ഡബ്ലിന്‍ : കോവിഡ് കാലത്തെ ദുരിത പൂര്‍ണ്ണമായ സേവനത്തിന് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും പ്രശ്നങ്ങളില്‍ ഉടന്‍ പരിഹാരമുണ്ടായേക്കും. സര്‍ക്കാരും എച്ച്.എസ്.ഇയും തീരുമാനമെടുക്കാതെ ഉഴപ്പിയ പ്രശ്നത്തില്‍ വര്‍ക്ക് പ്ലേസ് റിലേഷന്‍സ് കമ്മീഷന് തീര്‍പ്പായിരിക്കും വൈകാതെയുണ്ടാവുക.
പകര്‍ച്ചവ്യാധിയുടെ നാളുകളില്‍ രാവും പകലുമില്ലാതെ കഠിനാദ്ധ്വാനം ചെയ്ത നഴ്സുമാരുള്‍പ്പടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കാതെ വന്നതിനെ തുടര്‍ന്നാണ് കേസ് വര്‍ക്ക് പ്ലേസ് റിലേഷന്‍സ് കമ്മീഷനിലെത്തിയത്. സര്‍ക്കാരും എച്ച്.എസ്ഇയും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതിനെതിരെയാണ് ട്രേഡ് യൂണിയനുകളുടെ ഗ്രൂപ്പുകളൊന്നിച്ചും ഐഎന്‍എംഒ സ്വന്തം നിലയിലും കമ്മീഷനെ സമീപിച്ചത്. കമ്മീഷന് പരിഗണിക്കുന്ന ഈ രണ്ടു കേസുകളിലും ഇതു സംബന്ധിച്ച വാദം ഇന്ന് തുടങ്ങും.
എപ്പോഴും ആരോഗ്യ പ്രവര്‍ത്തകരെ പുകഴ്ത്തിക്കൊണ്ട് ഇവരുടെ ആവശ്യങ്ങളില്‍ തീരുമാനമൊന്നുമെടുക്കാതെ ‘തട്ടിത്തട്ടിവിട്ട്’ കളിക്കുന്നത് കണ്ട് മടുത്താണ് നഴ്സുമാരും മറ്റും കമ്മീഷന് തീര്‍പ്പിന് പോയത്.ഐഎന്‍എംഒ പ്രത്യേകമായി നല്കിയ കേസില്‍ അംഗങ്ങള്‍ക്ക് 10 ദിവസത്തെ അധിക അവധിയാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗതാഗത കമ്പനികളിലെ തൊഴിലാളികളായ ഐറിഷ് റെയില്‍, ബസ് ഏറാന്‍, ഡബ്ലിന്‍ ബസ് എന്നിവയിലെ ജീവനക്കാരും പകര്‍ച്ചവ്യാധിയുടെ സമയത്ത് നടത്തിയ അധിക പ്രയത്നങ്ങള്‍ക്ക് അവധി അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള നഷ്ടപരിഹാരവുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
2020 അവസാനത്തോടെ രണ്ട് ക്ലെയിമുകളും എച്ച്എസ്ഇയില്‍ സമര്‍പ്പിച്ചിരുന്നതാണ്. ഉറപ്പായും പരിഗണിക്കുമെന്ന് എച്ച്.എസ്.ഇ പറഞ്ഞിരുന്നെങ്കിലും തീരുമാനം അനിശ്ചിതമായി നീളുകയായിരുന്നു.സര്‍ക്കാരിന്റെയും എച്ച.എസ്.ഇയുടെയും ഭാഗത്തുനിന്ന് മാന്യമായൊരു തീര്‍പ്പ് പ്രതീക്ഷിച്ച് മാസങ്ങളായി കാത്തിരുന്നിട്ടും ഫലമുണ്ടാകാത്തതിനെ തുടര്‍ന്നാണ് കമ്മീഷനില്‍ പോകേണ്ടിവന്നതെന്ന് . ഐഎന്‍എംഒ ഭാരവാഹികള്‍ വ്യക്തമാക്കി.
ന്യായമായ ആവശ്യങ്ങള്‍ക്കുമേല്‍ അടയിരിക്കുന്ന അഴകൊഴമ്പന്‍ നയം ജീവനക്കാരെയാകെ നിരാശയിലാഴ്ത്തിയിരുന്നു. കമ്മീഷന്റെ ഇടപെടലില്‍ പ്രശ്നം പരിഹരിക്കുമെന്ന പ്രതീക്ഷയാണ് സിപ്ടുവിനും ഐഎന്എംഒയ്ക്കുമുള്ളത്.കമ്മീഷന്റെ ഇടപെടലിനെ സ്വാഗതം ചെയ്യുന്നതായി ട്രേഡ് യൂണിയന് സിപ്ടു പറഞ്ഞു.
പാന്‍ഡെമിക്ക് നാളുകളില്‍ വിലപ്പെട്ട സേവനം നല്കിയ ഉദ്യോഗസ്ഥര്‍ക്ക് പണമോ അധിക അവധിയോ നല്‍കണമെന്ന് ഉപപ്രധാന മന്ത്രി ലിയോ വരദ്കര്‍ ഫെബ്രുവരിയില്‍ അഭിപ്രായപ്പെട്ടിരുന്നു.പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയുമുള്പ്പടെയുള്ള എല്ലാ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും നഴ്സുമാര്‍ക്കും മറ്റും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. പാന്‍ഡെമിക് തുടങ്ങി 18മാസം പിന്നിടുമ്പോഴും ഇതു സംബന്ധിച്ച തീരുമാനം മാത്രം ഒരിടത്തുനിന്നുമുണ്ടായില്ല.അത്തരമൊരു സാഹചര്യത്തിലാണ് വര്‍ക്ക് പ്ലേസ് റിലേഷന്‍ കമ്മീഷന്റെ തീര്‍പ്പ് നിര്‍ണ്ണായകമാവുക.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl
Comments are closed.