ചെമ്മീനിലൂടെ മലയാളികളുടെ ഹൃദയം കവർന്ന പരീക്കുട്ടിക്ക് ഇന്ന് 87 ാം പിറന്നാൾ.
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ പത്മശ്രീ മധുവിന് താരലോകം ഒന്നടങ്കം ആശംസകൾ നേർന്നു.
എന്റെ സൂപ്പർ സ്റ്റാറിന് പിറന്നാൾ ആശംസകൾ എന്നാണ് മധുവിന് മമ്മൂട്ടി പിറന്നാൾ ആശംസ നേർന്നത്.
പ്രിയപ്പെട്ട മധുസാറിന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ എന്നായിരുന്നു മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചത്.
അര നൂറ്റാണ്ടിലധികമായി മലയാള സിനിമക്കൊപ്പം ജീവിക്കുന്ന അതുല്യ നടന് പിറന്നാൾ ആശംസകൾ നേർന്ന് നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു.
രാമു കാര്യാട്ട് സംവിധാനം ചെയ്ത മൂടുപടമായിരുന്നു ആദ്യ മലയാള സിനിമയെങ്കിലും. 1963 ല്‍ എന്‍ എന്‍ പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാല്പാടുകള്‍ എന്ന സിനിമയാണ് മധുവിന്റേതായി ആദ്യം പുറത്തിറങ്ങിയ സിനിമ.
വളരെ ചെറുപ്പ കാലം മുതല്‍ തന്നെ നാടക രംഗത്ത് സജീവമായിരുന്നു അദ്ദേഹം. പിന്നീട് നാടകാഭിനയവും രചനയുമായി നാട്ടിലെ കലാസമിതിയുടെ അരങ്ങുകളില്‍ നിറഞ്ഞു നിന്നു.
ചെമ്മീന്‍ എന്ന സിനിയിലെ കൊച്ചു മുതലാളിയെ ഒരു മലയാളിയും മറക്കില്ല. പരീക്കുട്ടി എന്ന കഥാപാത്രം അത്രമേല്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
തകഴി, ബഷീര്‍, എം.ടി., എസ്.കെ. പൊറ്റെക്കാട്, തോപ്പില്‍ഭാസി, ഉറൂബ്, കേശവദേവ്, മലയാറ്റൂര്‍ തുടങ്ങി പ്രശസ്തരായ എഴുത്തുകാരുടെ തൂലികയില്‍ പിറന്ന കഥാപാത്രങ്ങളെ പ്രേക്ഷകരിലേയ്ക്ക് എത്തിക്കാനുളള ഭാഗ്യം കിട്ടിയ നടനായിരുന്നു മധു.
തിരുവനന്തപുരത്തിന്റെ മേയറായിരുന്ന പരമേശ്വരന്‍ പിള്ളയുടെയും തങ്കമ്മയുയുടേയും മൂത്ത മകനായി 1933 സെപ്റ്റംബർ 23നായിരുന്നു മധുവിന്റെ ജനനം.
മാധവൻ നായര്‍ എന്നാണ് മുഴുവന്‍ പേര്.
സര്‍വകലാശാലയില്‍നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി തുടര്‍ന്ന് നാഗര്‍കോവിലിലെ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജില്‍ അദ്ധ്യാപകനായി ജോലി ചെയ്തു.
അവിടെ നിന്നും മൂന്നു വര്‍ഷത്തെ നാടകപഠനത്തിനായി സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്നു. അവിടുന്ന് പുറത്തിറങ്ങിയ ഈ അതുല്യ പ്രതിഭ മലയാള സിനിമയ്ക്ക് ഒരു മുതല്‍ കൂട്ടായി മാറുന്ന കാഴ്ചയാണ് മലയാളക്കര പിന്നീട് കണ്ടത്.
ചെമ്മീനിലെ പരീക്കുട്ടി, ഭാര്‍ഗ്ഗവീനിലയത്തിലെ സാഹിത്യകാരന്‍, ഉമ്മാച്ചുവിലെ മായന്‍, ഓളവും തീരത്തിലെ ബാപ്പുട്ടി, നാടന്‍ പ്രേമത്തിലെ ഇക്കോരന്‍, വിത്തുകളിലെ ഉണ്ണി, ഏണിപ്പടികളിലെ കേശവപ്പിള്ള, കള്ളിച്ചെല്ലമ്മയിലെ അത്രാം കണ്ണ് തുടങ്ങി പ്രേഷക മനസ്സില്‍ വേരുറപ്പിച്ച കഥാപാത്രങ്ങളായിരുന്നു.
അഭിനയത്തിനു പുറമേ നിര്‍മ്മാണം, സംവിധാനം എന്നീ മേഖലകളിലും കഴിവു തെളിയിച്ച മധുവിന് 2013-ല്‍ രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചിരുന്നു. ദേശീയ ചലച്ചിത്ര അവാർഡ്, സംസ്ഥാന ചലച്ചിത്ര അവാർഡ്, ജെ.സി ഡാനിയേൽ അവാർഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിരുന്നു. മാജിക് മൊമന്റ്സ് എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.