കാന്‍സര്‍ നല്കിയ ജീവിത പാഠങ്ങള്‍: അര്‍ബുദത്തിനെതിരായ പോരാട്ടത്തെക്കുറിച്ചുള്ള പുസ്തകവുമായി മനീഷ കൊയ്രാള
മുംബൈ:കാന്‍സറുമായി അഞ്ചുവര്‍ഷം നടത്തിയ പോരാട്ടത്തിന്റെ ജീവിതകഥ വിവരിക്കുന്ന പുസ്തകവുമായി ബോളിവുഡ് താരം മനീഷ കൊയ്രാള . അണ്ഡാശയ അര്‍ബുദം തിരിച്ചറിഞ്ഞശേഷം ജീവിതത്തില്‍ ഉണ്ടായ മാറ്റവും ലഭിച്ച ഉള്‍ക്കാഴ്ചകളുമാണ് താരം ഗ്രന്ഥത്തില്‍ തുറന്നു പറയുന്നത്. ധാക്ക സാഹിത്യോത്സവത്തിലാണ് പുസ്തകം പുറത്തിറക്കിയത്. ‘ഹീല്‍ഡ്: അര്‍ബുദം എനിക്കു തന്ന പുതിയ ജീവിതം’ എന്നാണ് പുസ്തകത്തിന്റെ പേര്. പെന്ഗ്വിന് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.
‘രോഗവുമായുള്ള മാനസികയുദ്ധവും അനിശ്ചിതാവസ്ഥയും സ്വകാര്യദുഖങ്ങളും ഏറ്റുപറച്ചിലുകളുമാണ് പുസ്തകത്തിലുള്ളത്. എന്റെയുള്ളിലെ അര്‍ബുദകോശങ്ങള്‍ വളരുകയാണെന്ന അറിവ് എന്നെ തകിടംമറിച്ചു. എന്റെ സിനിമാജീവിതം താറുമാറായി. പക്ഷേ, രോഗത്തെ ഭയക്കാതിരിക്കുന്നതാണ് ഏറ്റവും പ്രധാനമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.മനീഷ പറഞ്ഞു.
ബോളിവുഡിലും തെന്നിന്ത്യയിലും മികച്ച കഥാപാത്രങ്ങളുമായി തിരക്കുള്ള അഭിനയജീവിതം നയിക്കവെ 2012ലാണ് മനീഷയ്ക്ക് രോഗം സ്ഥിരീകരിച്ചത്.2017ല്‍ താന്‍ രോഗത്തെ അതിജീവിച്ചതായി നടി വെളിപ്പെടുത്തി. അമേരിക്കയിലെ ചികിത്സയുടെ വിവരങ്ങളും ജീവിതത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമവും ജന്മനാട്ടിലേക്കുള്ള മടങ്ങിവരവും പുസ്തകത്തില്‍ വിവരിക്കുന്നു.
നേപ്പാള്‍ ഭരണത്തില്‍ സ്വാധീനം ചെലുത്തുന്ന കൊയ്രാള കുടുംബാംഗമായ മനീഷ 1991ല്‍ സുഭാഷ് ഘായ്യുടെ ‘സൗദാഘര്’ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയത്. 1942: എ ലൗ സ്റ്റോറി, ബോംബെ, ലജ്ജ, കമ്പനി, ദില്‍ സേ തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡില്‍ ശക്തമായ സാന്നിധ്യമായി. തെന്നിന്ത്യന്‍ സിനിമകളിലും മികച്ച അവസരങ്ങള്‍ തേടിയെത്തി. രോഗത്തെ തുടര്‍ന്ന് സിനിമയില്‍നിന്ന് മാറിനിന്ന നടി ‘സഞ്ജു’ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ ശക്തമായ തിരിച്ചുവരവ് നടത്തി. രോഗത്തെ അതിജീവിക്കുന്ന ഘട്ടത്തിലാണ് അവര്‍ ലെനിന് രാജേന്ദ്രന് ചിത്രം ഇടവപ്പാതിയില്‍ അഭിനയിക്കുന്നത്.
ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍ എണ്‍പതിലേറെ ചിത്രങ്ങള്‍, മാരകമായ രോഗത്തെ കീഴ്പ്പെടുത്തല് എങ്ങനെ ഇതെല്ലാം സാധിക്കുന്നുവെന്ന് ധാക്ക സാഹിത്യോത്സവ സദസ്സില്‍ ചോദ്യമുയര്‍ന്നപ്പോള്‍ മനീഷ ചിരിച്ചുകൊണ്ട് മറുപടി നല്കി : ‘കഠിന പ്രയത്നത്തിന് പകരം ഒന്നുമില്ല.
Comments are closed.