സ്മാര്‍ട്ട് ഫോണുകള്‍ തിന്നുന്ന മണിക്കൂറുകള്‍… ഓരോ മനുഷ്യനും സ്മാര്‍ട്ട് ഫോണുകളില്‍ ചെലവഴിക്കുന്നത് ശരാശരി ഒമ്പത് വര്‍ഷങ്ങളെന്ന് പഠനം…
മൊബൈല്‍ ഫോണുകളില്ലാതെ ജീവിക്കാന്‍ പറ്റാത്ത ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. പലരും ദിവസത്തില്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്നത് സ്മാര്‍ട്ട് ഫോണിനൊപ്പമായിരിക്കും.
വെറുതെ ഇരിക്കുമ്പോഴും ഇടയ്ക്ക് ഫോണ്‍ ചെക്ക് ചെയ്യാതെ സമാധാനമില്ലാത്തവരാണ് നമ്മളില്‍ പലരും. എന്നാല്‍, സ്മാര്‍ട്ട് ഫോണ്‍ നമ്മുടെ ജീവിതത്തില്‍ കവര്‍ന്നെടുക്കുന്ന സമയത്തിന്റെ കണക്ക് ഞെട്ടിക്കുന്നതാണ്.
അടുത്തിടെയുള്ള ഒരു പഠനം വെളിപ്പെടുത്തുന്നത് ഒരു ശരാശരി മനുഷ്യന്‍ തന്റെ ജീവിതത്തില്‍ സ്മാര്‍ട്ട്ഫോണ്‍ സ്‌ക്രീനില്‍ ചിലവഴിക്കുന്ന സമയം അളന്ന് തിട്ടപ്പെടുത്തിയാല്‍ അത് ഒമ്പത് വര്‍ഷത്തോളം വരുമെന്നാണ്. അതായത് ഒമ്പത് വര്‍ഷത്തോട് തുല്യമായ സമയം നമ്മള്‍ ഫോണില്‍ ചിലവഴിക്കുകയാണ്. മൊബൈലുകള്‍ താരതമ്യം ചെയ്യുന്ന വെബ്സൈറ്റായ വിസില്‍ഔട്ട് നടത്തിയ പഠനത്തിന്റേതാണ് പുതിയ കണ്ടെത്തല്‍.
മനുഷ്യന്‍ അവെന്റ ജീവിതകാലത്ത് 76,500 മണിക്കൂറുകള്‍ സ്മാര്‍ട്ട്ഫോണുകളില്‍ മാത്രം ചെലവഴിക്കുന്നുണ്ടത്രേ. ഇത് കണക്കുകൂട്ടിയാല്‍ 8.74 വര്‍ഷക്കാലം വരും. 1000 പേരിലാണ് അവര്‍ സര്‍വേ നടത്തിയത്.
ജെനറേഷന്‍ എക്സ് (1965 -1980), മില്ലേനിയല്‍സ് (1981- 1996), ബേബി ബൂമേര്‍സ് 1946 -1964), എന്നിങ്ങനെ മൂന്ന് കാറ്റഗറികളിലായി ആളുകളെ തരംതിരിച്ചു. തുടര്‍ന്ന് അവരോട് സ്‌ക്രീന്‍ ടൈം അടിസ്ഥാനമാക്കി ഒരു ദിവസം എത്ര നേരം സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുമെന്ന് ചോദിച്ച് മനസിലാക്കി.
ഈ രീതിയില്‍ ദിവസേനയുള്ള സ്മാര്‍ട്ട്ഫോണ്‍ ഉപയോഗത്തിന്റെ ശരാശരി സമയം ശേഖരിച്ചു. അതിനെ ഇന്നത്തെ ലോകത്ത് ഒരു സ്മാര്‍ട്ട്ഫോണ്‍ ലഭിക്കുന്നതിനുള്ള ശരാശരി പ്രായവുമായി (10 വര്‍ഷം) സംയോജിപ്പിക്കുകയും ചെയ്തു.
എണ്‍പതുകളുടെ ഒടുവിലും തൊണ്ണൂറുകളുടെ തുടക്കത്തിലും ജനിച്ചവരാണ് ഏറ്റവും കൂടതല്‍ സമയം (3.7 മണിക്കൂര്‍) മൊബൈല്‍ സ്‌ക്രീനില്‍ ഉറ്റുനോക്കുന്നതെന്നാണ് പഠനം പറയുന്നത്.
പ്രായം കൂടിയവരാണ് ഉപയോഗത്തില്‍ (2.5 മണിക്കൂര്‍) ഏറ്റവും പിറകിലുള്ളത്. അതിന്റെ ഇടയിലുള്ള ജെനറേഷന്‍ എക്സ് വിഭാഗക്കാര്‍ 3 മണിക്കൂറും സ്മാര്‍ട്ട്ഫോണില്‍ മുഴുകുന്നു.
പബ്ജി മൊബൈല്‍ പോലുള്ള ഗെയിമുകളും ഒപ്പം ഫേസ്ബുക്കും യൂട്യൂബുമൊക്കെയുള്ള പുതിയ കാലത്ത് ലോക്ഡൗണ്‍ എന്ന പ്രതിഭാസം കൂടിയെത്തിയതോടെ സ്‌ക്രീന്‍ ടൈം ദിവസവും അഞ്ചും ആറും മണിക്കൂറുകളായി മാറിയിട്ടുമുണ്ട്.
സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം ഗണ്യമായി കൂടുന്നുണ്ടെന്നും അത് മനുഷ്യന് അപകടകരമാണെന്നും മുന്‍കൂട്ടി കണ്ടുകൊണ്ട് നിര്‍മാതാക്കള്‍ തന്നെ ചില സോഫ്റ്റ്വെയര്‍ ടൂളുകള്‍ ഉപയോഗം കുറക്കാനായി അവതരിപ്പിച്ചതിനും നാം സാക്ഷിയായി. ഗൂഗ്ള്‍ ഡിജിറ്റല്‍ വെല്‍ബീങ് പോലുള്ള സംവിധാനം കൊണ്ടുവന്നെങ്കിലും ലോക്ഡൗണ്‍ കാലത്ത് അവയെല്ലാം ഫലം കണ്ടുവോ എന്നതിന് വേറെ പഠനം നടത്തേണ്ടിയിരിക്കുന്നു.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.