head1
head3

രാജസ്ഥാനിലെ പെണ്‍ ഭ്രൂണഹത്യയുടെ കഥയുമായി ‘പിപ്പലാന്ത്രി’ വരുന്നു

പുതുമുഖ താരങ്ങളെ അണിനിരത്തി പെണ്‍ ഭ്രൂണഹത്യയുടെ കഥ പറയുന്ന ‘പിപ്പലാന്ത്രി’ റിലീസിനൊരുങ്ങി. രാജസ്ഥാനില്‍ ചിത്രീകരിച്ച ഈ സിനിമ സിക്കമോര്‍ ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ നവാഗതനായ ഷോജി സെബാസ്റ്റിയനാണ് സംവിധാനം ചെയ്യുന്നത്.

സിനിമയിലെ ഗാനം കഴിഞ്ഞദിവസം മലയാളത്തിലെ താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. സാമൂഹിക ദുരാചാരമായ പെണ്‍ഭ്രൂണഹത്യയുടെ രഹസ്യങ്ങള്‍ തേടിയുള്ള പ്രയാണമാണ് ‘പിപ്പലാന്ത്രി’യുടെ കഥാസാരം. രാജസ്ഥാന്‍ ഗ്രാമങ്ങളില്‍ നടക്കുന്ന അനുഷ്ഠാനങ്ങളും ആചാരങ്ങളും തനതായി ചിത്രീകരിച്ചതാണ് ഈ സിനിമയുടെ പുതുമ. പൂര്‍ണമായും രാജസ്ഥാന്‍ കേന്ദ്രീകരിച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. അവിടങ്ങളിലെ ഗ്രാമീണരുടെ ആചാരങ്ങളും ആഘോഷങ്ങളും നേരിട്ട് ചിത്രീകരിക്കുകയായിരുന്നു.

‘സിനിമയ്ക്ക് വേണ്ടി പ്രത്യേകിച്ച് ഞങ്ങള്‍ ഒന്നും ഷൂട്ട് ചെയ്തിട്ടില്ല. ഗ്രാമങ്ങളിലെ പൗരാണിക ആചാരങ്ങള്‍ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രീകരിക്കാനായത്. കൃത്രിമമായിട്ടൊന്നും ചെയ്തിട്ടില്ല. ഗ്രാമ മുഖ്യന്മാരുടെ അനുമതിയോടെ നൂറുകണക്കിന് ഗ്രാമവാസികളെ അണിനിരത്തിയായിരുന്നു ചിത്രീകരണം’- സംവിധായകന്‍ ഷോജി സെബാസ്റ്റിയന്‍ പറയുന്നു.

പെണ്‍ഭ്രൂണഹത്യയുടെ സാമൂഹിക രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന സിനിമയിലൂടെ ഗൗരവമേറിയ സാമൂഹിക പ്രശ്‌നമാണ് ദൃശ്യവത്കരിക്കുന്നത്.

സുരേഷ് വേലത്ത്, ഋഷി, മിയശ്രീ, ജോഷി നായര്‍, രാകേഷ്ബാബു, കാവ്യ, ജോണ്‍ മാത്യൂസ് തുടങ്ങിയവരാണ് അഭിനേതാക്കള്‍. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍- പ്രഫ. ജോണ്‍ മാത്യൂസ്, ഛായാഗ്രഹണം- സിജോ എം. എബ്രഹാം, തിരക്കഥ – ഷെല്ലി ജോയ്, ഷോജി സെബാസ്റ്റ്യന്‍, എഡിറ്റര്‍ – ഇബ്രു എഫ്.എക്‌സ്, ഗാനരചന – ചിറ്റൂര്‍ ഗോപി, ജോസ് തോന്നിയാമല, സംഗീതം – ഷാന്റി ആന്റണി.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.