ഡബ്ലിന്‍ : തന്റെ കീഴ്ജീവനക്കാരിയെ അന്യായമായി പിരിച്ചവിടുകയും അധിക്ഷേപിക്കുന്ന പേരു വിളിച്ചാക്ഷേപിക്കുകയും ചെയ്ത കേസില്‍ ദൂബായ് ബോസിന് അയര്‍ലണ്ടില്‍ കിട്ടിയത് നല്ല ‘ചിമിട്ടന്’ പണി. ലൈംഗികത കലര്‍ന്ന പെരുമാറ്റത്തിന് 8400 യൂറോ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചിരിക്കുകയാണ് വര്‍ക്ക് പ്ലേസ് റിലേഷന്‍സ് കമ്മീഷന്.
കുടുംബപരവും ലിംഗപരവുമായ അധിക്ഷേപത്തിനും വിവേചനത്തിനും അന്യായമായി പുറത്താക്കലിനുമെതിരെയാണ് വര്‍ക്ക് പ്ലേസ് റിലേഷന്‍സ് കമ്മീഷന് അഡ്ജുഡിക്കേറ്റര്‍ ജോ ഡോണല്ലിയുടെ ഉത്തരവ് .
ലിംഗഭേദവും കുടുംബപദവിയും അടിസ്ഥാനമാക്കി സ്ത്രീക്കെതിരായ വിവേചനപരമായ പെരുമാറ്റത്തിന് 6,000 യൂറോ നഷ്ടപരിഹാരം നല്കാന് ഡോണെല്ലി ഉത്തരവിട്ടു.അന്യായമായി പിരിച്ചുവിട്ടതിന് യുവതിക്ക് 2,400 യൂറോ നല്‍കാനും കമ്മീഷന് നിര്‍ദ്ദേശിച്ചു.
ദുബായില്‍ ജനിച്ച ‘ തൊഴിലുടമ ‘ തന്റെ വനിതാ ഓഫീസ് മാനേജരെ ‘മാമാ, ബ്യൂട്ടിഫുള്‍ മാമ’ എന്നായിരുന്നു ‘ സ്നേഹത്തോടെ ‘ ആവര്‍ത്തിച്ച് വിളിച്ചിരുന്നത്.മാത്രമല്ല ഇവര്‍ അനാദരവ് കാണിക്കുന്നതിനെക്കുറിച്ച് ഭര്‍ത്താവിനോട് പരാതിപ്പെടുമെന്നും ഇയാള്‍ ജീവനക്കാരിയോട് പറഞ്ഞിരുന്നു.ഓഫീസ് മാനേജര്‍ പോസ്റ്റിലേയ്ക്കുള്ള അഭിമുഖത്തില്‍ പോലും ബോസ് ഉന്നയിച്ച ചോദ്യങ്ങള്‍ അനുചിതവും വിവേചനപരവുമായവയുമായിരുന്നെന്ന് കമ്മീഷന് നിരീക്ഷിച്ചു.
2016 ജൂലൈയിലായിരുന്നു ഇന്റര്‍വ്യു. വിവാഹിതയാണോ?’ ,’കുട്ടികളുണ്ടോ?’, ‘എത്ര?’, ‘,കൂടുതല്‍ കുട്ടികള്‍ക്ക് പദ്ധതിയുണ്ടോ?’,’എത്ര വയസ്സുണ്ട്?, ‘ചര്‍മ്മം കണ്ടാല്‍’ പ്രായം തോന്നാത്തത് എന്തുകൊണ്ട്?, ‘ഭര്‍ത്താവിന് ജോലിയുണ്ടോ?, സന്തോഷമായാണോ കാര്യങ്ങള്‍ നീങ്ങുന്നത് ? തുടങ്ങിയ ചോദ്യങ്ങളാണ് ഇദ്ദേഹം ഈ വേളയില്‍ ചോദിച്ചത്.ചോദ്യങ്ങളെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ ഐറിഷ് നിയമത്തെക്കുറിച്ച് തനിക്ക് പരിചയമില്ലെന്നായിരുന്നു എംഡിയുടെ മറുപടി.
