head3
head1

അയര്‍ലണ്ടിലെ ബക്രീദ് ആഘോഷം ക്രോക്ക് പാര്‍ക്കില്‍; ആര്‍ടിഇയില്‍ തല്‍സമയ സംപ്രേക്ഷണം

ഡബ്ലിന്‍ :അയര്‍ലണ്ടിലെ മുസ്ലിം ജനതയുടെ ബക്രീദ് ആഘോഷം ഇന്ന് ക്രോക്ക് പാര്‍ക്കില്‍ സംഘടിപ്പിക്കും.
കോവിഡ് നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം സംഘാടകര്‍ 200 ആയി നിജപ്പെടുത്തിയിട്ടുണ്ട്.വിശാലമായ ക്രോക്ക് പാര്‍ക്കില്‍  ആദ്യമായി നടക്കുന്ന മുസ്ലിം ജനതയുടെ  പരിപാടിയില്‍ 500 പേര്‍ പങ്കെടുക്കേണ്ടതായിരുന്നു.

ലോക്ക്ഡൗണ്‍ ഇളവുകളുടെ നാലാംഘട്ടം നീട്ടിയതാണ് കൂടുതല്‍ ആളുകള്‍ക്ക് പങ്കെടുക്കുന്നതിന് തടസ്സമായത്.പരിപാടികള്‍ക്ക് കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംഘാടകര്‍ സര്‍ക്കാരിന് കത്തെഴുതിയിരുന്നു. എന്നാല്‍ അനുകൂലതീരുമാനം ഉണ്ടായില്ല.തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയില്‍ പങ്കാളിത്തം 200 എന്ന് നിശ്ചയിക്കുകയായിരുന്നു.

സാമൂഹികാകലവും കോവിഡ് പ്രതിരോധവുമൊക്കെ പരിഗണിച്ചുള്ള സര്‍ക്കാര്‍ തീരുമാനത്തെ അംഗീകരിക്കുന്നതായി ഐറിഷ് മുസ്ലിം പീസ് ആന്റ് ഇന്റഗ്രേഷന്‍ കൗണ്‍സിലിലെ ഇവന്റ് ഓര്‍ഗനൈസര്‍ ഷെയ്ഖ് ഡോ. ഉമര്‍ അല്‍ ഖാദിരി പറഞ്ഞു. സമുദായാംഗങ്ങള്‍ക്ക് ഇക്കാര്യത്തില്‍ നിരാശ തോന്നിയിട്ടുണ്ട്. എന്നിരുന്നാലും സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ അവര്‍ പൂര്‍ണ്ണമായും മനസ്സിലാക്കുന്നുവെന്ന് ഡോ. അല്‍-ഖാദ്രി പറഞ്ഞു.

രാവിലെ 9.30 മുതല്‍ 11.30 വരെ ക്രോക്ക് പാര്‍ക്കില്‍ നടക്കുന്ന ഇവന്റ് തത്സമയം ആര്‍ടിഇ സംപ്രേഷണം ചെയ്യും.അതിനാല്‍ മുസ്ലിം സമുദായാംഗങ്ങള്‍ക്ക് വീട്ടില്‍ ഇരുന്നു ആഘോഷത്തില്‍ പങ്കെടുക്കാം.

ഖുറാന്‍ പാരായണത്തോടെയാണ് പരിപാടി ആരംഭിക്കുക. തുടര്‍ന്ന് ഇന്റഗ്രേഷന്‍വകുപ്പ്  മന്ത്രി റോഡെറിക് ഓ ഗോര്‍മാന്‍ പ്രസംഗിക്കും.ഐറിഷ് മുസ്ലിം പീസ് ആന്റ് ഇന്റഗ്രേഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. അല്‍ ഖാദിരി രാവിലെ 10 മുതല്‍ അരമണിക്കൂറോളം നടക്കുന്ന ഈദ് പ്രാര്‍ത്ഥന നയിക്കും.

ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡിയാര്‍മുയിഡ് മാര്‍ട്ടിന്‍, ആര്‍ച്ച് ബിഷപ്പ് മൈക്കല്‍ ജാക്സണ്‍, റബ്ബി സല്‍മാന്‍ ലെന്റ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.സമാപനത്തില്‍ യുവ ഹര്‍ലിംഗ് കളിക്കാരനായ റബ്ബി സല്‍മാന്‍ ലെന്റ് എറിഷ് മുസ്ലീം എന്ന നിലയിലുള്ള തന്റെ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കും.

മുസ്ലിംകള്‍ക്ക് ക്രോക്ക് പാര്‍ക്കില്‍ ഈദ്  പ്രാര്‍ത്ഥനകള്‍ നിര്‍വഹിക്കാന്‍ കഴിയുന്നതിലൂടെ അയര്‍ലണ്ട് എല്ലാവരുടേയുമാണെന്ന സന്ദേശമാണ്  നല്‍കുന്നതെന്ന്  ഡോ. അല്‍-ഖാദ്രി പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.