തിരുവനന്തപുരം : കോവിഡ് കാരണം മുടങ്ങിയ 2020ലെ രാജ്യാന്തരചലച്ചിത്രമേള ഫെബ്രുവരി 10ന് തുടങ്ങും. തിരുവനന്തപുരത്തിന് പകരം നാല് മേഖലകളിലായിട്ടാകും 25ാമത് ഐഎഫ്എഫ്‌കെ നടക്കുക. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിലാണ് മേള. പങ്കെടുക്കുന്നവര്‍ക്കെല്ലാം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
കൂടാതെ, ഡെലിഗേറ്റ് ഫീ കുറച്ച് 750 രൂപയാക്കിയിട്ടുണ്ട്. അതത് മേഖലകളില്‍ തന്നെ ആളുകള്‍ പ്രവേശനം നേടണം. ഓരോ ജില്ലയിലും അഞ്ച് തിയേറ്ററുകളിലായി അഞ്ച് ദിവസം വീതമായിരിക്കും മേള നടക്കുക.ഒരു തിയേറ്ററില്‍ 200 പേര്‍ക്ക് മാത്രമേ പ്രവേശനം നല്‍കൂ.
ഫെബ്രുവരി 10ന് തിരുവനന്തപുരത്താണ് മേളയുടെ ഉദ്ഘാടനം. 14വരെ മേള നടക്കും. തുടര്‍ന്ന് എറണാകുളത്ത് ഫെബ്രുവരി 17 മുതല്‍ 21 വരെയും തലശ്ശേരിയില്‍ ഫെബ്രുവരി 23 മുതല്‍ 27 വരെയും പാലക്കാട്ട് മാര്‍ച്ച് 1 മുതല്‍ അഞ്ച് വരെയും മേള നടക്കും.
ഐഎഫ്എഫ്‌കെയില്‍ വിദേശപ്രതിനിധികള്‍ ഇത്തവണ നേരിട്ട് പങ്കെടുക്കില്ല. പകരം, ഓണ്‍ലൈന്‍ വഴിയാകും സംവാദങ്ങളെല്ലാം നടക്കുക. ഒരു ദിവസം നാല് സിനിമകളാകും ഒരു തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുക. ഓരോ ഷോയ്ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ പ്രവേശിപ്പിക്കൂ. 1,500 പേര്‍ വീതം ഡെലിഗേറ്റുകളെ മാത്രമേ ഓരോ മേഖലകളിലേക്കും അനുവദിക്കൂ. ഓണ്‍ലൈന്‍ ബുക്കിംഗ് വഴിയായിരിക്കും പ്രവേശനം.
മത്സര വിഭാഗത്തിലേക്ക് മലയാളത്തില്‍ നിന്നും ഇത്തവണ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’, ജയരാജ് സംവിധാനം ചെയ്ത ‘ഹാസ്യം’ എന്നീ ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. മത്സര വിഭാഗത്തിലേക്ക് ഇന്ത്യന്‍ സിനിമയിലെ മറ്റ് ഭാഷകളില്‍ നിന്നുള്ള രണ്ട് ചിത്രങ്ങളും തിരഞ്ഞെടുത്തു. മോഹിത് പ്രിയദര്‍ശി സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ ‘കോസ’, അക്ഷയ് ഇന്ദിക്കര്‍ സംവിധാനം ചെയ്ത മറാത്തി ചിത്രമായ ‘സ്ഥല്‍ പുരാണ്‍ (Chronicle of Space)’ എന്നിവയാണ് തിരഞ്ഞെടുത്തത്.
മലയാളം സിനിമ ടുഡേ വിഭാഗത്തിലേക്ക് 12 സിനിമകള്‍ തിരഞ്ഞെടുത്തു. ഗ്രാമവൃക്ഷത്തിലെ കുയില്‍ (കെ പി കുമാരന്‍), സീ യു സൂണ്‍ (മഹേഷ് നാരായണന്‍), സന്തോഷത്തിന്റെ ഒന്നാം രഹസ്യം (ഡോണ്‍ പാലത്തറ), ലവ് (ഖാലിദ് റഹ്മാന്‍), മ്യൂസിക്കല്‍ ചെയര്‍ (വിപിന്‍ ആറ്റ്‌ലി), അറ്റെന്‍ഷന്‍ പ്‌ളീസ് (ജിതിന്‍ ഐസക് തോമസ്), വാങ്ക് (കാവ്യ പ്രകാശ്), പക – ദ് റിവര്‍ ഓഫ് ബ്ലഡ് (നിതിന്‍ ലൂക്കോസ്), തിങ്കളാഴ്ച്ച നിശ്ചയം (സെന്ന ഹെഗ്‌ഡെ), പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ (ശംഭു പുരുഷോത്തമന്‍), ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ (രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍), കയറ്റം (സനല്‍കുമാര്‍ ശശിധരന്‍) എന്നീ ചിത്രങ്ങളാണ് മലയാളം സിനിമ ടുഡേ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തിലേക്ക് ഏഴ് സിനിമകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. മൈല്‍ സ്റ്റോണ്‍/ മീല്‍ പത്തര്‍ (ഇവാന്‍ ഐര്‍; ഹിന്ദി, പഞ്ചാബി, കശ്മീരി), നാസിര്‍ (അരുണ്‍ കാര്‍ത്തിക്; തമിഴ്), കുതിരവാല്‍ (മനോജ് ജാഹ്‌സണ്‍, ശ്യാം സുന്ദര്‍; ഹിന്ദി ), ദ ഡിസിപ്ള്‍ (ചൈതന്യ തമ്ഹാനെ; മറാഠി, ഹിന്ദി, ഇംഗ്ലീഷ്, ബാംഗാളി), പിഗ്/ സേത്തുമാന്‍ (തമിഴ്; തമിഴ്), പിങ്കി എല്ലി? ( പ്രിഥ്വി കൊനാനൂര്‍;കന്നഡ), ലൈല ഔര്‍ സാത്ത് ഗീത് (പുഷ്‌പേന്ദ്ര സിങ്; ഹിന്ദി) എന്നിവയാണ് ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
1956 മധ്യതിരുവിതാംകൂര്‍ (ഡോണ്‍ പാലത്തറ; മലയാളം), ബിരിയാണി (സജിന്‍ ബാബു; മലയാളം), വാസന്തി (ഷിനോസ് റഹ്മാന്‍, സജാസ് റഹ്മാന്‍; മലയാളം), മയാര്‍ ജോന്‍ജാല്‍ (ഇന്ദ്രാണി റോയ് ചൗധരി; ബംഗാളി), ഇല്ലിരലാരെ അല്ലിഗെ ഹോഗലാരെ (ഗിരീഷ് കാസറവള്ളി; കന്നഡ), അപ് അപ് & അപ് (ഗോവിന്ദ് നിഹലാനി; ഇംഗ്ലീഷ്) എന്നിവയാണ് ‘കലൈഡോസ്‌കോപ്പ്’ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.