തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ് നായകനാവുന്ന ലോകേഷ് കനകരാജ് ചിത്രം ‘മാസ്റ്ററി’ന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി. യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. ‘സി യു സൂണ്‍’ എന്നാണ് വിവരം പങ്കുവച്ച ട്വീറ്റിനൊപ്പം ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാക്കളായ എക്‌സ്ബി ഫിലിം ക്രിയേറ്റേഴ്‌സും ചേര്‍ത്തിരിക്കുന്ന വാചകം.
തമിഴില്‍ ഈ വര്‍ഷത്തെ ഏറ്റവും പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രങ്ങളിലൊന്നായ ‘മാസ്റ്റര്‍’ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യാനുള്ള സമ്മര്‍ദ്ദമുണ്ടെന്ന് നിര്‍മ്മാതാവ് സേവ്യര്‍ ബ്രിട്ടോ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ തിയേറ്റര്‍ റിലീസ് എന്ന തീരുമാനത്തില്‍ നിന്ന് തങ്ങള്‍ വ്യതിചലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യുന്നതിനായി സമ്മര്‍ദ്ദങ്ങളും ഓഫറുകളും ഉണ്ടെങ്കിലും സിനിമാ വ്യവസായത്തിന്റെ നിലനില്‍പ്പിന് തിയേറ്ററുകള്‍ അത്യന്താപേക്ഷിതമാണ് എന്നതുകൊണ്ട് മാസ്റ്റര്‍ തിയേറ്ററുകളിലേ റിലീസ് ചെയ്യുകയുള്ളൂ’ – സേവ്യര്‍ ബ്രിട്ടോ പറഞ്ഞു. അതേസമയം, മാസ്റ്ററിന് തിയേറ്റര്‍ റിലീസേ പാടുള്ളൂ എന്ന കാര്യത്തില്‍ വിജയ് യും ഉറച്ച നിലപാടിലാണെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം റിലീസ് തീയതിയെക്കുറിച്ച് നിര്‍മ്മാതാവ് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ചിത്രം പൊങ്കല്‍ റിലീസ് ആയി എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
# MasterPongal എന്ന ഹാഷ് ടാഗും നിലവില്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആണ്. റിലീസ് തീയ്യതിയെക്കുറിച്ച് വരും ദിവസങ്ങളില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശവും ഇതിനകം വിറ്റുപോയിട്ടുണ്ട്. ട്രാവന്‍കൂര്‍ ഏരിയയിലെ വിതരണാവകാശം നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിനും കൊച്ചിന്‍മലബാര്‍ ഏരിയയുടെ വിതരണാവകാശം ഫോര്‍ച്യൂണ്‍ സിനിമാസിനുമാണ്.
വിജയ്‌യും വിജയ് സേതുപതിയും ആദ്യമായൊന്നിക്കുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയത്ത് തന്നെ ചിത്രത്തിന് വലിയ പിന്തുണ ലഭിച്ചിരുന്നു. ‘കൈതി’യുടെ വന്‍ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും മാസ്റ്റര്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നു.
മാളവിക മോഹന്‍ ആണ് ചിത്രത്തിലെ നായിക. ശന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ ജെറമിയ, ബ്രിഗദ, ഗൗരി കിഷന്‍, അര്‍ജുന്‍ ദാസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഛായാഗ്രഹണം സത്യന്‍ സൂര്യന്‍.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.