head1
head3

7 മണിക്കൂര്‍ മൗനത്തിനു ശേഷം ഫെയ്‌സ്ബുക്കും ‘കൂട്ടരും’ തിരിച്ചെത്തി

ഏഴ് മണിക്കൂറിലേറെ നീണ്ട തടസത്തിനുശേഷം സാമൂഹ മാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം വീണ്ടും പ്രവര്‍ത്തനസജ്ജമായി. എന്നാല്‍ മെസഞ്ചറിലെ പ്രശ്നം പൂര്‍ണമായി പരിഹരിക്കാനായില്ല. ഒട്ടേറെ രാജ്യങ്ങളില്‍ സേവനം തടസപ്പെട്ടിരുന്നു. മൂന്ന് പ്ലാറ്റ്‌ഫോമുകളും ഇത്രയും നേരം ഒരുമിച്ച് തകറാറിലാകുന്നത് ഇതാദ്യമാണ്.

ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഫെയ്സ്ബുക് ക്ഷമ ചോദിച്ചു. ”ഞങ്ങള്‍ വീണ്ടും ഓണ്‍ലൈനില്‍ വരുന്നു! നിങ്ങളുടെ ക്ഷമയ്ക്ക് നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി, മുടക്കം ബാധിച്ച എല്ലാവരോടും ഞങ്ങള്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു,” ഫേയ്സ്ബുക്ക് ട്വീറ്റ് ചെയ്തു.

ഐറിഷ് സമയം വൈകിട്ട് 5 മണിയോടെയാണ് ഫേസ്ബുക്കും സഹോദര സ്ഥാപനങ്ങളായ വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയും ‘പരിധിയ്ക്ക് പുറത്തായത്’. രാത്രി 9.45 ഓടെ, ചിലയിടങ്ങളില്‍ ഫേസ്ബുക്ക് സേവനം തിരികെ ലഭിച്ചു. അപ്പോഴും വാട്ട്‌സാപ്പിന് കണക്ഷന്‍ പ്രശ്നങ്ങള്‍ തുടര്‍ന്നു. വാട്‌സാപ്പില്‍ സന്ദേശങ്ങള്‍ അയക്കാന്‍ കഴിയാതെ വന്നതോടെയും, ഇസ്റ്റാഗ്രാം ഫീഡും ഫേസ്ബുക് ഫീഡും റീഫ്രഷ് ആവാതെ വന്നതോടെയും കൂടെയാണ് ആപ്ലിക്കേഷനുകള്‍ പണിമുടക്കിയെന്ന് ഉപഭോക്താക്കള്‍ക്ക് മനസിലായത്.

ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്ന് പരാതി ഉയരവെ, പ്രശ്നം എത്രയുംവേഗം പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നു ഫെയ്സ്ബുക് പ്രതികരിച്ചിരുന്നു. സോഷ്യല്‍ മീഡിയാ ചരിത്രത്തിലെ ഏറ്റവും നീണ്ട തകരാറാണ് സംഭവിച്ചതെന്ന് ഡൗണ്‍ ഡിക്ടെക്ടര്‍ പറയുന്നു. ആഗോളവ്യാപകമായി 10.6 മില്യണ്‍ ആളുകള്‍ പ്രശ്നത്തിലായെന്നാണ് പ്രാഥമിക നിഗമനം.

പ്രധാന റൂട്ടറുകളിലെ കോണ്‍ഫിഗറേഷനില്‍ തടസം

ഡാറ്റാ സെന്ററുകള്‍ തമ്മിലുള്ള നെറ്റ്വര്‍ക്ക് ട്രാഫിക് ഏകോപിപ്പിക്കുന്ന പ്രധാന റൂട്ടറുകളിലെ കോണ്‍ഫിഗറേഷന്‍ മാറ്റങ്ങളാണ് തടസ്സപ്പെടുത്തുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണമായെന്ന് കമ്പനിയുടെ എഞ്ചിനീയറിംഗ് ടീമുകള്‍ മനസ്സിലാക്കി.

നെറ്റ്വര്‍ക്ക് ട്രാഫിക്കിലേക്കുള്ള ഈ തടസ്സം ഡാറ്റാ സെന്ററുകള്‍ ആശയവിനിമയം നടത്തുന്നതിനെ ബാധിച്ചതാണ് സേവനങ്ങള്‍ നിര്‍ത്താനുണ്ടായ കാരണം.

ഫെയ്സ്ബുക്കിനു പുറമെ ഗൂഗിളും ആമസോണുമടക്കമുള്ള സേവനങ്ങളെയും പ്രശ്നം ബാധിച്ചെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഐടി കമ്പനികളുടെ പ്രവര്‍ത്തനമടക്കം നിരവധി മേഖലകളില്‍ ബുദ്ധിമുട്ടുണ്ടായി.

ഓഹരി വിപണിയിലും ഈ തകര്‍ച്ചയുടെ പ്രതിഫലനമുണ്ടായി. പ്രതിദിനം രണ്ട് ബില്യണ്‍ സജീവ ഉപയോക്താക്കളുള്ള ഫേസ്ബുക്കിന്റെ ഓഹരി വ്യാപാരത്തില്‍ 5.3 ശതമാനം കുറവുണ്ടായി. ഈ വര്‍ഷത്തിനിടയിലെ ഏറ്റവും മോശം ദിവസമായിരുന്നു ഇന്നലെ.

ജീവനക്കാര്‍ക്ക് അവരുടെ സ്വന്തം സിസ്റ്റത്തിലേക്കുള്ള ആക്‌സസ് കൂടി നഷ്ടമായതാണ് ഫേയ്‌സ്ബുക്കിന്റെ പ്രതികരണം വൈകുന്നതിനിടയാക്കിയത്.

ചുറ്റിച്ചത് ഡി.എന്‍.എസ്

ട്വിറ്ററിലൂടെ വിവരങ്ങള്‍ അന്വേഷിച്ച ഉപയോക്താക്കള്‍ക്ക് ഡൊമെയ്ന്‍ നെയിം സിസ്റ്റം (ഡിഎന്‍എസ്) പ്രശ്നം മൂലം ബ്രൗസിംഗ് പ്രശ്നത്തിലാണെന്ന മറുപടിയാണ് ട്വിറ്റര്‍ ആദ്യം നല്‍കിയത്. പ്രശ്നം അന്വേഷണത്തിലാണെന്നാണ് വോഡാഫോണ്‍ ട്വിറ്ററില്‍ പറഞ്ഞത്. ഡോമെയ്ന്‍ നെയിം സിസ്റ്റം വഴി ഉപയോക്താക്കളെ ശരിയായ ഇടത്തേക്ക് നയിക്കാത്തതിനാലാണ് ആക്സസ് ചെയ്യാനാകാഞ്ഞതെന്നും ഫെയ്സ് ബുക്കും ആദ്യ ഘട്ടത്തില്‍ വ്യക്തമാക്കി. വെബ് വിലാസങ്ങളിലൂടെ ഉപയോക്താക്കളെ അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കുന്നത് ഡി.എന്‍.എസാണ്. ക്ലൗഡ് കമ്പനിയായ അകമൈ ടെക്നോളജീസില്‍ സമാനമായ പ്രശ്നം ജൂലൈയില്‍ ഉണ്ടായിരുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.