സൂര്യ- സുധാ കൊങ്കര ടീമിന്റെ സുരറൈ പോട്രാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിനിമാ ആസ്വാദകര്‍ക്കിടയിലെ ചര്‍ച്ച. ആകാശത്തോളം വളര്‍ന്ന ഒരു സ്വപ്നത്തിന്റെ കഥ മനോഹരമായി പറഞ്ഞുവയ്ക്കുന്ന സിനിമാ റിലീസ് ചെയ്തത് കോവിഡ് കാലത്തായതിനാല്‍ നഷ്ടമായത് കിടിലന്‍ തീയേറ്റര്‍ എക്‌സ്പീരിയന്‍സാണ്. സൂര്യ എന്ന നടന്റെ ഗംഭീര തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം.
മത്സരിച്ചുള്ള അഭിനയമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. മാര എന്ന കഥാപാത്രത്തിലൂടെ സൂര്യ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിലൊന്ന് നടത്തുമ്പോള്‍ നായിക റോള്‍ മികവുറ്റതാക്കി മലയാളി താരം അപര്‍ണ ബാലമുരളിയും നിറഞ്ഞു നില്‍ക്കുന്നു. അഭിനയിച്ച വേഷങ്ങളൊന്നും മോശമാകാത്ത ഉര്‍വശിയും വിസ്മയിപ്പിക്കുന്ന അഭിയമാണ് ചിത്രത്തില്‍ കാഴ്ചവച്ചിരിക്കുന്നത്.
തമിഴ്‌നാട്ടിലെ ഗ്രാമീണ യുവാവായ നെടുമാരന്റെ സ്വപ്നങ്ങളെ എത്തിപ്പിടിക്കാനുള്ള യാത്രയുടെ കഥയാണ് ഒറ്റവാക്കില്‍ സൂരറൈ പോട്ര്. എല്ലാവര്‍ക്കും സഞ്ചരിക്കാനാകുന്ന മിതമായ ടിക്കറ്റ് നിരക്കുള്ള ഒരു വിമാന കമ്പനി എന്ന സ്വപ്നമാണ് മാരനെ മുന്നോട്ട് നയിക്കുന്നത്. അത്തരമൊരു സ്വപ്നം കാണാന്‍ അയാളെ പ്രേരിപ്പിക്കുന്നത് ജീവിതത്തില്‍ നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളാണ്. വിമാനം ലാന്‍ഡിങുമായി ബന്ധപ്പെട്ടുണ്ടാകുന്ന വലിയൊരു പ്രതിസന്ധി കാണിച്ചുകൊണ്ടാണ് സിനിമ തുടങ്ങുന്നത്.
ആദ്യ സെക്കന്റുകളില്‍ തന്നെ പ്രേക്ഷകനെ ത്രില്ലര്‍ വഴിയിലേക്ക് നയിക്കാന്‍ സംവിധായികയ്ക്ക് കഴിയുന്നു. പതിയെ മാരന്റെ ജീവിതത്തിലേക്ക് കയറുന്ന സിനിമ മാരന്റെ ജീവിതത്തിലെ വിവിധ കാലഘട്ടങ്ങള്‍ ഇടകലര്‍ത്തി കഠ പറയുന്നു. സാധാരണക്കാരനു സഞ്ചരിക്കാവുന്ന വിമാനം എന്ന സ്വപ്നത്തിനായി അയാള്‍ പലവാതിലുകള്‍ മുട്ടുകയും പരാജയപ്പെടുകയും ചെയ്യുന്നു. കോര്‍പ്പറേറ്റ് വിമാനകമ്പനി മുതലാളികളില്‍ നിന്നും അവരുടെ ശിങ്കടികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും മാരന് ഒരുപാട് അവഗണനകള്‍ നേരിടേണ്ടി വരുന്നു. സഹായ കൈകളുമായെത്തുന്ന പലരും ചതിക്കുന്നു. ഓരോ തവണ പരാജയപ്പെടുമ്പോഴും അയാള്‍ വിജയത്തിനായി വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.
പണത്തിനായി ബുദ്ധിമുട്ടിയ അയാളുടെ സ്വപ്നത്തിന് ചിറകുനല്‍കാന്‍ ഒരുനാട് മുഴുവന്‍ കൂടെകൂടുന്ന കാഴ്ച ഒരേ സമയം പ്രേക്ഷകനില്‍ സന്തോഷവും കണ്ണീരും നിറയ്ക്കുന്നുണ്ട്.
മാരന്റെ ഭാര്യയായ സുന്ദരിയുടെ റോളില്‍ അപര്‍ണ ബാലമുരളി കോളിവുഡിലെ തന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സാണ് നടത്തുന്നത്. നായകന് പിന്നില്‍ നില്‍ക്കാതെ അഭിനയമികവില്‍ നായകനൊപ്പം മികച്ചുനില്‍ക്കുകയാണ് അപര്‍ണ ഇവിടെ. പ്രതിനായക കഥാപാത്ര വേഷത്തിലെത്തിയ ബോളിവുഡ് താരം പരേഷ് റാവലിന്റെ പ്രകടനം എടുത്തുപറയേണ്ടത് തന്നെ. സൂര്യയുടെ അമ്മയുടെ റോളില്‍ ഉര്‍വശി ഒരിക്കല്‍ കൂടി പ്രേക്ഷകരെ തന്റെ മാജിക്കല്‍ ആക്ടിങ് കൊണ്ട് വിസ്മയിപ്പിക്കുന്നുണ്ട്.
ജി.വി. പ്രകാശ് കുമാറിന്റെ സംഗീതം ചിത്രത്തിന്റെ കഥ പറച്ചിലിന്റെ താളത്തിന് കൂടുതല്‍ സൗന്ദര്യം നല്‍കുന്നു. എയര്‍ ഡെക്കാന്‍ ഉടമയായ ക്യാപ്റ്റന്‍ ജി.ആര്‍.ഗോപിനാഥന്റെ ജീവിതമാണ് ചിത്രത്തിനാധാരം. ജീവിതകഥയെ മികച്ചൊരു സിനിമയാക്കുന്നതില്‍ സംവിധായികയായ സുധി കൊങ്കരയ്ക്ക് കഴിഞ്ഞു.
കോവിഡ് പ്രതിസന്ധികള്‍ ഇല്ലായിരുന്നെങ്കില്‍ സൂപ്പര്‍ഹിറ്റ് ആകേണ്ട സിനിമയാണ് സൂരറൈ പോട്ര് എന്ന് പറയാം. കോവിഡ് കാലത്തെ തിയേറ്ററിന്റെ നഷ്ടവും ഒ.ടി.ടിയുടെ ഭാഗ്യവുമായി സൂരറൈ പോട്ര് മാറുന്നു. മികച്ച സിനിമകളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണിത്.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.