അയര്‍ലണ്ടിലിനി ഒറ്റ ഡോസ് വാക്സിന്റെ കാലം,കൗമാരക്കാര്‍ക്കും ചെറുപ്പക്കാര്‍ക്കുമെല്ലാം ഒറ്റ ഡോസ് വാക്സിന്‍ നല്‍കുന്നത് പരിഗണനയില്‍
ഡബ്ലിന്‍ : അയര്‍ലണ്ടിലിനി ഒറ്റ ഡോസ് വാക്സിന്റെ കാലം.ചെറുപ്പക്കാര്‍ക്കും കൗമാരക്കാരായ കുട്ടികള്‍ക്കുമെല്ലാം ഒറ്റ ഡോസ് വാക്സിന്‍ നല്‍കാന്‍ തയ്യാറെടുക്കുകയാണ് അയര്‍ലണ്ട്. ഇന്‍ഡോര്‍ ഡൈനിംഗും ഹോസ്പിറ്റാലിറ്റി മേഖലയുമൊക്കെ ഫുരരാംഭിക്കാന്‍ എല്ലാവരിലും വാക്സിനെത്തിക്കുക എന്നതല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന തിരിച്ചറിവാണ് വാക്സിനേഷന്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിനുള്ള തീരുമാനത്തിന് പിന്നില്‍.
ജൂലൈ 19ഓടെ കോവിഡ് പാസ്പോര്‍ട്ടുകള്‍കൂടി പ്രാബല്യത്തില്‍ വരുന്നതോടെ വാക്സിനേഷന്‍ നിര്‍ണ്ണായക ഘടകമാകുമെന്നും സര്‍ക്കാര്‍ കരുതുന്നു.ജൂലൈ അഞ്ചിന്റെ റീ ഓപ്പണിംഗ് മരവിപ്പിച്ചത് വലിയ വിമര്‍ശനം ഉയര്‍ന്ന സാഹചര്യവും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.
കൗമാരക്കാര്‍ക്ക് വാക്സിനേഷന്‍ പദ്ധതിയുമായി എച്ച.എസ്.ഇ
രാജ്യത്തെ 12 മുതല്‍ 17വരെ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നതിന് കര്‍മ്മപദ്ധതികള്‍ എച്ച്.എസ്ഇ തയ്യാറാക്കി വരികയാണ്. 16-17 പ്രായക്കാര്‍ക്ക് ഫൈസര്‍ വാക്സിന്‍ നല്‍കുന്നതിനാണ് നേരത്ത ഇഎംഎ അനുമതി നല്‍കിയിരുന്നത്.ഇപ്പോഴത് 12-17 ആക്കിയിട്ടുണ്ട്.ഈ സാഹചര്യത്തിലാണ് കൗമാരക്കാര്‍ക്കും ഒറ്റ ഡോസ് വാക്സിന്‍ നല്‍കുന്നത് പരിഗണിക്കുന്നത്.മോഡേണ വാക്സിനും 12-17കാര്‍ക്കായി ഉപയോഗിക്കാമെന്ന് തീരുമാനവും ഇഎംഎ ഈമാസം കൈക്കൊള്ളുമെന്നും കരുതുന്നുണ്ട്.മുന്‍ഗണനാ വിഭാഗത്തിലുള്‍പ്പെടുന്ന 16-17 പ്രായക്കാര്‍ക്ക് ഫൈസര്‍ വാക്സിന്‍ നല്‍കുന്നതിനാണ് ആലോചന.അയര്‍ലണ്ടില്‍ ഇതാവശ്യമുണ്ടോയെന്നതു സംബന്ധിച്ച എന്‍ഐഎസി തീരുമാനം ഉടന്‍ ഉണ്ടായേക്കും.
ചെറുപ്പക്കാര്‍ക്ക് വോക്ക് ഇന്‍-ഫോണ്‍ ഇന്‍ അടിസ്ഥാനത്തില്‍ വാക്സിനേഷന്‍
ഉപപ്രധാനമന്ത്രി ലിയോവരദ്കറാണ് ചെറുപ്പക്കാര്‍ക്കെല്ലാം വോക്ക് ഇന്‍-ഫോണ്‍ ഇന്‍ അടിസ്ഥാനത്തില്‍ വാക്സിനേഷന്‍ നല്‍കുന്നതു സര്‍ക്കാര്‍ പരിശോധിക്കുകയാണെന്ന പ്രഖ്യാപനം നടത്തിയത്.ഫാര്‍മസികളിലൂടെയാകും വാക്സിനേഷന്‍ സംഘടിപ്പിക്കുകയെന്നും വരദ്കര്‍ ഫിന ഗേല്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പറഞ്ഞു.
