head1
head3

ഓണ്‍ലൈന്‍ ഇമിഗ്രേഷന്‍  രജിസ്ട്രേഷന്‍ പുതുക്കല്‍ പ്രാബല്യത്തില്‍ ,ഡബ്ലിന്‍  മേഖലയിലുള്ള എല്ലാ വിദേശ പൗരന്മാര്‍ക്കും പ്രയോജനമാവും

ഡബ്ലിന്‍ : ഡബ്ലിന്‍മേഖലയിലുള്ള എല്ലാ വിദേശ പൗരന്മാര്‍ക്കും ഇമിഗ്രേഷന്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ ഓണ്‍ലൈനില്‍  സംവിധാനം വിപുലീകരിക്കുവാന്‍ തീരുമാനമായതായി മന്ത്രി മക്ഇന്‍ടി.

ഇമിഗ്രേഷന്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ ആഗ്രഹിക്കുന്ന ഡബ്ലിനില്‍ കഴിയുന്ന എല്ലാ വിദേശ പൗരന്മാര്‍ക്കും ഓണ്‍ലൈന്‍ പുതുക്കല്‍ സംവിധാനം ഉപയോഗിക്കാനാകും.

ആദ്യ തവണ രജിസ്ട്രേഷന്‍ സാധ്യമാക്കുന്നതിനായി ജൂലൈ 20 മുതല്‍ ബര്‍ഗ് ക്വേ രജിസ്ട്രേഷന്‍ ഓഫീസ് വീണ്ടും തുറക്കുമെന്നും മന്ത്രി അറിയിച്ചു.പതിനായിരക്കണക്കിന് ആളുകള്‍ക്ക് രജിസ്ട്രേഷന്‍ പുതുക്കല്‍ പ്രക്രിയ എളുപ്പമാക്കുന്ന, ബര്‍ഗ് ക്വേ രജിസ്ട്രേഷന്‍ ഓഫീസില്‍ നേരിട്ടെത്തുകയെന്ന ബുദ്ധിമുട്ട് കുറയ്ക്കുന്നതുമാണ് ഈ തീരുമാനം.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പുതുക്കല്‍ സംവിധാനത്തിന്റെ വിപുലീകരണം പ്രഖ്യാപിക്കാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടനാണെന്ന് മന്ത്രി പറഞ്ഞു.

ഓണ്‍ലൈനില്‍ ഒരു ഫോം പൂരിപ്പിക്കുകയും,, അനുബന്ധരേഖകള്‍ അപ്ലോഡ് ചെയ്യുകയും , ഫീസ് അടയ്ക്കുകയും, തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത തപാല്‍ വഴി പാസ്‌പോര്‍ട്ടും നിലവിലെ ഐആര്‍പി കാര്‍ഡും സമര്‍പ്പിക്കുകയുംചെയ്യണം എന്നതാണ്ഇതിന് വേണ്ടിയുള്ള നടപടി ക്രമങ്ങള്‍.

മുമ്പത്തെ സിസ്റ്റത്തേക്കാള്‍ ഇത് വളരെ എളുപ്പവും വേഗവുമാണെന്നും മന്ത്രി വ്യക്തമാക്കി.

ജൂലൈ 20 ന് മുമ്പായി  അടിയന്തിരമായി യാത്ര ചെയ്യേണ്ടവര്‍ക്കും, യാത്ര ചെയ്യുന്നതിന് മുമ്പ് ഇമിഗ്രേഷന്‍ റെസിഡന്‍സ് പെര്‍മിറ്റ് (ഐആര്‍പി) കാര്‍ഡ് ആവശ്യമുള്ളവര്‍ക്കും രജിസ്ട്രേഷന്‍ പുതുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഇപ്പോള്‍ ഓണ്‍ലൈന്‍ സംവിധാനം ലഭ്യമാണ്.

ആദ്യ രജിസ്ട്രേഷനുകള്‍ക്ക് ബയോമെട്രിക്സ് (ഫോട്ടോയും വിരലടയാളവും) എടുക്കേണ്ടതിനാല്‍, ബര്‍ഗ് ക്വേ രജിസ്ട്രേഷന്‍ ഓഫീസ് ജൂലൈ 20 ന് പുനരാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

ബര്‍ഗ്ക്വേയില്‍ രജിസ്ട്രേഷന്‍ ഓഫീസ് വീണ്ടും തുറക്കുമ്പോള്‍ കോവിഡ് -19 നിയന്ത്രണങ്ങള്‍ കാരണം മാര്‍ച്ചില്‍ ഓഫീസ് അടയ്‌ക്കേണ്ടി വന്നപ്പോള്‍ രജിസ്ട്രേഷന്‍ റദ്ദാക്കിയ ആളുകള്‍ക്കു മുന്‍ഗണന നല്‍കും. പുതിയ അപ്പോയിന്റ്മെന്റിനായി ഇമിഗ്രേഷന്‍ സേവന ഡെലിവറി അധികൃതരുമായി ബന്ധപ്പെടണം.

ഓണ്‍ലൈനില്‍ പുതുക്കാന്‍ കഴിയുന്നില്ലെങ്കില്‍ മാത്രമേ രജിസ്ട്രേഷന്‍ ഓഫീസിലേക്ക് വരാവൂയെന്നും മന്ത്രി പറഞ്ഞു. ഉപഭോക്താക്കളുടെയും സ്റ്റാഫിന്റെയും സുരക്ഷയ്ക്കും സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

2019ല്‍ 3,500 തേര്‍ഡ് ലെവല്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൈലറ്റ് പ്രോഗ്രാം വിജയിച്ചതിനെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ വിപുലീകരണം മന്ത്രി പ്രഖ്യാപിച്ചത്.

ഡബ്ലിനു പുറത്തെ അപേക്ഷകള്‍ ഗാര്‍ഡ സ്റ്റേഷന്‍ നെറ്റ് വര്‍ക്ക് വഴിയാകും പ്രോസസ്സ് ചെയ്യുക.
പൊതുജനാരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുള്ളതിനാല്‍ രാജ്യവ്യാപകമായി രജിസ്ട്രേഷന്‍ ഓഫീസുകള്‍ എങ്ങനെ വീണ്ടും തുറക്കാമെന്ന് ജിഎന്‍ഐബി പരിഗണിക്കുന്നുണ്ട്. ഓഫീസുകള്‍ വീണ്ടും എപ്പോള്‍ തുറക്കുമെന്നത് സംബന്ധിച്ച് സ്ഥിരീകരിക്കുന്നതിന് അവരുടെ പ്രാദേശിക ഓഫീസുമായി ബന്ധപ്പെടണമെന്നും മന്ത്രി അറിയിച്ചു

ഓണ്‍ലൈന്‍ പുതുക്കല്‍ ആപ്ലിക്കേഷന്‍ പോര്‍ട്ടല്‍ :

https://inisonline.jahs.ie

ഐറിഷ് മലയാളി ന്യൂസ്

Comments are closed.