അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ക്കിത് അഭിമാനനിമിഷം,ഡോ.ടോണി തോമസ് പൂവേലിക്കുന്നേല്‍ ഹെല്‍ത്ത് സര്‍വീസിന്റെ ഉന്നത ചുമതലയിലേക്ക്
ഡബ്ലിന്‍ :ഡോ. ടോണി തോമസ് പൂവേലിക്കുന്നേല്‍ അയര്‍ലണ്ടിലെ നാഷണല്‍ ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ നഴ്സിംഗ് സര്‍വീസസിന്റെ നേതൃചുമതലയില്‍ നിയമിതനായി.
അയര്‍ലണ്ടിലെ ബിമോണ്ട് ആശുപത്രിയില്‍ (ലെവല്‍ ഫോര്‍ ) ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ അസിസ്റ്റന്റ് ഡയറക്ടറായി സേവനമനുഷ്ഠിക്കുമ്പോഴാണ് കോവിഡ് 19 ബോധവത്കരണത്തിനും വിവിധ സേവനങ്ങള്‍ക്കുമുള്ള അംഗീകാരമായി ആരോഗ്യ സേവനരംഗത്തെ ഉന്നത നിയമനത്തിന് അര്‍ഹനായിരിക്കുന്നത്.ഇതാദ്യമാണ് ഇന്ത്യയില്‍ നിന്നും ഒരാള്‍ ഈ പദവിയില്‍ എത്തുന്നത്.
ബിമോണ്ട് ആശുപത്രിയില്‍ ഡോ. ടോണിയുടെ ചുമതലയില്‍ പ്രവര്‍ത്തിച്ച ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ (ഐപിസി) വിഭാഗം അയര്‍ലണ്ടില്‍ കോവിഡ് പരിചരണരംഗത്തു ശ്രദ്ധനേടുകയും മാതൃകയാവുകയും ചെയ്തു.
റോയല്‍ കോളജ് ഓഫ് സര്‍ജന്‍സ് ഫാക്കല്‍ട്ടിയും ലക്ചററും റിസര്‍ച്ച് അസോസിയേറ്റും പ്രോഗ്രാം കോര്‍ഡിനേറ്ററുമായി ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2020 ല്‍ കോവിഡ് മഹാമാരിയുടെ പ്രാരംഭഘട്ടത്തില്‍ ഇതിനെ നേരിടുന്നതില്‍ കാര്യമായ പ്രായോഗിക സംരഭങ്ങളും ബോധ്യങ്ങളുമില്ലാതിരിക്കെ ഡോ. ടോണിയുടെ നിരീക്ഷങ്ങളും പ്രബോധനങ്ങളും പൊതുആരോഗ്യ സുരക്ഷാ രംഗത്ത് ദിശാബോധം പകര്‍ന്നു.
കെയര്‍ഹോമുകള്‍, ഹെല്‍ത്ത് സയന്‍സസ് കോളജുകള്‍ എന്നിവയ്ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സംബന്ധിയായി ഇദ്ദേഹം അര്‍ജിച്ച കണ്ടെത്തലുകളും ബോധവത്കരണവും ഏറെ സഹായകരമായി. ഇതുമായി ബന്ധപ്പെട്ട് ഡോ. ടോണി തയാറാക്കിയ യൂ ട്യൂബ് പ്രാഗ്രാം ആയിരക്കണക്കിന് പേര്‍
വീക്ഷിക്കുകയും കോവിഡ് സംബന്ധിയായ അറിവുകള്‍ ആര്‍ജിക്കുകയും ചെയ്തു. കോവിഡ് സുരക്ഷ, പരിചരണം എന്നിവ സംബന്ധിയായി ആരോഗ്യവകുപ്പിന്റെ പ്രസിദ്ധീകരണങ്ങളിലും പോര്‍ട്ടലുകളിലും ഇദ്ദേഹം ഏറെ വിവരങ്ങള്‍ പങ്കുവെച്ചിരുന്നു.ഐറീഷ് ഹെല്‍ത്ത് റിസര്‍ച്ച് ബോര്‍ഡിന്റെ 2,50,000 യൂറോയുടെ ഹെല്‍ത്ത് റിസേര്‍ച് അവാര്‍ഡിനും അര്‍ഹനായി.
ക്ലിനിക്കല്‍ ഗവേഷണങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ സൊസൈറ്റി (യുകെ)യുടെ റിസേര്‍ച്ച് സ്‌കോളര്‍ഷിപ്പിനും ഇദ്ദേഹം കഴിഞ്ഞ വര്‍ഷം അര്‍ഹനായി. ഐപിസിയുടെ മുന്‍നിര ഗവേഷനായ ഡോ.ടോണി തോമസ് ഇതോടകം 30 പ്രസിദ്ധീകരണങ്ങളും നിരവധി ഗവേഷണ പ്രബന്ധങ്ങളും
പ്രസാധനം ചെയ്തിട്ടുണ്ട്. ആതുരശുശ്രൂഷയിലും സാമൂഹിക ആധ്യാത്മിക രംഗങ്ങളിലും സജീവസാന്നിധ്യമായ ടോണിനഴ്സിംഗ് ഹോംസ് അയര്‍ലണ്ട്, ഡബ്ലിന്‍ സൈമണ്‍ കമ്യൂണിറ്റി, പാരീഷ്കൗണ്‍സില്‍, മതബോധനം, യൂത്ത് കോര്‍ഡിനേറ്റര്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. അയര്‍ലണ്ടിലെ ആദ്യകാല മലയാളി
കുടിയേറ്റക്കാരിലൊരാളായ ഇദ്ദേഹം ഡബ്ലിനിലെ ബീമോണ്ടിലാണ് കുടുംബസമേതം താമസിക്കുന്നത്.
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി സ്വദേശിയായ ഡോ.ടോണി കാഞ്ഞിരപ്പള്ളി എകെജെഎം സ്‌കൂളില്‍ പഠനശേഷം കോട്ടയം മെഡിക്കല്‍ കോളജില്‍ നഴ്സിംഗ് പഠനവും, ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് എംബിഎയും നേടിയിട്ടുണ്ട്.ഡബ്ലിന്‍ സിറ്റി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് തിയോളജിയില്‍ ബിരുദാനന്ദര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
ഭാര്യ നീന നടുവിലേക്കുറ്റ്(സ്റ്റാഫ് നേഴ്‌സ്, ബീമോണ്ട് ഹോസ്പിറ്റല്‍) മക്കള്‍ :ജെന്നിഫര്‍ (ഫാര്‍മസിസ്റ്റ്,ഡബ്ലിന്‍), ക്രിസ്റ്റി (സയന്റിസ്റ്റ്, ഫൈസര്‍, ഡബ്ലിന്‍ ), ഡയാന(സീനിയര്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി)
വാർത്ത :രാജു കുന്നക്കാട്ട്
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Comments are closed.