head1
head3

വര്‍ഷം തോറും കുറഞ്ഞത് 36,000 വീടുകള്‍ പണിതാലും തീരുമോ ഭവനമേഖലയിലെ പ്രശ്‌നങ്ങള്‍ ?



ഡബ്ലിന്‍ : ഐറിഷ് ജനതയുടെ ഭവന മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വര്‍ഷം തോറും എത്ര വീടുകള്‍ പണിയേണ്ടി വരും ?

ജനസംഖ്യാനുപാതത്തില്‍ പ്രതിവര്‍ഷം കുറഞ്ഞത് 36,000 വീടുകള്‍ രണ്ട് ദശാബ്ദകാലത്തേക്ക് പണിയണമെന്നാണ് ഐറിഷ് ഹോം ബില്‍ഡേഴ്‌സ് അസോസിയേഷന്റെ (ഐ.എച്ച്.ബി.എ) പുതിയ പഠനം വ്യക്തമാക്കുന്നത്.

എന്നാല്‍ ഇതെത്ര മാത്രം പര്യാപ്തമാണെന്ന ആശങ്കയിലാണ് ജനങ്ങള്‍.

വീടുകള്‍ ആദ്യമായി വാങ്ങുന്നവര്‍ക്ക് വിപണിയിലെ വില താങ്ങാവുന്നതിലും അപ്പുറമാണെന്നും വീടുകള്‍ സ്വന്തമാക്കുന്നതിന് പകരം വാടകയ്‌ക്കെടുക്കുന്നതാണ് ലാഭകരമെന്ന ചിന്ത ജനങ്ങളില്‍ വ്യാപകമാണെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

EY-DKM എക്കണോമിക് അഡൈ്വസറി സര്‍വീസസിന്റെ സഹായത്തോടെ നടത്തിയ പഠനത്തില്‍ നിര്‍മ്മാണ ചെലവ് കുറക്കാനും നിര്‍മ്മാണ സാമഗ്രികളുടെ വിതരണം സുഗമമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

ഇതിന്റെ ഭാഗമായി ആദ്യമായി വീട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കാന്‍ വായ്പ നല്‍കുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കുകയും മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുകയും വേണം.

കഴിഞ്ഞ വര്‍ഷം 21,000 വീടുകളാണ് രാജ്യത്ത് പുതുതായി നിര്‍മ്മിച്ചത്.

എന്നാല്‍, കൊവിഡ് പ്രതിസന്ധിയുടെ ഭാഗമായി ഇതുവരെ 17,000 വീടുകള്‍ മാത്രമാണ് നിലവില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്.

അതേസമയം, പ്രതിവര്‍ഷം 34,000 വീടുകള്‍ നിര്‍മ്മിക്കണമെന്ന് സെന്‍ട്രല്‍ ബാങ്ക് കഴിഞ്ഞ വര്‍ഷം ആവശ്യമുന്നയിച്ചിരുന്നു.

ഇതിന് ബദലായാണ് ജനസംഖ്യാവര്‍ധനവിന് ആനുപാതികമായി 2040 വരെ വര്‍ഷം തോറും 22,000 മുതല്‍ 36,000 വീടുകള്‍ വരെ നിര്‍മ്മിക്കണമെന്ന നിര്‍ദേശവുമായി ഐ.എച്ച്.ബി.എ മുന്നോട്ട് വന്നത്.


അതേസമയം, രാജ്യത്തെ പാര്‍പ്പിട വികസന പ്രക്രിയകള്‍ ബുദ്ധിമുട്ടേറിയതാണെന്നും ഇത്തരം നടപടി ക്രമങ്ങള്‍ അനാവാശ്യ കാലതാമസവും ചിലവുമുണ്ടാക്കുന്നുവെന്ന് EY-DKM ഡയറക്ടര്‍ അനെറ്റ് ഹ്യൂസ് പറയുന്നു.

ഇത്തരം അധിക ചിലവുകള്‍ വഹിക്കേണ്ടി വരുന്നത് ഉപഭോക്താവാണ്. ഇത്തരം നടപടി ക്രമങ്ങളുടെ ഭാഗമായി രാജ്യത്തെ ഭവന വിതരണം 2008 മുതല്‍ ദീര്‍ഘകാല ശരാശരിയേക്കാള്‍ വളരെ പിന്നിലാണ്. 2019 ലെ സ്വകാര്യ ഭവന വിതരണം 50 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതിന് സമാനമായിരുന്നുവെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, വീടുകള്‍ വാങ്ങുന്നതിനേക്കാള്‍ വാടകയ്‌ക്കെടുക്കുന്നതാണ് നല്ലതെന്ന ചിന്ത പൊതുസമൂഹത്തില്‍ വളര്‍ന്ന് വരുന്നതായും ഹ്യൂസ് പറയുന്നു.

മതിയായ നിക്ഷേപം നല്‍കാനില്ലാത്തതാണ് രണ്ടാമതായി വീട് സ്വന്തമാക്കാനുള്ള മറ്റൊരു തടസം. നിലവില്‍ നിര്‍മ്മാണം പൂര്‍ത്തിയായ വീടുകളില്‍ മൂന്നിലൊന്ന് വില്‍പനയ്ക്കായി തയ്യാറാണ്. ഇവയുടെ വില്‍പന വില കുറയ്ക്കുന്നതിനാവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിച്ചെങ്കിലേ ഭവന മാര്‍ക്കറ്റിന് ശരിയായി പ്രവര്‍ത്തിക്കാനാകൂവെന്നും വിലയിരുത്തലുണ്ട്.

അതേസമയം, കഴിഞ്ഞ വര്‍ഷം പണയ വായ്പയ്ക്കുള്ള ചട്ടങ്ങളും സെന്‍ട്രല്‍ ബാങ്ക് നീട്ടിയിരുന്നു. ഇതിന്റെ ഭാഗമായി പുതുതായി വീടുകള്‍ വാങ്ങുന്നവര്‍ 10ശതമാനം നിക്ഷേപം നല്‍കണം. വാര്‍ഷിക വരുമാനത്തിന്റെ 3.5 മടങ്ങ് മാത്രമേ വായ്പ ലഭിക്കുകയുള്ളൂ.

ഒരു വീട് സ്വന്തമാക്കാനുള്ള ജനങ്ങളുടെ സാമ്പത്തിക സ്ഥിതി അപര്യാപ്തമാണെന്ന് രാജ്യത്തെ പ്രധാനപ്പെട്ട 13 നഗരപ്രദേശങ്ങളില്‍ നടത്തിയ പഠനവും വ്യക്തമാക്കുന്നു.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.