ദുബായില്‍ നടന്ന ഒരു ട്രേഡ് ഷോയില്‍ പങ്കെടുക്കവെ ഇയാളില്‍ നിന്നും വളരെ മോശമായ അനുഭവവുമുണ്ടായെന്ന് ജീവനക്കാരി കമ്മീഷനെ ബോധിപ്പിച്ചു.തുടര്‍ന്ന് അവഗണനയുടേയും ഭീഷണിയുടേയും വിവേചനത്തിന്റെയും ദുരിതമായിരുന്നു ഇയാളില്‍ നിന്നും നേരിട്ടത്. മറ്റ് ജീവനക്കാരുടെ മുന്നില്‍ വെച്ച് റൂമില്‍ നിന്നും പുറത്താക്കുന്ന സംഭവങ്ങള്‍ പോലുമുണ്ടായി.
നയം വ്യക്തമാക്കി എം.ഡി
വിചിത്രമായ വാദങ്ങളാണ് എംഡിയ്ക്ക് കമ്മീഷനില്‍ പറയാനുണ്ടായിരുന്നത്. ജീവനക്കാരി തന്നോട് പറഞ്ഞ അശ്ലീലവാക്കിന് തന്റെ നാട്ടില്‍ ശിക്ഷ ലഭിക്കുമായിരുന്നു. എന്നാല്‍ അവര്‍ക്കെതിരെ താന്‍ നടപടി സ്വീകരിച്ചില്ല. താന്‍ ജീവനക്കാരിയെ വിളിച്ച വാക്കുകളും ഇടപെടലുകളുമൊന്നും തന്റെ നാട്ടില്‍ നിയമ വിരുദ്ധമല്ലെന്നും ഇദ്ദേഹം വിശദീകരിച്ചു.അഭിമുഖത്തില്‍ ചോദിച്ചതൊക്കെ തന്റെ രാജ്യത്ത് സാധാരണമാണെന്ന് എംഡി വ്യക്തമാക്കി.ഒരു കുടുംബത്തിലെ ഏറ്റവും ആദരണീയയായ അംഗമായ അമ്മയെന്ന നിലയിലാണ് മമ്മാ എന്ന പരാമര്‍ശമുണ്ടായതെന്നും എംഡി വിശദീകരിച്ചു.സര്‍ക്കാര്‍ ഏജന്‍സിയാണ് അയര്‍ലണ്ടില്‍ ബിസിനസ്സ് ആരംഭിക്കാന്‍ ക്ഷണിച്ചതെന്നും കമ്പനി വാദിച്ചു.
കമ്മീഷന് ഉത്തരവ് ഇങ്ങനെ
സ്വീകര്‍ത്താവിന് വെറുപ്പിക്കുന്ന വിളിപ്പേരുകള്‍ ആവര്‍ത്തിച്ചത് കുറ്റകരമാണെന്ന് കമ്മീഷന് ഉത്തരവില്‍ പറഞ്ഞു. ലിംഗപരവും കുടുംബപരവുമായ കാരണങ്ങളാല്‍ മെഡിക്കല്‍ ഉപകരണ കമ്പനി സ്ത്രീയോട് വിവേചനം കാണിച്ചു. സാംസ്കാരിക വ്യത്യാസത്തിന്റെ പേരു പറഞ്ഞ് മോശമായ സംബോധനകളും പെരുമാറ്റവുമൊന്നും അംഗീകരിക്കാനോ ക്ഷമിക്കാനോ ആവില്ലെന്നും ഡോണെല്ലി വ്യക്തമാക്കി.
മറ്റൊരു രാജ്യത്ത് ബിസിനസ്സ് ആരംഭിക്കുമ്പോള്‍ ആ രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങളെയും ആചാരങ്ങളെയും കുറിച്ച് ഉപദേശം തേടേണ്ടത് തീര്‍ച്ചയായും ആവശ്യമാണ്.യുവതിയെ പിരിച്ചുവിട്ടതിനും ന്യായീകരണമില്ല.
തൊഴില്‍ അഭിമുഖത്തിലെ ചോദ്യങ്ങളുമായി ബന്ധപ്പെട്ട വിവേചന പരാതിയും നിലനില്‍ക്കുന്നതാണ്. 2016 ജൂലൈയില്‍ നിയമനിര്‍മ്മാണം പ്രകാരം നിരോധിച്ച വിഷയങ്ങളാണ് ചോദ്യമായി ഉന്നയിച്ചതെന്നും കമ്മീഷന് വ്യക്തമാക്കി.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h
Comments are closed.