50 വയസ്സിന് താഴെയുള്ളവര്‍ക്ക് ജാന്‍സെന്‍, അസ്ട്രസെനെക വാക്സിനുകള്‍ ഉപയോഗിക്കാമെന്ന പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ചെറുപ്പക്കാര്‍ക്ക് വാക്സിനേഷന്‍ ഊര്‍ജ്ജിതമാക്കുന്നത്. ജോണ്‍സണും ജോണ്‍സണ്‍ നിര്‍മ്മിച്ച ഒറ്റ-ഷോട്ട് ജാന്‍സന്‍ വാക്സിന്‍ ചെറുപ്പക്കാര്‍ക്ക് കോള്‍-ഇന്‍ അല്ലെങ്കില്‍ വാക്ക് ഇന്‍ അടിസ്ഥാനത്തില്‍ ഫാര്‍മസികളില്‍ ആവശ്യത്തിന് നല്‍കാന്‍ കഴിയുമോ എന്നതാണ് പരിശോധിക്കുന്നതെന്നും വരദ്കര്‍ വിശദീകരിച്ചു.ഇന്‍ഡോര്‍ ഡൈനിംഗ് പുനരാരംഭിക്കുന്നതിനുള്ള കാലതാമസം ചെറുപ്പക്കാര്‍ക്ക് വേഗത്തില്‍ വാക്സിന്‍ നല്‍കി പരിഹരിക്കാനാകുമെന്ന് കരുതുന്നതായി വരദ്കര്‍ വ്യക്തമാക്കി.
ഇന്‍ഡോര്‍ സര്‍വീസുകള്‍ക്ക് കോവിഡ് പാസ്
വാക്സിനേഷനെടുത്തവര്‍, കോവിഡ് നെഗറ്റീവുകാര്‍, രോഗമുക്തി നേടിയവര്‍ എന്നിവര്‍ക്കെല്ലാം അടുത്ത മാസം മുതല്‍ ഇന്‍ഡോര്‍ ഹോസ്പിറ്റാലിറ്റിയിലേക്ക് പ്രവേശിക്കാനുള്ള കോവിഡ് പാസായി ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് (ഡിസിസി) ഉപയോഗിക്കാനാകുമെന്ന് സൂചനയും വരദ്കര്‍ നല്‍കി.പുതിയ കോവിഡ് പാസ് ജൂലൈ 19 മുതല്‍ പ്രാബല്യത്തില്‍ വരും. ഒരാള്‍ക്ക് പൂര്‍ണ്ണമായും വാക്സിനേഷന്‍ നല്‍കിയിട്ടുണ്ടെന്നും കഴിഞ്ഞ ഒമ്പത് മാസങ്ങളില്‍ രോഗ മുക്തി നേടിയിട്ടുണ്ടെന്നും കോവിഡ് നെഗറ്റീവ് പരീക്ഷിച്ചിട്ടുണ്ടെന്നും തെളിയിക്കാന്‍ ഡിസിസിയിലൂടെ സാധിക്കും.
എന്‍ഫെറ്റ് ശുപാര്‍ശയ്ക്ക് വിരുദ്ധമായി കോവിഡ് നെഗറ്റീവുകാരെ ഇന്‍ഡോര്‍- ഹോസ്പിറ്റാലിറ്റി അനുവദിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്ന് വരദ്കര്‍ പറഞ്ഞു. ഏറ്റവും വേഗത്തില്‍ ഇന്‍ഡോര്‍ സര്‍വീസുകളും ഹോസ്പിറ്റാലിറ്റി സര്‍വീസുകളും നല്‍കുന്നതിന് ഇതല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്നും വരദ്കര്‍ പറയുന്നു.
വാക്സിനേഷന്‍ പ്രോഗ്രാം ത്വരിതപ്പെടുത്തുന്നതിന് രണ്ടോ മൂന്നോ ആഴ്ചകള്‍ എടുക്കും. അതിന് ശേഷം മാത്രമേ എന്‍ഫെറ്റിന് അതിന്റെ മോഡലിംഗ് വീണ്ടും ചെയ്യാന്‍ കഴിയൂ.ഹോസ്പിറ്റാലിറ്റി മേഖല വീണ്ടും തുറക്കുന്നതിനുള്ള തീയതി ഇപ്പോള്‍ പറയാനാവില്ല. ജൂലൈ 19ന് അവലോകനം നടത്തിയ ശേഷം ഇതു സംബന്ധിച്ച തീരുമാനമുണ്ടാകും.
ഫിനഗേല്‍ യോഗത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം
അതേസമയം, ആദ്യ കുര്‍ബാന സ്വീകരണവും കണ്‍ഫര്‍മേഷനുമൊക്കെ വിലക്കിയതിനെതിരെയും ഇന്‍ഡോര്‍ ഡൈനിംഗ് അനുവദിക്കാത്തതിനെതിരെയും പാര്‍ട്ടി നേതാക്കള്‍ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്.ഇനിയൊരു ലോക്ക് ഡൗണിന് അനുകൂലമായി വോട്ട് ചെയ്യില്ലെന്ന് ഒരു കൂട്ടം ടിഡിമാര്‍ പറഞ്ഞു. ആരോഗ്യമന്ത്രിയും ഉപപ്രധാനമന്ത്രിയും എന്‍ഫെറ്റിന്റെ കളിപ്പാവകളായി മാറുകയാണെന്ന് അവര്‍ ആരോപിച്ചു.ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണെല്ലിയുടെ ആര്‍ടിഇ അഭിമുഖം ലജ്ജാകരമായിപ്പോയെന്നും ടിഡിമാര്‍ ആക്ഷേപിച്ചു.എന്‍ഫെറ്റിന്റെ മോഡലിംഗിന് വിശ്വാസ്യതയില്ലെന്ന് ബാക്ക് ബെഞ്ചറന്മാര്‍ കുറ്റപ്പെടുത്തി
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl
Comments are closed.