head3
head1

ഐറിഷ് തീരത്ത് എയര്‍ ഇന്ത്യാ വിമാനം ബോംബ് സ്ഫോടനത്തില്‍ തകര്‍ന്ന ദുരന്തത്തിന് മുപ്പത്താറാം വാര്‍ഷികം

കോര്‍ക്ക് :എയര്‍ ഇന്ത്യ ഫ്ളൈറ്റ് 182 ബോംബ് സ്ഫോടന ദുരന്തത്തിന്റെ മുപ്പത്താറാം വാര്‍ഷികം ഐറിഷ് ജനത ഇന്ന് ആചരിക്കും. 21 മലയാളികളടക്കം യാത്രക്കാരും ജോലിക്കാരുമുള്‍പ്പടെ 329 ജീവനുകള്‍ നഷ്ടപ്പെട്ട വേദനിപ്പിക്കുന്ന അനുസ്മരണമാണ് സംഘടിപ്പിക്കുന്നത്.

1985 ജൂണ്‍ 23ന് രാവിലെ 8.13ന് കോര്‍ക്ക് തീരത്ത് നിന്ന് എയര്‍ ഇന്ത്യയുടെ ബോയിംഗ് 747-237 ബി, ഫ്ളൈറ്റ് 182 പൊട്ടിത്തെറിച്ചത്.

ഐറിഷ് വ്യോമാതിര്‍ത്തിയില്‍ 9,400 മീറ്റര്‍ ഉയരത്തില്‍ നിന്നും ബോംബ് സ്ഫോടനത്തെ തുടര്‍ന്ന് അറ്റ്ലാന്റിക് സമുദ്രത്തില്‍ പതിക്കുകയായിരുന്നു.

കനേഡിയന്‍ പാര്‍ലമെന്റ് ദുരന്ത സ്മരണയില്‍ ഇന്ന് ഒരു മിനുട്ട് മൗനം ആചരിക്കും.കഴിഞ്ഞ ദിവസം നടന്ന അനുസ്മരണ ചടങ്ങില്‍ ഇരകളുടെ ബന്ധുക്കളും

ഇന്ത്യയില്‍ നിന്നുള്ള ഇരയുടെ ബന്ധുക്കളില്‍ പലരും സ്ഫോടനം നടന്ന സ്ഥലത്തിന്റെ ഏറ്റവും അടുത്ത വെസ്റ്റ് കോര്‍ക്കിലെ അഹകിസ്റ്റ എന്ന ചെറിയ ഗ്രാമത്തില്‍ എല്ലാവര്‍ഷവും എത്താറുണ്ട്.

എല്ലാ വര്‍ഷവും കോര്‍ക്കിലെ മെമ്മോറിയല്‍ ഗാര്‍ഡനിലും അഹാക്കിസ്റ്റയിലെ സണ്‍ഡയലിലും അനുസ്മരണ ചടങ്ങുകള്‍ നടക്കാറുണ്ട്. കോവിഡിനെ തുടര്‍ന്ന് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഇത്തവണ ഓണ്‍ ലൈനിലാണ് അനുസ്മരണ ചടങ്ങുകള്‍.
ബോംബ് സ്ഫോടനത്തില്‍ പൊലിഞ്ഞത് 80ലേറെ കുട്ടികള്‍

280 കനേഡിയന്‍മാരും 27 ബ്രിട്ടീഷ് പൗരന്മാരും 22 ഇന്ത്യക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.കനേഡിയന്‍ പൗരന്മാരില്‍ അധികവും ഇന്ത്യന്‍ വംശജരായിരുന്നു.ആകെ 21 മലയാളികളെയാണ് ദുരന്തത്തില്‍ നഷ്ടപ്പെട്ടത്. വിമാനത്തില്‍ 80 ലധികം കുട്ടികളുമുണ്ടായിരുന്നു.

