head3
head1

അയര്‍ലണ്ടില്‍ ജോലി തേടുന്ന ഇന്ത്യന്‍ നഴ്സുമാരുടെ അഡാപ്‌റ്റേഷന്‍ കാലാവധി നീട്ടിയേക്കും,ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന്  മുമ്പ് പരിശീലന പദ്ധതിയ്ക്കും  സാധ്യത

ഡബ്ലിന്‍: ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടില്‍ ജോലി തേടുന്ന നഴ്സുമാരുടെ അഡാപ്‌റ്റേഷന്‍ കാലാവധി നീട്ടിയേക്കുമെന്ന് സൂചനകള്‍. ഐറിഷ് നഴ്സിംഗ്  ബോര്‍ഡിന് വേണ്ടി ആര്‍ സി എസ് സി ഒരുക്കുന്ന ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന് മുമ്പായി ഏതാനം ആഴ്ചകള്‍ നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടി അയര്‍ലണ്ടില്‍ തന്നെ നല്‍കുവാനും വിദഗ്ധരില്‍ നിന്നും നിര്‍ദേശമുണ്ട്.

ഐ ഇ എല്‍ ടി എസിലോ ഓ ഇ ടി യിലോ നിശ്ചിത സ്‌കോറുണ്ടെങ്കില്‍, ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് ഇനി നഴ്‌സിംഗ് കോഴ്‌സ് പാസായാല്‍ ഉടന്‍ അയര്‍ലണ്ടില്‍ രജിസ്ട്രേഷന്‍ നേടി ജോലിക്കെത്താമെന്ന പുതിയ തീരുമാനം കഴിഞ്ഞ ദിവസം ഐറിഷ് നഴ്സിംഗ് ബോര്‍ഡ് (എന്‍ എം ബി ഐ ) എടുത്തിരുന്നു.

എന്നാല്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെയും,ശേഷിയോടെയുമാണ് വിദേശ നഴ്സുമാര്‍ ജോലിയില്‍ പ്രവേശിക്കുന്നതെന്ന് ഉറപ്പാക്കാനുള്ള നടപടികളാണ് എന്‍ എം ബി ഐ സ്വീകരിച്ചേക്കുക.ആര്‍ സി എസ് സി ഒരുക്കുന്ന ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന്  ചേരുന്നവരില്‍ പരാജയപ്പെടുന്നവരുടെ സംഖ്യ ഉയരുന്നതിന്റെ അടിസ്ഥാനത്തിലാണ് ടെസ്റ്റിന് മുമ്പായി ഹൃസ്വകാല കോഴ്‌സ് വേണമെന്ന നിര്‍ദേശം ഉയരുന്നത്.ഇപ്പോള്‍ വെറും പരീക്ഷാ നടത്തിപ്പ് കേന്ദ്രമായി മാത്രം പ്രവര്‍ത്തിക്കുന്ന ആര്‍ സി എസ് സി ,ടെസ്റ്റിനായി ഉദ്യോഗാര്‍ത്ഥികളെ തയാറാക്കാനുള്ള ഉത്തരവാദിത്വം കൂടി ഏറ്റെടുത്തേക്കും.

അയര്‍ലണ്ടില്‍ നഴ്‌സിംഗ് ജോലി ലഭ്യമാകണമെങ്കില്‍ അപേക്ഷിക്കുന്നതിന് മുമ്പുള്ള അഞ്ചു വര്‍ഷങ്ങളില്‍ ഒരു വര്‍ഷത്തെയെങ്കിലും മുന്‍പരിചയം വേണമെന്ന നിബന്ധനയാണ് ഐറിഷ് നഴ്‌സിംഗ് ബോര്‍ഡ് ഇപ്പോള്‍ റദ്ദ് ചെയ്തിട്ടുള്ളത്.

എന്നാല്‍ ഇതോടൊപ്പം ഇപ്പോള്‍ നിലവിലുള്ള ആറാഴ്ചത്തെ അഡാപ്‌റ്റേഷന്‍ പ്രോഗ്രാം കൂടുതല്‍ ആഴ്ചകളിലേയ്ക്ക് നീട്ടുവാനും,ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് തിരഞ്ഞെടുക്കുന്നവര്‍  അയര്‍ലണ്ടിലെത്തി ടെസ്റ്റിന് മുമ്പായി ഏതാനം ആഴ്ചത്തെ പരിശീലന കോഴ്സില്‍ പങ്കെടുക്കണമെന്ന പുതിയ നിര്‍ദേശം എന്‍ എം ബി ഐ യുടെ പരിഗണനയിലാണ്.

നഴ്‌സിംഗ് കോഴ്‌സ് പാസായാല്‍ ഉടന്‍ അയര്‍ലണ്ടില്‍ രജിസ്ട്രേഷന്‍ നേടി ജോലിക്കെത്താമെന്ന പുതിയ തീരുമാനം നടപ്പാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കൊപ്പം പുതിയ നടപടികളും പ്രഖ്യാപിച്ചേക്കും. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ 12 മാസമായി പരിശീലനം നേടിയതിന്റെ തെളിവുകള്‍-റീസന്‍സി ഓഫ് പ്രാക്ടീസ്, മറ്റൊരു രാജ്യത്ത് ആക്ടീവായി രജിസ്റ്റര്‍ ചെയ്തതിന്റെ തെളിവുകള്‍ എന്നിവ സമര്‍പ്പിക്കുന്നത് ഒഴിവാക്കിക്കൊണ്ടുള്ള സുപ്രധാനമായ തീരുമാനമാണ് എന്‍ എം ബി ഐ എടുത്തിരിക്കുന്നത്.

350 യൂറോയായിരിക്കും അപ്ലിക്കേഷന്‍ ഫീസായി ഉദ്യോഗാര്‍ത്ഥികള്‍ അടക്കേണ്ടത് . എന്‍ എം ബി ഐ യുടെ സൈറ്റ് അപ്‌ഡേറ്റ് ചെയ്യുന്നതോടെ MyNMBI യിലൂടെ രജിസ്ട്രേഷനായി അപേക്ഷ സമര്‍പ്പിക്കാമെന്ന് ബോര്‍ഡ് അധികൃതര്‍ പറയുമ്പോഴുംനടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവാന്‍ അതിനായി ഏതാനം മാസങ്ങള്‍ എങ്കിലും കാത്തിരിക്കേണ്ടി വന്നേക്കാം.അപേക്ഷകള്‍ ഓണ്‍ലൈനില്‍ സ്വീകരിക്കുന്ന തീയതി എന്‍എംബിഐ പിന്നീട് പ്രഖ്യാപിക്കും .

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/GJThCk6XX6dBBr95X11Mwz

Comments are closed.