5 ജി മല്‍സരത്തില്‍ യൂറോപ്പ് പിന്നിലെന്ന് ഇഐബി പഠനം; നടപടികള്‍ വേഗത്തിലാക്കിയില്ലെങ്കില്‍ ദോഷം ചെയ്യുമെന്നും മുന്നറിയിപ്പ്
ഡബ്ലിന്‍ : അതിവേഗം കുതിയ്ക്കുന്ന ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയ്ക്കൊപ്പമെത്തുന്നതില്‍ യൂറോപ്പ് തെല്ല് പിന്നിലാണെന്ന് യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് (ഇഐബി) പഠനം.
യൂറോപ്പിന് 5 ജി ടെക്നോളജി നടപടികള്‍ ത്വരിതപ്പെടുത്തേണ്ടതുണ്ടെന്നും ഇഐബി മുന്നറിയിപ്പ് നല്‍കുന്നു.5 ജി വിന്യാസവും 6 ജി ഗവേഷണവും വര്‍ദ്ധിപ്പിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ പുതിയ പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ 900 മില്യണ്‍ യൂറോ നിക്ഷേപം പ്രഖ്യാപിച്ച അതേ ദിവസം തന്നെയാണ് റിപ്പോര്‍ട്ട് വന്നതെന്നതും യാദൃശ്ചികമായി.
അഞ്ചാം തലമുറ മൊബൈല്‍ സാങ്കേതികവിദ്യ 4 ജി യേക്കാള്‍ വേഗത്തിലുള്ള ഡാറ്റാ കൈമാറ്റത്തിനും വലിയ അളവിലുള്ള ട്രാഫിക്കും അനുവദിക്കുന്നു. കൂടുതല്‍ ഉപകരണങ്ങളെ പരസ്പരം ബന്ധിപ്പിക്കാനും സംസാരിക്കാനും അത് പ്രാപ്തമാക്കുന്നു.സ്വയം ഡ്രൈവിംഗ് കാറുകള്‍, റിമോട്ട് സര്‍ജറികള്‍, ഫാക്ടറികള്‍, ഹോളോഗ്രാഫിക് ആശയവിനിമയങ്ങള്‍ എന്നിവ ശക്തിപ്പെടുത്താന്‍ നൂതന 5 ജി സാങ്കേതികവിദ്യയ്ക്ക് കഴിയും.ഈ പശ്ചാത്തലത്തില്‍ യൂറോപ്പിന്റെ പിന്നോക്കം പോക്ക് ഏറെ ശ്രദ്ധിക്കേണ്ടതാണെന്ന് പഠനം ഓര്‍മ്മിപ്പിക്കുന്നു.
സാമ്പത്തിക സഹായത്തില്‍ വളരെ പിന്നില്‍
5 ജി സാങ്കേതികവിദ്യയ്ക്ക് ധനസഹായം നല്‍കുന്നതില്‍ യൂറോപ്പ് യുഎസിനും ചൈനയ്ക്കും പിന്നിലാണെന്ന് പഠനം വെളിപ്പെടുത്തുന്നു.5 ജി ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളര്‍ച്ചാ ഘട്ടത്തിലുള്ള സാമ്പത്തിക സഹായം പ്രതിവര്‍ഷം 4.6 ബില്യണ്‍ മുതല്‍ 6.6 ബില്യണ്‍ യൂറോ വരെ കുറവാണ്. 5 ജി യിലേയ്ക്കെത്താനുള്ള യൂറോപ്പിന്റെ പ്രധാന വെല്ലുവിളിയെയാണ് ഇത് കാണിക്കുന്നത്. കൂടാതെ 5 ജി ല്‍സരത്തില്‍ യൂറോപ്പ് പിന്നിലാകാനുള്ള സാധ്യതയും ഇതുണ്ടാക്കുന്നുവെന്ന് ഇഐബി-യൂറോപ്യന്‍ കമ്മീഷന്‍ സംയുക്ത റിപ്പോര്‍ട്ട് പറയുന്നു.സ്വകാര്യ, പൊതു നിക്ഷേപകരുടെ റിസ്‌ക് ഒഴിവാക്കലും 5 ജി സാങ്കേതികവിദ്യകളെക്കുറിച്ച് ധാരണയില്ലാത്തതുമെല്ലാം ധനകാര്യ വിടവിന് കാരണമായെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
യുഎസുമായി താരതമ്യപ്പെടുത്തുമ്പോള്‍ യൂറോപ്യന്‍ യൂണിയനില്‍ വളരെയധികം ടെക് ഹബുകളുണ്ട്. സാന്‍ ഫ്രാന്‍സിസ്‌കോയും ന്യൂയോര്‍ക്കുമാണ് നിക്ഷേപകരുടെ നഗരങ്ങളെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.എന്നാല്‍ യൂറോപ്യന്‍ യൂണിയനില്‍, സ്റ്റാര്‍ട്ടപ്പുകള്‍ അയര്‍ലണ്ട് ഉള്‍പ്പെടെ 15 രാജ്യങ്ങളിലായി ചിതറിക്കിടക്കുക്കുകയാണ്.അവ ‘മെഡ്‌ടെക്’, ‘ഹാര്‍ഡ്വെയര്‍’ ഹബ് ആയി പട്ടികപ്പെടുത്തിയിരിക്കുന്നു.
യൂറോപ്യന്‍ വിസി (വെഞ്ച്വര്‍ ക്യാപിറ്റല്‍) മാര്‍ക്കറ്റില്‍, മിക്ക ഫണ്ട് മാനേജര്‍മാരും ഭൂഖണ്ഡത്തേക്കാളുപരി ഒരൊറ്റ രാജ്യത്തിലേക്കോ പ്രദേശത്തിലേക്കോ ആണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇക്കാരണത്താല്‍, അവ താരതമ്യേന ചെറുതാകുന്നു. മാത്രമല്ല, ദീര്‍ഘകാല സാമ്പത്തിക നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ആവശ്യമായ സ്‌കെയില്‍ നേടാനും പാടുപെടുന്നു.
അയര്‍ലണ്ടും 5ജിയും : എയര്‍സ്പാനും വരുന്നു
ത്രീ അയര്‍ലണ്ട് ഉള്‍പ്പടെ രാജ്യത്തെ മൂന്ന് പ്രധാന മൊബൈല്‍ ദാതാക്കള്‍ കഴിഞ്ഞ വര്‍ഷം 5 ജി ഓഫറുകള്‍ ആരംഭിച്ചു. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഫലമായി ചൈനീസ് ടെക് ഭീമനായ ഹുവാവേയില്‍ നിന്ന് സ്വീഡന്റെ എറിക്സണിലേക്ക് ത്രീ അയര്‍ലണ്ട് മാറിയിട്ടുണ്ട്.
യുഎസ് മൊബൈല്‍ നെറ്റ്വര്‍ക്ക് ദാതാവായ എയര്‍സ്പാന്‍ അയര്‍ലണ്ടിലെ പ്രധാന മൊബൈല്‍ ദാതാക്കള്‍ക്കുള്ള പുതിയ ചലഞ്ചറാണെന്നും പഠനം എടുത്തുപറയുന്നു.2017 ല്‍ അയര്‍ലണ്ടിലെ 3.6 ജിഗാഹെര്‍ട്‌സ് സ്‌പെക്ട്രത്തില്‍ വോഡഫോണ്‍, ഈര്‍, ത്രീ എന്നിവയ്‌ക്കൊപ്പം 15 വര്‍ഷത്തെ ലൈസന്‍സിനായി ഈ കമ്പനിയും ബിഡ് നേടിയിരുന്നു.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.