കടലിനടില്‍ നിന്നും 131 മൃതദേഹങ്ങള്‍ കണ്ടെടുത്ത സംഭവം ഐറിഷ് നാവിക സേനയുടെ രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ പ്രവര്‍ത്തനമായാണ് വിലയിരുത്തുന്നത്. നാവികസേനയുടെ ആദ്യത്തെ കപ്പലുകളില്‍ ഒന്നായ ദി എല്‍. ഇ ഐസ്ലിംഗില്‍ ലെഫ്റ്റനന്റ് കമാന്‍ഡര്‍ ജെയിംസ് റോബിന്‍സന്റെ നേതൃത്വത്തിലായിരുന്നു ഒരു തിരച്ചില്‍.

24 മണിക്കൂറിനുള്ളില്‍ സ്രാവുകളുടെ പിടിയില്‍ നിന്ന് 38 മൃതദേഹങ്ങള്‍ എയ്സ്ലിംഗ് കണ്ടെടുത്തു. ഈ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിച്ച കപ്പല്‍ കമ്പനിയിലെ ലഫ്റ്റനന്റ് സിഡിആര്‍ ജെയിംസ് റോബിന്‍സണ്‍, പെറ്റി ഓഫീസര്‍ മോസി മഹോണ്‍, ജോണ്‍ മക് ഗ്രാത്ത്, ടെറി ബ്രൗണ്‍ എന്നിവര്‍ക്ക് വിശിഷ്ട സേവന മെഡലുകള്‍ നല്‍കിയിരുന്നു..ആര്‍എഎഫ്, റോയല്‍ നേവി,കോര്‍ക്കില്‍ നിന്നുള്ള നിരവധി നാട്ടുകാര്‍ എന്നിവരും തിരച്ചിലിലും രക്ഷാപ്രവര്‍ത്തനങ്ങളിലും സഹായിച്ചു.

ഐറിഷ് ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണം

ഐറിഷ് അതിര്‍ത്തിയില്‍ ഉണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ഇതെന്നാണ് കണക്കാക്കുന്നത്. ടൊറന്റോയില്‍ നിന്ന് ദില്ലിയിലേക്കുള്ള യാത്രയിലായിരുന്നു ഫ്ളൈറ്റ് 182. ലണ്ടനില്‍ സ്റ്റോപ്പ് ഓവറുണ്ടായിരുന്ന വിമാനം ഐറിഷ് വ്യോമാതിര്‍ത്തിയില്‍ റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.അപകട കാരണം എന്താണെന്ന് തുടക്കത്തില്‍ മനസ്സിലായില്ലെങ്കിലും പിന്നീട് ബോംബ് സ്ഫോടനം സ്ഥിരീകരിച്ചു.

സ്‌ഫോടനം നടന്ന് അഞ്ച് മാസത്തിന് ശേഷം രണ്ട് പേരെ അറസ്റ്റ് ചെയ്തു. എന്നാല്‍ കനേഡിയന്‍ പൗരന്‍ ഇന്ദര്‍ജിത് സിംഗ് റയാത്തിനെതിരെ മാത്രമാണ് കേസെടുത്തത്.2003ല്‍ ഇയാളെ ശിക്ഷിച്ചു.നരഹത്യക്കായി ഫ്ളൈറ്റ് 182 ലും ജപ്പാനിലെ നരിറ്റ വിമാനത്താവളത്തിലും ബോംബ് വെച്ചതിന് 15 വര്‍ഷം തടവായിരുന്നു ശിക്ഷ. കഴിഞ്ഞ വര്‍ഷം ഇയാളുടെ അപ്പീല്‍ തള്ളിയിരുന്നു.

എയര്‍ ഇന്ത്യാ ഫ്ളൈറ്റ് 182 ബോംബാക്രമണത്തെക്കുറിച്ച് കനേഡിയന്‍ കമ്മീഷന്‍ 2006ല്‍ അന്വേഷണം ആരംഭിച്ചു.അന്തിമ റിപ്പോര്‍ട്ട് 2010 പുറത്തിറക്കി. തീവ്രവാദ ഭീഷണികളുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ വീഴ്ചകള്‍ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

Comments are closed.