്ട് താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന് ഫേസ്ബുക്ക് കഴിഞ്ഞ മാസം അവസാനം പ്രഖ്യാപിച്ചതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് ഈ നിയന്ത്രണങ്ങള്‍ വന്നത്. എന്നാല്‍ നിയന്ത്രണങ്ങള്‍ തീരെ ഫലപ്രദമല്ലെന്നും അപൂര്‍ണ്ണമാണെന്നും വിമര്‍ശനമുണ്ട്.

കുട്ടികള്‍ക്ക് ചില ‘സംഗതികള്‍’ തന്നെ ആവര്‍ത്തിച്ചു കാണുന്നതിനും നിയന്ത്രണങ്ങളുണ്ടാകും. കുട്ടികളെന്താണ് ഓണ്‍ലൈനില്‍ ചെയ്യുന്നതെന്ന് പരിശോധിക്കാനുള്ള ഓപ്ഷനുകളും ഫേസ്ബുക്ക് ഒരുക്കും. പുതിയതായി അവതരിപ്പിക്കുന്ന നിയന്ത്രണങ്ങളെക്കുറിച്ച് ഫേസ്ബുക്കിന്റെ ഗ്ലോബല്‍ അഫയേഴ്‌സ് വൈസ് പ്രസിഡന്റ് നിക്ക് ക്ലഗ്ഗാണ് വിശദീകരിച്ചത്.

ഏവര്‍ക്കും സുരക്ഷിതമായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് കൊണ്ടുവരുന്നതെന്ന് ക്ലഗ്ഗ് വിശദീകരിച്ചു. ഇതിനായി ഫേസ്ബുക്ക് 13 ബില്യണ്‍ യുഎസ് ഡോളറാണ് (9.5 ബില്യണ്‍ ഡോളര്‍) നീക്കിവെച്ചിട്ടുള്ളത്. 40,000 പേര്‍ ഇതിനായി ജോലി ചെയ്യുന്നുണ്ടെന്നും ക്ലഗ് പറഞ്ഞു.

പുതിയ നിയന്ത്രണങ്ങള്‍ ഫലപ്രദമാകില്ലെന്ന് വിമര്‍ശനം

പുതിയ നിയന്ത്രണങ്ങള്‍ ഫലപ്രദമാകില്ലെന്ന് ചില്‍ഡ്രണ്‍ മീഡിയ മാര്‍ക്കറ്റിംഗ് ഇന്റസ്ട്രി വാച്ച്ഡോഗ് ഫെയര്‍പ്ലേയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോഷ് ഗോളിന്‍ പറഞ്ഞു. രഹസ്യമായി അക്കൗണ്ടുകളെടുക്കുന്നതിന് നിരവധി ഓപ്ഷനുകളഉള്ളതിനാല്‍ കുട്ടികളെ നിയന്ത്രിക്കുന്നതിന് കഴിയില്ലെന്ന് ഇദ്ദേഹം പറയുന്നു. ബ്രേയ്ക്ക് എടുക്കുന്നതിനോ ദോഷകരമായ ഉള്ളടക്കം കാണുന്നതിനോ കൊണ്ടുവരുന്ന നഡ്ജിംഗിന്റെ ഫലപ്രാപ്തിയിലും സംശയമുണ്ടെന്ന് ഗോളിന്‍ പറഞ്ഞു.

ഇത് എങ്ങനെ നടപ്പാക്കുമെന്ന് കൃത്യമായി വിശദീകരിക്കാന്‍ ഫേസ്ബുക്ക് തയ്യാറായിട്ടില്ലെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ഉപകരണങ്ങള്‍ ഫലപ്രദമാണെന്ന് കാണിക്കുന്ന ഗവേഷണങ്ങളുമില്ല. ഫേസ്ബുക്ക് അല്‍ഗോരിതം ഉപയോഗിച്ച് ചെയ്യുന്ന കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ റെഗുലേറ്റര്‍മാര്‍ ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് കുട്ടികള്‍ക്കുള്ള ഇന്‍സ്റ്റാഗ്രാം പ്രോജക്റ്റ് റദ്ദാക്കുമെന്നാണ് കരുതുന്നതെന്നും ഗോളിന്‍ പറഞ്ഞു.

ഫ്രാന്‍സസ് ഹോഗന്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

ഫേസ്ബുക്കിലെ മുന്‍ ഡാറ്റാ സയന്റിസ്റ്റായ വിസില്‍-ബ്ലോവര്‍ ഫ്രാന്‍സസ് ഹോഗന്‍ കഴിഞ്ഞയാഴ്ച കോണ്‍ഗ്രസിന് മുന്നില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിനെതിരെ രൂക്ഷമായ വിമര്‍ശനമായിരുന്നു നടത്തിയത്. ജനുവരി ആറിന്റെ കലാപം മുന്‍നിര്‍ത്തി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനും വിദ്വേഷം പരത്തുന്നതിനും യാതോരു നിയന്ത്രണവും ഈ പ്ലാറ്റ്ഫോമുകള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ ശരിവെയ്ക്കുന്ന പതിനായിരക്കണക്കിന് രേഖകളും ഇവര്‍ അവതരിപ്പിച്ചു. കമ്പനിയുടെ സിവില്‍ ഇന്റഗ്രിറ്റി യൂണിറ്റിലെ ജോലി ഉപേക്ഷിക്കുന്നതിന് മുമ്പ് രഹസ്യമായി പകര്‍ത്തിയതായിരുന്നു ഈ രേഖകള്‍.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.