head3
head1

ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇനി ഇന്ത്യന്‍ യാത്രയ്ക്കായി പഴയ പാസ്‌പോര്‍ട്ടുകള്‍ ആവശ്യമില്ല

ഡബ്ലിന്‍:: ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ(ഒസിഐ) കാര്‍ഡ് ഉടമകള്‍ക്ക് ഇനി ഇന്ത്യന്‍ യാത്രയ്ക്കായി പഴയ പാസ്‌പോര്‍ട്ടുകള്‍ ആവശ്യമില്ല.ഇന്ത്യന്‍ വംശജരും ഇന്ത്യന്‍ പ്രവാസികളും ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡുകള്‍ ഉള്ളവരാണ് .ഇവര്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോള്‍ പഴയതും കാലഹരണപ്പെട്ടതുമായ പാസ്‌പോര്‍ട്ടുകള്‍ കരുതേണ്ട ആവശ്യമുണ്ടായിരുന്നു.ഈ വ്യവ്യവസ്ഥയിലാണ് സര്‍ക്കാര്‍ വിജ്ഞാപന പ്രകാരം മാറ്റം വരുത്തിയത്.

ആഗോളതലത്തില്‍ ഇന്ത്യന്‍ വംശജരായ ആളുകള്‍ക്കാണ് ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ അല്ലെങ്കില്‍ ഒസിഐ കാര്‍ഡ് വിതരണം ചെയ്യുന്നത്.വോട്ടവകാശം, സര്‍ക്കാര്‍ സേവനം, കാര്‍ഷിക ഭൂമി വാങ്ങല്‍ എന്നിവയൊഴികെ ഒരു ഇന്ത്യന്‍ പൗരന്റെ എല്ലാ ആനുകൂല്യങ്ങളും ഈ കാര്‍ഡ് നല്‍കുന്നു. ഒസിഐ കാര്‍ഡുള്ളവര്‍ക്ക് ഇന്ത്യയിലേക്ക് വിസ സൗജന്യ യാത്രയും ലഭിക്കുന്നു.

ഒസിഐ കാര്‍ഡ് ഉടമകളുടെ യാത്ര സുഗമമാക്കുന്നതിന്, ഒസിഐ കാര്‍ഡുകള്‍ വീണ്ടും വിതരണം ചെയ്യുന്നതിനുള്ള സമയപരിധി നിര്‍ണ്ണയിക്കാന്‍ തീരുമാനിച്ചതായി യുഎസിലെ ഇന്ത്യന്‍ മിഷനുകള്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.ഒസിഐ കാര്‍ഡ് പുനര്‍വിതരണം ചെയ്യുന്ന തീയതി 2021 ഡിസംബര്‍ 31 വരെ നീട്ടിയതായും കുറിപ്പില്‍ അറിയിച്ചു.യാത്രാ വേളയില്‍ ഒസിഐ കാര്‍ഡിനൊപ്പം പഴയതും പുതിയതുമായ പാസ്‌പോര്‍ട്ടുകള്‍ കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയും ഇല്ലാതാക്കി. ഇനി മുതല്‍, പഴയ പാസ്‌പോര്‍ട്ട് നമ്പരുള്ള ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ പഴയ പാസ്‌പോര്‍ട്ട് ആവശ്യമില്ല. എന്നാല്‍ പുതിയ പാസ്‌പോര്‍ട്ട് നിര്‍ബന്ധമാണ്.

ലോകമെമ്പാടുമുള്ള ”ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ആശ്വാസം പകരാന്‍ കഴിയുന്നതാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെന്ന് പ്രവാസികള്‍ ഒന്നടങ്കം വിലയിരുത്തുന്നു.

പകര്‍ച്ചവ്യാധി സമയത്ത് ഇന്ത്യയിലേക്കുള്ള യാത്രയില്‍ ചില ഒസിഐ കാര്‍ഡ് നിയമങ്ങള്‍ കാരണം ചില ഇന്ത്യന്‍ പ്രവാസികള്‍ക്ക്യാത്ര മുടങ്ങിയിരുന്നു..പഴയ വിദേശ പാസ്‌പോര്‍ട്ടുകള്‍ ഇല്ലാത്തതിനാല്‍ വിമാനത്താവളങ്ങളില്‍ നിന്ന് തിരിച്ചയച്ചസംഭവവുമുണ്ടായി.

ഒസിഐ കാര്‍ഡ് ഹോള്‍ഡര്‍ക്ക് മറ്റ് ആനുകൂല്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലേയ്ക്ക് മള്‍ട്ടി എന്‍ട്രി, മള്‍ട്ടി പര്‍പ്പസ് ലൈഫ് ലോംഗ് വിസ എന്നിവയും അനുവദിക്കുന്നുണ്ട്. ആജീവനാന്ത വിസ നല്‍കുന്ന ഒസിഐ കാര്‍ഡ് വ്യവസ്ഥകള്‍ പ്രകാരം, 20 വയസ്സിന് താഴെയുള്ളവരും 50 വയസ്സിനു മുകളിലുള്ളവരും അവരുടെ പാസ്‌പോര്‍ട്ട് പുതുക്കുമ്പോഴെല്ലാം അവരുടെ ഒസിഐ കാര്‍ഡും പുതുക്കേണ്ടതുണ്ട്.

കൊറോണ വൈറസ് പാന്‍ഡെമിക് മൂലം ഇന്ത്യന്‍ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം മുതല്‍ വ്യവസ്ഥകളില്‍ ഇളവ് വരുത്തിയിരുന്നു. ഈ കാലാവധി ഒന്നിലധികം തവണ നീട്ടിയും നല്‍കി. എന്നിരുന്നാലും, ഇതാദ്യമായാണ് പഴയ പാസ്‌പോര്‍ട്ടുകള്‍ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇളവ് നല്‍കുന്നത്.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ വിദേശത്ത് കുടുങ്ങിയ ഒസിഐ കാര്‍ഡ് ഉടമകളെ രാജ്യത്ത് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നു.കോവിഡ് -19 പാന്‍ഡെമിക്കിനെത്തുടര്‍ന്ന് ഇന്ത്യന്‍ സര്‍ക്കാരിന്റെ അന്താരാഷ്ട്ര യാത്രാ നിയന്ത്രണത്തിന്റെ ഭാഗമായി വിദേശ പൗരന്മാരുടെ വിസകളും ഒസിഐ കാര്‍ഡുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.ഒസിഐ കാര്‍ഡ് ഉടമകളോട് അവരുടെ പഴയ പാസ്‌പോര്‍ട്ട് ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടിരുന്നു.

കാലഹരണപ്പെട്ട പഴയ വിദേശ പാസ്‌പോര്‍ട്ടുകള്‍ കൊണ്ടുപോകുന്നതു സംബന്ധിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 2005 മുതല്‍ നിലവിലുണ്ട്. എന്നാല്‍ 2019 വരെ ഇത് വിശദമായി പരിശോധിക്കുകയോ പ്രയോഗത്തില്‍ വരുത്തുകയോ ചെയ്തിട്ടിലായിരുന്നു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/GJThCk6XX6dBBr95X11Mwz

Comments are closed.