കോവിഡ് പ്രതിസന്ധി കാലത്ത് ജോലി നഷ്ടപ്പെട്ടവര്‍ക്ക് 2,268 യൂറോ റിഡന്‍ഡന്‍സി പേയ്മെന്റ്
സര്‍ക്കാര്‍ ധനസഹായ പദ്ധതിയില്‍ ഇപ്പോള്‍ അപേക്ഷിക്കാം
ഡബ്ലിന്‍ : കോവിഡ് പ്രതിസന്ധി കാലത്ത് ജോലി നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായവുമായി സര്‍ക്കാര്‍ പദ്ധതി. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം പിരിച്ചുവിട്ടവര്‍ക്ക് ആശ്വാസമായി 2,268 യൂറോ റിഡന്‍ഡന്‍സി പേയ്‌മെന്റ് നല്‍കുന്ന പദ്ധതിയാണ് നടപ്പിലാവുന്നത്.
സാമ്പത്തിക സഹായം പൂര്‍ണ്ണമായും നികുതിരഹിതമായിരിക്കുമെന്നതാണ് ഈ പദ്ധതിയുടെ പ്രധാന ആകര്‍ഷണം. തൊഴിലുടമയുടെ നേതൃത്വത്തില്‍ സാമൂഹ്യ സുരക്ഷാ വകുപ്പാണ് പദ്ധതി നടപ്പിലാക്കുക.
ഉപ പ്രധാനമന്ത്രിയും എന്റര്‍പ്രൈസ് മന്ത്രിയുമായ ലിയോ വരദ്കര്‍ പ്രഖ്യാപിച്ച പദ്ധതിയുടെ സഹായം ലഭിക്കുന്നതിന് ഇപ്പോള്‍ വെല്‍ഫെയര്‍ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. 2020 മാര്‍ച്ച് 13നും 2022 ജനുവരി 31നുമിടയില്‍ പൊതുജനാരോഗ്യ നിയന്ത്രണങ്ങള്‍ കാരണം ജോലിയില്‍ തുടരാനാവാതെ പിരിച്ചുവിടപ്പെട്ട തൊഴിലാളികള്‍ക്കാണ് പദ്ധതിയില്‍ ആനുകൂല്യം ലഭിക്കുക. യോഗ്യരായ ജീവനക്കാര്‍ക്കു വേണ്ടി തൊഴിലുടമയോ ലിക്വിഡേറ്ററോ ബന്ധപ്പെട്ട ഓഫീസറോ ആയിരിക്കണം പേയ്‌മെന്റിനായി അപേക്ഷിക്കേണ്ടത്.
പകര്‍ച്ച വ്യാധികാലത്ത് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി നിര്‍ത്തലാക്കിയ സ്ഥാപനങ്ങളിലെ സഹായിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ലിയോ വരദ്കര്‍ വ്യക്തമാക്കി.
തൊഴിലാളികള്‍ക്ക് പേയ്‌മെന്റുകള്‍ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനൊപ്പം തൊഴിലുടമകളുടെ ചെലവുകള്‍ ലഘൂകരിക്കാനും പദ്ധതിയിലൂടെ കഴിയും. തൊഴിലുടമകള്‍ക്കും ജീവനക്കാര്‍ക്കും ഒരു പോലെ പ്രയോജനകരമായിരിക്കും സ്‌കീമെന്നും വരദ്കര്‍ പറഞ്ഞു. പദ്ധതിയെ സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് :www.gov.ie/crlp.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x
Comments are closed.